ദുബൈ– യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഭരണ നേതൃത്വത്തില്‍ എത്തിയിട്ട് 20 വര്‍ഷം പൂര്‍ത്തിയായി. ഷെയ്ഖ് മുഹമ്മദിന്റെ നേതൃത്വത്തില്‍ ഇനിയും ഉയരങ്ങളിലേക്ക് കുതിക്കാന്‍ തയ്യാറെടുക്കുകയാണ് ദുബൈ എന്ന മഹാനഗരം. യുഎഇയുടെ മൊത്തത്തിലുള്ള വികസനത്തിനും അദ്ദേഹത്തിന്റെ സംഭാവന വിലമതിക്കാനാകാത്തതാണ്.
2006 ജനുവരി നാലിനാണ് സഹോദരൻ ശൈഖ് മക്തൂം ബിൻ റാശിദിൻ്റെ നിര്യാണത്തെ തുടർന്ന് ഷെയ്ഖ് മുഹമ്മദ് ഭരണാധികാരം ഏറ്റെടുത്തത്.
ദീര്‍ഘവീക്ഷണമുള്ള കര്‍മ്മ പദ്ധതികളാണ് ഒരു ഭരണാധികാരിയുടെ കരുത്തെന്ന് തെളിയിച്ച 20 വര്‍ഷങ്ങള്‍ കൂടിയാണ് കടന്നുപോകുന്നത്.
ആഘോഷങ്ങള്‍ക്കപ്പുറം ഓരോ വര്‍ഷവും ഈ ദിനത്തെ ജനക്ഷേമത്തിനായുള്ള പുതിയ പദ്ധതികള്‍ക്ക് തുടക്കമിടുന്ന രീതിയാണ് ഷെയ്ഖ് മുഹമ്മദ് പിന്തുടരുന്നത്. എല്ലാ വാര്‍ഷികങ്ങളും ജനങ്ങളോടുള്ള പ്രതിജ്ഞ പുതുക്കാനും നാടിനോടുള്ള കടപ്പാട് ഉറക്കെപ്പറയാനും അദ്ദേഹം ശ്രമിക്കുന്നു. കഴിഞ്ഞ കാലങ്ങളിലെ ദുബൈയുടെ അതിവേഗമുളള വളര്‍ച്ച തന്നെയാണ് അദ്ദേഹത്തിന്റെ ഭരണ മികവിന്റ ഏറ്റവും മികച്ച ഉദാഹരണം. ആഗോള സാമ്പത്തിക, വിനോദസഞ്ചാര തലസ്ഥാനമായി വളരുന്ന ദുബൈ ഇന്ന് ലോകത്തിന് മുന്നില്‍ തലയുയര്‍ത്തി നില്ക്കുന്നു.
ശൈഖ് മുഹമ്മദിന്റെ കാഴ്ചപ്പാടുകൾ രാജ്യത്തിന്റെ വളർച്ചയെ മുന്നോട്ടുനയിക്കുന്നത് തുടരുമെന്ന് യു.എ.ഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു. 20 വർഷമായി നമ്മുടെ സർക്കാറിന് നേതൃത്വം നൽകുന്ന എന്റെ സഹോദരൻ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂംമിനെ ആദരിച്ച് അദ്ദേഹത്തിന്റെ നിർണായകമായ നേട്ടങ്ങളെയും ദീർഘദൃഷ്ടിയുള്ള കാഴ്ചപ്പാടുകളെയും നാം ആഘോഷിക്കുകയാണ്.നമ്മുടെ പ്രിയപ്പെട്ട രാഷ്ട്രത്തിന്റെയും ജനങ്ങളുടെയും പുരോഗതിക്കും വികസനത്തിനും വേണ്ടി ഒരുമിച്ച് പ്രവർത്തിക്കുന്ന അദ്ദേഹത്തെ ദൈവം സംരക്ഷിക്കട്ടെയെന്നും പ്രസിഡന്റ് കുറിച്ചു.
നന്ദി, മുഹമ്മദ് ബിൻ റാശിദ്. നിങ്ങൾ എപ്പോഴും ഞങ്ങൾ ഉറ്റുനോക്കുന്ന പിതാവും നേതാവും പ്രചോദനത്തിന്റെ ഉറവിടവുമായിരിക്കും. മനുഷ്യശേഷിയെ രാജ്യത്തിന്റെ ഏറ്റവും വലിയ സമ്പത്തായി അംഗീകരിച്ചുകൊണ്ട്, യു.എ.ഇയിലെ ജനങ്ങളിൽ നിങ്ങൾ എപ്പോഴും വിശ്വസിച്ചുവെന്നാണ് ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും എക്സിൽ കുറിച്ചത്.
യു.എ.ഇ വൈസ് പ്രസിഡൻറും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ, സുപ്രീംകൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിൻ റാശിദ് അൽ നുഐമി, ദുബൈ ഒന്നാം ഡെപ്യൂട്ടി ഭരണാധികാരിയും ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ്ആൽ മക്തൂം, ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ, അബൂദബി കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് അൽ നഹ്യാൻ, ദുബൈ ഏവിയേഷൻ അതോറിറ്റി പ്രസിഡന്റും ദുബൈ എയർപ്പോർട്ട്സ് ചെയർമാനുമായ ശൈഖ് അഹമ്മദ് ബിൻ സഈദ് ആൽ മക്തൂം, അജ്മാൻ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമി തുടങ്ങി പ്രമുഖരും ആശംസകൾ നേർന്നു.



