റിയാദ്- വിമാനത്താവളങ്ങൾക്ക് നേരെ തുടർച്ചയായുണ്ടായ ആക്രമണങ്ങളെ തുടർന്ന് സൗദി അറേബ്യയിലെ പ്രമുഖ എയർപോർട്ടുകളിൽ വിമാന സർവീസുകളിൽ തടസം നേരിടുന്നു. നിരവധി വിമാനക്കമ്പനികൾ സർവീസുകൾ റദ്ദാക്കുകയോ വെട്ടിച്ചുരുക്കുകയോ ചെയ്തിട്ടുണ്ട്.
ഫ്‌ളൈ ദുബായ്, റിയാദ്, യാമ്പു എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ ഒക്ടോബർ 10 വരെയും അബഹയിലേക്കുള്ള സർവീസുകൾ ഒക്ടോബർ 11 വരെയും റദ്ദാക്കി. എമിറേറ്റ്‌സ് റിയാദിലേക്കുള്ള മൂന്ന് സർവീസുകളും ഇത്തിഹാദ് എയർവേയ്‌സ് അബുദാബി- റിയാദ് റൂട്ടിലെ എട്ട് സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. ഷാർജയിൽ നിന്നുള്ള എയർ അറേബ്യയുടെ ഏതാനും സർവീസുകളെയും ഇത് ബാധിച്ചു.
ഇന്ത്യയിലേക്കുള്ള സർവീസുകളെയും പ്രതിസന്ധി ബാധിച്ചിട്ടുണ്ട്. റിയാദിൽ നിന്ന് മുംബൈയിലേക്കുള്ള എയർ ഇന്ത്യ (എ ഐ 2214), ഇൻഡിഗോ (ഐ ജി ഒ 74), ബെംഗളൂരുവിലേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് (ഐ എസ് 896) എന്നീ സർവീസുകൾ തടസ്സപ്പെട്ടു. കൂടാതെ, സൗദിയിലെ ബജറ്റ് വിമാനക്കമ്പനിയായ ഫ്‌ലൈ അദീലിന്റെ റിയാദിൽ നിന്നുള്ള ആഭ്യന്തര സർവീസുകളും റദ്ദാക്കിയിട്ടുണ്ട്.
അതേസമയം, ആക്രമണങ്ങൾക്ക് ശേഷം വെള്ളിയാഴ്ചയോടെ റിയാദ് വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണ നിലയിലേക്ക് മടങ്ങിവരുന്നതിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങി. വ്യാഴാഴ്ച 167 വിമാനങ്ങൾ റദ്ദാക്കുകയും 164 എണ്ണം വൈകുകയും ചെയ്ത സ്ഥാനത്ത് വെള്ളിയാഴ്ച 44 സർവീസുകൾ മാത്രമാണ് റദ്ദാക്കിയത്. 63 സർവീസുകൾ വൈകി ഓടി.
സർവീസ് റദ്ദാക്കിയതുമൂലം ബുദ്ധിമുട്ടിലായ യാത്രക്കാർക്ക് പണം തിരികെ ലഭിക്കാനോ (റീഫണ്ട്) അല്ലെങ്കിൽ മറ്റൊരു ദിവസത്തേക്ക് യാത്ര മാറ്റാനോ (റീബുക്കിംഗ്) സ സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് കമ്പനികൾ അറിയിച്ചു. ട്രാവൽ ഏജന്റുകൾ വഴി ടിക്കറ്റെടുത്തവർ അവരുമായി നേരിട്ട് ബന്ധപ്പെടേണ്ടതാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







