കുവൈത്ത് സിറ്റി: ജഹ്റ ഗവർണറേറ്റിലെ കബ്ദിൽ രണ്ട് പ്രവാസികളെ മുൻകൂട്ടി ആസൂത്രണം ചെയ്ത് കൊലപ്പെടുത്തുകയും രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്ത ഈജിപ്ത് സ്വദേശി അറസ്റ്റിലായി. കുവൈത്ത് ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
കബ്ദിലെ ഒരു ഫാം ഹൗസിൽ ആക്രമണം നടന്നതായി സുരക്ഷാ വിഭാഗത്തിന് വിവരം ലഭിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ രണ്ട് പ്രവാസികൾ കുത്തേറ്റു മരിച്ചതായും മറ്റ് രണ്ട് പേർക്ക് പരിക്കേറ്റതായും കണ്ടെത്തി. കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധം സംഭവസ്ഥലത്തിന് സമീപത്തുനിന്ന് തന്നെ കണ്ടെടുത്തിട്ടുണ്ട്.
ഊർജിതമായ അന്വേഷണത്തിലൂടെയും തെളിവെടുപ്പിലൂടെയും അതിവേഗം പ്രതിയെ തിരിച്ചറിയാൻ സുരക്ഷാ വകുപ്പുകൾക്ക് സാധിച്ചു. രാജ്യം വിടാൻ ശ്രമിക്കുന്നതിനിടയിൽ റിത്ഖ അതിർത്തി പോസ്റ്റിൽ വെച്ച് അതിർത്തി സുരക്ഷാ വിഭാഗവുമായി ചേർന്ന് നടത്തിയ നീക്കത്തിലൂടെയാണ് പ്രതി പിടിയിലായത്. തുടർനടപടികൾക്കായി ഇയാളെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.







