ദോഹ– പ്രതിരോധ നിര്‍മ്മാണ രംഗത്ത് പരസ്പര സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി നാല് രാജ്യങ്ങൾ സുപ്രധാന ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ഖത്തര്‍, പാകിസ്ഥാന്, ഇന്തോനേഷ്യ, തുര്‍ക്കി എന്നീ രാജ്യങ്ങളുടെ പ്രതിരോധ മന്ത്രാലയങ്ങളാണ് ‘ബദര്‍’ മെമ്മോറാണ്ടം എന്ന് വിളിക്കപ്പെടുന്ന ഈ ബഹുമുഖ കരാറിലെത്തിയത്.
കരാറിന്റെ പ്രധാന ലക്ഷ്യങ്ങൾ
- പ്രതിരോധ ശേഷി പരമാവധി വർധിപ്പിക്കുക.
- പ്രതിരോധ സാങ്കേതിക പരിശീലന മേഖലയിൽ പരസ്പര സഹകരണം ഉറപ്പാക്കുക.
- ആധുനിക പ്രതിരോധ രംഗത്തെ വെല്ലുവിളികളെ നേരിടാൻ ഗവേഷണത്തിലും വികസനത്തിലും ഒരുമിച്ച് പ്രവർത്തിക്കുക.
നാല് രാജ്യങ്ങളുടെയും പരസ്പര പൂരകമായ പങ്കിനെയും അവയുടെ പ്രതിരോധ-സാമ്പത്തിക പ്രാധാന്യത്തെയും പ്രതിഫലിപ്പിക്കുന്നതിനാണ് പൂർണ്ണചന്ദ്രനെ സൂചിപ്പിക്കുന്ന ‘ബദർ’ എന്ന പേര് ഈ മെമ്മോറാണ്ടത്തിന് നൽകിയിരിക്കുന്നത്. പ്രതിരോധ വ്യവസായങ്ങളുടെ വികസനത്തിൽ ഓരോ രാജ്യത്തിന്റെയും സവിശേഷ ശേഷികൾ പരമാവധി പ്രയോജനപ്പെടുത്താൻ ഈ കരാർ വഴി സാധിക്കും.
ഈ പങ്കാളിത്തം പങ്കാളികളായ രാജ്യങ്ങൾക്കിടയിൽ പ്രതിരോധ സഹകരണത്തിന്റെ പുതിയ സാധ്യതകൾ തുറക്കുമെന്നും, മേഖലയിലെ സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിൽ ഇത് നിർണായക പങ്കുവഹിക്കുമെന്നുമാണ് വിലയിരുത്തപ്പെടുന്നത്.



