ഗുവാഹത്തി- ഇന്ത്യൻ സൂപ്പർ ലീഗിലെ തങ്ങളുടെ രണ്ടാം എവേ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് പരാജയം. ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി അത്ലറ്റിക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആതിഥേയരായ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി 4-1 ന് വിജയം സ്വന്തമാക്കി. നോർത്ത് ഈസ്റ്റിനായി അലാദ്ദീൻ അജറൈ ഇരട്ടഗോളുകൾ നേടിയപ്പോൾ, അന്റോണിയോ മൊയാനോ, അമൻ സി.കെ എന്നിവർ ഓരോ ഗോൾ വീതം കണ്ടെത്തി. രണ്ടാം പകുതിയിൽ മികച്ച മുന്നേറ്റത്തിലൂടെ മോമോ യാൻസാനെയാണ് ബ്ലാസ്റ്റേഴ്സിനായി സ്കോർ ചെയ്തത്. രണ്ട് കളികളിൽ നിന്ന് മൂന്ന് പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് നിലവിൽ പട്ടികയിൽ ആറാം സ്ഥാനത്താണ്.
സ്വന്തം തട്ടകത്തിന്റെ പിന്തുണയോടെ കളത്തിലിറങ്ങിയ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് തുടക്കം മുതൽ ആക്രമണത്തിന് മുൻഗണന നൽകി. 15-ാം മിനിറ്റിൽ കിട്ടിയ ഒരു ലോംഗ് ബോളിൽ നിന്ന് അലാദ്ദീൻ അജറൈയിലൂടെ ആതിഥേയർക്ക് വേണ്ടി ആദ്യ ഗോൾ കണ്ടെത്തി. തുടർന്ന് തിരിച്ചടിക്കാൻ ശ്രമിച്ച ബ്ലാസ്റ്റേഴ്സ് കൃത്യമായ പാസുകളിലൂടെ കളിയിലേക്ക് തിരിച്ചുവരാൻ നോക്കി. അഡ്രിയാൻ ലൂണ നൽകിയ കോർണർ കിക്കിൽ നിന്ന് അമേയ് റണവാഡെ തൊടുത്ത ശ്രമം നേരിയ വ്യത്യാസത്തിലാണ് പുറത്തുപോയത്. നോർത്ത് ഈസ്റ്റിന്റെ പ്രത്യാക്രമണങ്ങളെ തടഞ്ഞുനിർത്താൻ ഗോൾകീപ്പർ അർഷ് ഷെയ്ഖ് നടത്തിയ സേവുകൾ ആദ്യ പകുതിയിൽ നിർണായകമായി. എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് അന്റോണിയോ മൊയാനോ നോർത്ത് ഈസ്റ്റിന്റെ രണ്ടാം ഗോൾ നേടി.
രണ്ടാം പകുതിയിൽ രണ്ട് മാറ്റങ്ങളോടെ കൂടുതൽ ഒത്തിണക്കത്തോടെയാണ് ബ്ലാസ്റ്റേഴ്സ് പന്തുതട്ടിയത്. പകരക്കാരനായി ഇറങ്ങിയ കൊറൗ സിംഗിന്റെ സാന്നിധ്യം മുന്നേറ്റനിരയ്ക്ക് പുതിയ വേഗത നൽകി. നിരന്തര ശ്രമങ്ങൾക്കൊടുവിൽ 60-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് ആദ്യ ഗോൾ മടക്കി. ബോക്സിനുള്ളിൽ നിന്ന് അഡ്രിയാൻ ലൂണ നൽകിയ സമർത്ഥമായ പാസ് പിടിച്ചെടുത്ത് മോമോ യാൻസാനെ മികച്ചൊരു ക്ലിനിക്കൽ ഫിനിഷിംഗിലൂടെ പന്ത് വലയിലെത്തിച്ചു (2-1).
ഗോൾ മടക്കിയതോടെ മത്സരത്തിൽ പൂർണ്ണ നിയന്ത്രണം നേടിയെടുത്ത ബ്ലാസ്റ്റേഴ്സ് സമനിലയ്ക്കായി ശക്തമായി പൊരുതി. ഫ്രെഡിയുടെ കരുത്തുറ്റ ലോംഗ് റേഞ്ച് ഷോട്ടുകളും ലൂണ-യാൻസാനെ-ഗ്രീൻ സഖ്യത്തിന്റെ മുന്നേറ്റങ്ങളും എതിർ ബോക്സിൽ വലിയ സമ്മർദ്ദം സൃഷ്ടിച്ചു. എന്നാൽ കളിയിലേക്ക് ശക്തമായി തിരിച്ചുവരാൻ ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നതിനിടെ പ്രത്യാക്രമണത്തിലൂടെ അജറൈ നോർത്ത് ഈസ്റ്റിനായി മൂന്നാം ഗോൾ കണ്ടെത്തി. തുടർന്ന് 82-ാം മിനിറ്റിൽ അമൻ സി.കെ കൂടി ലക്ഷ്യം കണ്ടതോടെ മത്സരം ആതിഥേയർക്ക് അനുകൂലമായി മാറി.
മത്സരത്തിലെ പോരായ്മകൾ പരിഹരിച്ച് സീസണിലെ ആദ്യ ഹോം പോരാട്ടത്തിനായി ടീം ഇനി കൊച്ചിയിലേക്ക് മടങ്ങും. ഒക്ടോബർ 25 ഞായറാഴ്ച കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റി എഫ്സിയെ നേരിടും.







