റിയാദ്- മേഖലയുടെ സുരക്ഷക്ക് ഭീഷണിയായി ഹൂത്തികൾ ഉപയോഗിച്ചിരുന്ന മൂന്ന് മിസൈൽ വിക്ഷേപണ പ്ലാറ്റ്ഫോമുകൾ സഖ്യസേന തകർത്തതായി സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽമാലികി അറിയിച്ചു. സിവിലിയന്മാർക്കും സിവിലിയൻ പശ്ചാത്തല സൗകര്യങ്ങൾക്കും എതിരായ ആക്രമണങ്ങളിൽ ശക്തമായ പ്രതികരണമുണ്ടാകുമെന്ന് സഖ്യസേന വ്യക്തമാക്കി.
ഇന്നലെ റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനും സൗദിയ വിമാനത്തിനും നേരെയുണ്ടായ ആക്രമണത്തിൽ മൂന്ന് സൗദി പൗരന്മാർ കൊല്ലപ്പെടുകയും ഏതാനും സ്വദേശികൾക്കും പ്രവാസികൾക്കും പരിക്കേൽക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരിൽ വിമാനത്തിന്റെ പൈലറ്റ് ക്യാപ്റ്റൻ ഹമൂദ് ബിൻ അലി അൽ കൽത്തമിയും ഉൾപ്പെടുന്നു. ഇദ്ദേഹത്തിന്റെ വേർപാടിൽ സൗദി അറേബ്യൻ എയർലൈൻസ് അനുശോചനം രേഖപ്പെടുത്തി.
ഇതോടെ ഈ ആഴ്ച സൗദി വിമാനത്താവളങ്ങൾക്ക് നേരെ നടന്ന ഹൂത്തി ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ ആകെ എണ്ണം ആറായി ഉയർന്നു. കൊല്ലപ്പെട്ടവരിൽ മൂന്ന് സ്വദേശികളും മൊറോക്കോ, അൾജീരിയ, സുഡാൻ എന്നിവിടങ്ങളിൽ നിന്നുള്ള മൂന്ന് പ്രവാസികളും ഉൾപ്പെടുന്നു. അബഹ, കിംഗ് ഖാലിദ്, ജിസാൻ, നജ്റാൻ വിമാനത്താവളങ്ങൾക്ക് നേരെ മുൻദിവസങ്ങളിലും ആക്രമണങ്ങൾ നടന്നിരുന്നു.
അതേസമയം, കിംഗ് ഖാലിദ് വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ പുനരാരംഭിച്ചതായും വ്യോമഗതാഗതം സാധാരണ നിലയിലായതായും സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു.
ഹൂത്തി ആക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടിയാണ് സഖ്യസേന നൽകുന്നത്. സഅ്ദ, ഹുദൈദ, അൽജൗഫ്, മാരിബ് എന്നിവിടങ്ങളിലെ 11 ബാലിസ്റ്റിക് മിസൈൽ ഡിപ്പോകൾ ഉൾപ്പെടെ 82 സൈനിക കേന്ദ്രങ്ങൾ സഖ്യസേന തകർത്തു. റിയാദിലേക്കും ഖമീസ് മുശൈത്തിലേക്കും വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈലുകൾ തടഞ്ഞുനിർത്തി തകർത്തതായും റിയാദ് ആക്രമണത്തിന് ഉപയോഗിച്ച മിസൈൽ ലോഞ്ചർ നശിപ്പിച്ചതായും സേന അറിയിച്ചു.
സൗദിക്കെതിരായ തുടർച്ചയായ ഹൂത്തി ആക്രമണങ്ങളെ ഐക്യരാഷ്ട്രസഭ ശക്തമായി അപലപിച്ചു. സിവിലിയന്മാരെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിടുന്നത് അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനമാണെന്ന് യു.എൻ വക്താവ് സ്റ്റെഫാൻ ഡുജാറിക് പറഞ്ഞു. വിവിധ ഗൾഫ്, അറബ്, ഇസ്ലാമിക് രാജ്യങ്ങളും ആക്രമണത്തെ അപലപിച്ച് രംഗത്തെത്തി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







