കോഴിക്കോട്- കാലിക്കറ്റ് സർവ്വകലാശാലയ്ക്ക് കീഴിലുള്ള പഠന ബോർഡുകളിൽ സംഘ്പരിവാർ സംഘടനകൾക്ക് മേധാവിത്വം. കോൺഗ്രസ് – ലീഗ് അംഗങ്ങൾ നേതൃത്വം നൽകുന്ന സിൻഡിക്കേറ്റ് മുപ്പത്തിരണ്ട് അംഗങ്ങളെയാണ് സംഘപരിവാർ സംഘടനയ്ക്ക് നൽകിയതെന്ന് ചൂണ്ടിക്കാട്ടി മുസ്ലിം ലീഗിലെയും കോൺഗ്രസിലെയും നിരവധി പേർ രംഗത്തെത്തി. പ്രധാനപ്പെട്ട രണ്ടു ബോർഡുകളുടെ ചെയർമാൻ സ്ഥാനങ്ങൾ അടക്കമാണ് ഇത്രയും പദവികൾ സമ്മാനിച്ചിരിക്കുന്നത്. ഇതിന് പുറമെ, സംഘപരിവാർ സംഘടനയല്ലെങ്കിലും തീവ്ര വലതുപക്ഷ / സംഘപരിവാർ നിലപാടുകാരായ മൂന്നുപേർ കൂടി ഭാഷാബോർഡുകളിൽ ചെയർമാൻമാരായി നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. പല പഠന ബോർഡുകളിലും കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിലെ കോളേജുകളിൽ പരിചയസമ്പന്നരായ ധാരാളം അധ്യാപകർ ഉണ്ടായിരിക്കെ ഒരാളെപ്പോലും ഉൾപ്പെടുത്താതെയാണ് മറ്റ് യൂണിവേഴ്സിറ്റികൾ, സ്വാശ്രയ കോളേജുകൾ, അതിഥി അധ്യാപകർ എന്നീ മേഖലകളിൽ നിന്നും ആളുകളെ നാമനിർദേശം ചെയ്തിരിക്കുന്നത്. ഒരേ ബോർഡിൽ ഒരു അധ്യാപികയെ രണ്ടുപ്രാവശ്യം ഉൾപ്പെടുത്തുകയുംചെയ്തു.
ദീർഘകാലം മുമ്പ് റിട്ടയർ ചെയ്ത അധ്യാപകരെ തിരിച്ചെത്തിച്ച് പ്രധാനപ്പെട്ട പി ജി ബോർഡുകളുടെ ചെയർമാൻമാർ സ്ഥാനത്ത് അവരോധിക്കുകയും ചെയ്തു. ട്രാവൽ ആൻഡ് ടൂറിസം പഠനബോർഡിൽ സർവ്വകലാശാലയ്ക്ക് പുറത്തുനിന്ന് ഒരാളെ ചെയർമാനായി നിയമിച്ചിരിക്കുകയാണ്. അതേസമയം, മുസ്ലിം ലീഗ് അധ്വാപകസംഘടനാ സംസ്ഥാന ജനറൽ സെക്രട്ടറിക്ക് ഒരു ബോർഡ് മെമ്പർ സ്ഥാനം മാത്രമാണ് അനുവദിച്ചത്.
പത്തംഗ ബോർഡിൽ രണ്ടോ മൂന്നോ പേരാണ് അഫിലിയേറ്റഡ് കോളേജുകളെ പ്രതിനിധീകരിക്കുന്നത്. അതുപോലെ പല ബോർഡുകളിലും ചില ജില്ലകളിൽ നിന്ന് ഒരാളെപ്പോലും ഉൾപ്പെടുത്തിയിട്ടില്ല. ഉദാഹരണമായി ഫിസിക്സ് യു ജി, പി ജി ബോർഡുകളിൽ പാലക്കാട് ജില്ലയുടെ പ്രാതിനിധ്യം പൂജ്യമാണ്. ഗണിതശാസ്ത്രത്തിന്റെ ബിരുദപഠന ബോർഡിൽ തൃശ്ശൂർ ജില്ലയിൽ നിന്ന് ഒരാൾ പോലുമില്ല. ഇൻഡസ്ട്രിയൽ കെമിസ്ട്രി ബോർഡിന്റെ ചെയർമാൻ സംഘപരിവാർ സംഘടനയിൽ അംഗമാണ്. അദ്ദേഹം ഈ മേഖലയിലെ അധ്യാപകൻ പോലുമല്ലെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
പ്രാദേശിക സന്തുലിതാവസ്ഥ, അധ്യാപകരുടെ സേവന പരിചയം, വിഷയപരിജ്ഞാനം എന്നിവയെല്ലാം കാറ്റിൽപ്പറത്തിയാണ് പഠന ബോർഡുകളുടെ പുനഃസംഘാടനമെന്നും ഇത് അക്കാദമിക നിലവാരം തകർക്കുന്നതും അങ്ങേയറ്റം പ്രതിഷേധാർഹവുമാണെന്ന് അസോസിയേഷൻ ഓഫ് കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീച്ചേഴ്സ് സെക്രട്ടറി ഡോ. സി. ഷിബി, എ കെ ജി സി ടി കാലിക്കറ്റ് മേഖലാ സെക്രട്ടറി ഡോ. പി വി രഘുദാസ്, എ കെ പി സി ടി എ കാലിക്കറ്റ് മേഖലാ സെക്രട്ടറി ഡോ. വി കെ ബ്രിജേഷ് എന്നിവർ പറഞ്ഞു.







