റിയാദ് – യെമനിലെ ഹദ്‌റമൗത്തിലെയും അൽമഹ്‌റയിലെയും ക്യാമ്പുകളിൽ നിന്ന് സതേൺ ട്രാൻസിഷണൽ കൗൺസിൽ (എസ്.ടി.സി) തങ്ങളുടെ സേനയെ പിൻവലിക്കേണ്ട സമയം അതിക്രമിച്ചതായി സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു. ഈ നിർണായക ഘട്ടത്തിൽ സൗദി, യു.എ.ഇ മധ്യസ്ഥ ശ്രമങ്ങളോട് അനുകൂലമായി പ്രതികരിച്ചുകൊണ്ട് യുക്തി, വിവേകം, പൊതുതാൽപ്പര്യം, ഐക്യം എന്നിവക്ക് എസ്.ടി.സി മുൻഗണന നൽകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഹദ്‌റമൗത്ത്, അൽമഹ്‌റ ഗവർണറേറ്റുകളിലെ ക്യാമ്പുകളിൽ നിന്ന് എസ്.ടി.സി സൈന്യത്തെ പിൻവലിക്കുകയും ഹോംലാൻഡ് ഷീൽഡ് ഫോഴ്‌സിനും പ്രാദേശിക അധികൃതർക്കും സമാധാനപരമായി ക്യാമ്പുകൾ കൈമാറുകയും വേണം.
യെമനിലെ മുഴുവൻ പ്രദേശത്തിന്റെയും നിയന്ത്രണം പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി യെമൻ നിയമാനുസൃത ഭരണകൂടത്തെ പിന്തുണക്കാനുള്ള സഖ്യസേനയിൽ പങ്കാളിത്തം വഹിക്കാൻ സൗദി അറേബ്യ സഹോദര രാഷ്ട്രങ്ങളെ ഒരുമിച്ചുകൂട്ടി. ദക്ഷിണ യെമൻ ഗവർണറേറ്റുകളുടെ വിമോചനം സാധ്യമാക്കുന്നതിൽ സഖ്യസേന നിർണായക പങ്ക് വഹിച്ചു. ദക്ഷിണ യെമൻ പ്രശ്‌നത്തിന് പരിഹാരം കാണുന്നതടക്കം രാജ്യത്തെ സമഗ്രമായ രാഷ്ട്രീയ പരിഹാരത്തിനായി വ്യക്തമായ പാത സ്ഥാപിക്കാനായി റിയാദ് സമ്മേളനത്തിൽ എല്ലാ യെമൻ വിഭാഗങ്ങളെയും രാജ്യം ഒരുമിച്ച് കൊണ്ടുവന്നു. റിയാദ് കരാർ അധികാരത്തിൽ ദക്ഷിണ യെമൻ ജനതയുടെ പങ്കാളിത്തം ഉറപ്പുനൽകുകയും ബലപ്രയോഗമില്ലാതെ സംഭാഷണത്തിലൂടെ എല്ലാവരും അംഗീകരിക്കുന്ന നിലക്ക് അവരുടെ പ്രശ്‌നത്തിന് ന്യായമായ പരിഹാരത്തിന് വഴിയൊരുക്കുകയും ചെയ്തു.
അധികാരം കൈമാറാനുള്ള തീരുമാനത്തെ സൗദി അറേബ്യ സ്വാഗതം ചെയ്തു. ഇത് ദക്ഷിണ ജനതക്ക് സർക്കാർ സ്ഥാപനങ്ങളിൽ സജീവ സാന്നിധ്യം അനുവദിക്കുകയും പാർശ്വവൽക്കരിക്കുന്നതിനും ബലപ്രയോഗത്തിലൂടെ വിധി അടിച്ചേൽപ്പിക്കുന്നതിനും പകരമായി പങ്കാളിത്ത തത്വം സ്ഥാപിക്കുകയും ചെയ്തു. യെമൻ ജനതയുടെ ദുരിതം ലഘൂകരിക്കാൻ സഹായിച്ച സാമ്പത്തിക പിന്തുണ സൗദി അറേബ്യ നൽകുകയും പദ്ധതികൾ, വികസനം, മാനുഷിക സംരംഭങ്ങൾ എന്നിവ നടപ്പാക്കുകയും ചെയ്തു. ഇത് യെമൻ ജനതയുടെ ചെറുത്തുനിൽപ് ശക്തിപ്പെടുത്താനും വിവിധ സാമ്പത്തിക വെല്ലുവിളികളെ നേരിടാനും സഹായിച്ചു.
