ജിദ്ദ – കഴിഞ്ഞ രണ്ട് മാസത്തിനിടെ ലോകത്തിന് ഏകദേശം 100 കോടി ബാരല്‍ എണ്ണ നഷ്ടപ്പെട്ടതായി സൗദി അറാംകൊ പ്രസിഡന്റും സി.ഇ.ഒയുമായ എന്‍ജിനീയര്‍ അമീന്‍ അല്‍നാസര്‍. എണ്ണയൊഴുക്ക് പുനരാരംഭിച്ചാലും ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ഷിപ്പിംഗിലെ തടസ്സങ്ങള്‍ കാരണം ഊര്‍ജ വിപണികള്‍ സ്ഥിരത കൈവരിക്കാന്‍ സമയമെടുക്കും. ഞങ്ങളുടെ ലക്ഷ്യം ലളിതമാണ്. ഊര്‍ജത്തിന്റെ തുടര്‍ച്ചയായ ഒഴുക്ക് ഉറപ്പാക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം. ഏകദേശം 100 കോടി ബാരല്‍ എണ്ണ നഷ്ടപ്പെട്ടതിനുശേഷം ഷിപ്പിംഗ് റൂട്ടുകള്‍ വീണ്ടും തുറക്കുന്നത് വിപണി സാധാരണ നിലയിലേക്ക് മടങ്ങുന്നതിന് തുല്യമല്ല. വര്‍ഷങ്ങളായി ഈ മേഖലയിലെ കുറഞ്ഞ നിക്ഷേപം ആഗോള എണ്ണ ശേഖരത്തിലും ഇന്‍വെന്ററികളിലും സമ്മര്‍ദ്ദം വര്‍ധിപ്പിച്ചിട്ടുണ്ട്. ഷിപ്പിംഗ് റൂട്ടുകളില്‍ മാറ്റം വന്നിട്ടും, കമ്പനിയുടെ മുന്‍ഗണനയായി ഏഷ്യ തുടരും. അസംസ്‌കൃത എണ്ണക്കുള്ള ആഗോള ആവശ്യകതയില്‍ ഏഷ്യ നിര്‍ണായകമാണെന്ന് അല്‍നാസര്‍ പറഞ്ഞു.
ഇറാന്‍ യുദ്ധത്തിനിടെ ആഗോള എണ്ണ വിതരണത്തെ പിന്തുണക്കാനായി കിഴക്ക്-പടിഞ്ഞാറ് പൈപ്പ്ലൈന്‍ പ്രതിദിനം 70 ലക്ഷം ബാരല്‍ ശേഷിയില്‍ പ്രവര്‍ത്തിച്ചു. ആഗോള ഊര്‍ജ തടസ്സങ്ങളുടെയും ഹോര്‍മുസ് കടലിടുക്കിലെ ഷിപ്പിംഗ് നിയന്ത്രണങ്ങളുടെയും ആഘാതം ലഘൂകരിക്കാന്‍ കിഴക്ക്-പടിഞ്ഞാറ് പൈപ്പ്ലൈന്‍ സഹായിച്ചു. ആദ്യ പാദത്തിലെ അറാംകൊയുടെ പ്രകടനം കമ്പനിയുടെ ശക്തമായ പ്രവര്‍ത്തന പ്രതിരോധശേഷിയെയും സങ്കീര്‍ണ്ണമായ ഭൗമരാഷ്ട്രീയ അന്തരീക്ഷത്തില്‍ ഉയര്‍ന്ന തോതിലുള്ള പൊരുത്തപ്പെടുത്തലിനെയും പ്രതിഫലിപ്പിക്കുന്നു. തടസ്സങ്ങള്‍ മറികടക്കാന്‍ അറാംകൊ തന്ത്രപരമായ മുന്‍ഗണനകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടരുകയും അടിസ്ഥാന സൗകര്യങ്ങളും ആഗോള ശൃംഖലയും ഉപയോഗപ്പെടുത്തുകയും ചെയ്യും. സമീപകാല സംഭവങ്ങള്‍ ആഗോള ഊര്‍ജ സുരക്ഷക്കും സമ്പദ്വ്യവസ്ഥക്കും എണ്ണയുടെയും വാതകത്തിന്റെയും സുപ്രധാന പ്രാധാന്യത്തിന് അടിവരയിടുന്നതായും അദ്ദേഹം വ്യക്തമാക്കി.



