മസ്കത്ത്– മിഡില്‍ ഈസ്റ്റില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനിടയിലും മേഖലയില്‍ നിന്നുള്ള എണ്ണ കയറ്റുമതിയില്‍ വര്‍ധനവ്. ഇറാനുമായുള്ള യു.എസ്-ഇസ്രായേല്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍, എണ്ണ നീക്കം തടസ്സങ്ങളില്ലാതെ തുടരുന്നതിനായി ബദല്‍ പൈപ്പ്ലൈനുകള്, ഓഫ്ഷോര്‍ ട്രാന്‍സ്ഫറുകള്‍, ടാങ്കര്‍ ഷട്ടില്‍ എന്നിവയെയാണ് ഉല്പാദക രാജ്യങ്ങള്‍ ഇപ്പോള്‍ ആശ്രയിക്കുന്നത്. ഹോര്‍മുസ് കടലിടുക്കിലെ പ്രതിസന്ധികളെ സൗദി അറേബ്യയും യു.എ.ഇയും എത്രത്തോളം ഫലപ്രദമായി നേരിട്ടു എന്ന് വ്യക്തമാക്കുന്നതാണ് ഈ കയറ്റുമതി വർധനവ്.
ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗതം തടസ്സപ്പെടുത്താന്‍ ഇറാന് ശ്രമങ്ങള്‍ നടത്തുന്നുണ്ടെങ്കിലും, യുദ്ധത്തിന് മുമ്പുള്ളതിനേക്കാള്‍ കൂടുതല്‍ എണ്ണ ഇപ്പോള്‍ മിഡില്‍ ഈസ്റ്റില്‍ നിന്ന് പുറത്തേക്ക് പോകുന്നതായി ഊര്‍ജ ഇന്റലിജന്‍സ് സ്ഥാപനമായ ‘കെപ്ലര്‍’ വ്യക്തമാക്കുന്നു. സൗദി അറേബ്യയും യു.എ.ഇയും ഹോര്‍മുസ് കടലിടുക്ക് മറികടക്കുന്ന പൈപ്പ്ലൈന് ശേഷികള്‍ വലിയ രീതിയിൽ വര്‍ധിപ്പിച്ചിട്ടുണ്ട്.
ഇതിന്റെ ഫലമായി മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള പ്രതിദിന എണ്ണ കയറ്റുമതി ഇപ്പോള്‍ 2.4 കോടി ബാരലായി ഉയർന്നു. യുദ്ധത്തിന് മുമ്പ് ഇത് 2.33 കോടി ബാരലായിരുന്നു. ഹോര്‍മുസ് കടലിടുക്കിന് പുറത്തുള്ള കയറ്റുമതി ടെര്‍മിനലുകളിലേക്ക് പൈപ്പ്ലൈനുകള് വഴി ക്രൂഡ് ഓയില്‍ കൂടുതല്‍ വഴിതിരിച്ചുവിട്ടാണ് ഈ നേട്ടം കൈവരിച്ചത്.
കയറ്റുമതി അളവ് ഉയർന്നതുകൊണ്ട് പ്രതിസന്ധികൾ പൂർണ്ണമായും ഒഴിവാക്കാനായിട്ടില്ലെന്ന് ഇന്റര്‍നാഷണല്‍ എനർജി ഏജന്‍സി മുന്നറിയിപ്പ് നൽകുന്നു. കപ്പലുകള്‍ക്ക് നേരെയുള്ള ഇറാന് ആക്രമണങ്ങളും സംഘര്‍ഷം കൂടുതൽ വഷളായേക്കാവുന്ന സാഹചര്യവും കാരണം ചരക്ക് നീക്കത്തിനുള്ള നിരക്കുകള്‍, യുദ്ധസാധ്യത മുൻനിർത്തിയുള്ള ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍, മറ്റ് അനുബന്ധ ചെലവുകൾ എന്നിവ കുതിച്ചുയർന്നിരിക്കുകയാണ്. സുരക്ഷാ ഭീഷണികൾ നിലനിൽക്കുമ്പോഴും ആഗോള വിപണിയിലെ എണ്ണ പ്രവാഹം നിലനിർത്താനുള്ള തീവ്ര ശ്രമത്തിലാണ് ഗൾഫ് രാജ്യങ്ങൾ.



