ഹായില്‍ – അതിശൈത്യത്തിനുള്ള സാധ്യത കണക്കിലെടുത്ത് അടുത്തയാഴ്ച ഹായിലിലും ഉത്തര അതിര്‍ത്തി പ്രവിശ്യയിലും സ്‌കൂള്‍ സമയത്തില്‍ മാറ്റം വരുത്താന്‍ തീരുമാനം. ഹായില്‍ ഗവര്‍ണര്‍ അബ്ദുല്‍ അസീസ് ബിന്‍ സഅദ് രാജകുമാരന്റെയും ഉത്തര അതിര്‍ത്തി പ്രവിശ്യ ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ ഖാലിദ് രാജകുമാരന്റെയും നിര്‍ദേശാനുസരണമാണ് സ്‌കൂള്‍ സമയത്തില്‍ മാറ്റം വരുത്താന്‍ ഇരു പ്രവിശ്യകളിലെയും വിദ്യാഭ്യാസ വകുപ്പുകള്‍ തീരുമാനിച്ചത്.


ഹായിലിലെയും ഉത്തര അതിര്‍ത്തി പ്രവിശ്യകളിലെയും സ്‌കൂളുകളില്‍ അടുത്ത ഞായര്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ രാവിലെ ഒമ്പതു മണിക്കാണ് സ്‌കൂള്‍ പ്രവൃത്തി സമയം ആരംഭിക്കുക. പരീക്ഷകള്‍ പത്തു മണിക്ക് ആരംഭിക്കും. വിദ്യാര്‍ഥികളുടെ സുരക്ഷ മുന്‍ നിര്‍ത്തിയും സുരക്ഷിതമായ വിദ്യാഭ്യാസ അന്തരീക്ഷം പ്രദാനം ചെയ്യാനുമാണ് സ്‌കൂള്‍ സമയത്തില്‍ മാറ്റം വരുത്തുന്നത്. അടുത്തയാഴ്ച തബൂക്കിലും സ്‌കൂള്‍ സമയത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ഇവിടെയും രാവിലെ ഒമ്പതു മണിക്കാണ് സ്‌കൂള്‍ പ്രവൃത്തി സമയം ആരംഭിക്കുക.