ഏദനും മറ്റ് യെമൻ ഗവർണറേറ്റുകളും മോചിപ്പിക്കാനായി സൗദി അറേബ്യയും സഖ്യകക്ഷികളും തങ്ങളുടെ പൗരന്മാരെ ബലിയർപ്പിക്കുകയും വിഭവങ്ങൾ ചെലവഴിക്കുകയും ചെയ്തു. ഈ ത്യാഗങ്ങൾ പുതിയ സംഘർഷങ്ങൾക്കുള്ള അവസരമായിട്ടല്ല, മറിച്ച് ഭൂമിയുടെയും രാഷ്ട്രത്തിന്റെയും വീണ്ടെടുപ്പിനായിരുന്നു. എല്ലാ യെമനികളുടെയും സുരക്ഷ സംരക്ഷിക്കപ്പെടണമെന്ന് സൗദി അറേബ്യ നിരന്തരം താൽപര്യപ്പെട്ടു. ഈ ത്യാഗങ്ങൾ ഇടുങ്ങിയ നേട്ടങ്ങൾക്കായി ദുരുഉപയോഗിക്കരുത്. 2025 ഡിസംബർ തുടക്കം മുതൽ ഹദ്‌റമൗത്ത്, അൽമഹ്‌റ ഗവർണറേറ്റുകളിൽ നടന്ന നിർഭാഗ്യകരമായ സംഭവങ്ങൾ ശത്രുവിനെതിരായ പോരാട്ടത്തിൽ ഭിന്നതകളിലേക്ക് നയിച്ചു. സൗദികളും യെമനികളും നടത്തിയ ത്യാഗങ്ങൾ പാഴാവുകയും ദക്ഷിണ യെമന്റെ ന്യായമായ പ്രശ്‌നത്തിന് ദോഷമായി ബാധിക്കുകയും ചെയ്തു.
ഹദ്‌റമൗത്ത്, അൽമഹ്‌റ ഗവർണറേറ്റുകളിലെ സംഘർഷം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളെ പിന്തുണക്കുന്നതിൽ നിരവധി ദക്ഷിണ ഗ്രൂപ്പുകളും നേതാക്കളും വ്യക്തികളും വിവേകപൂർണ്ണമായ പങ്ക് പ്രകടിപ്പിക്കുകയും സാമൂഹിക സമാധാനം പുനഃസ്ഥാപിക്കുന്നതിൽ സംഭാവന നൽകിയിട്ടുമുണ്ട്. സുരക്ഷിതമായ ദക്ഷിണ ഗവർണറേറ്റുകളെ അർഥശൂന്യമായ സംഘർഷങ്ങളിലേക്ക് വലിച്ചിഴക്കുന്നത് തടയാനും ഇവർ ശ്രമിച്ചു. നിലവിൽ യെമൻ നേരിടുന്ന പ്രധാന വെല്ലുവിളികൾ ഇവർ തിരിച്ചറിയുന്നു. പതിയിരിക്കുന്നവർക്ക് യെമനിലും മേഖലയിലും അവരുടെ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ ഇവർ അവസരം നൽകുന്നില്ല.
ഈ കാഴ്ചപ്പാടിൽ നിന്നുകൊണ്ട്, ദക്ഷിണ യെമൻ പ്രശ്‌നം ഏതൊരു സമഗ്ര രാഷ്ട്രീയ പരിഹാരത്തിലും ഉൾപ്പെടുത്തും. അത് വിസ്മരിക്കുകയോ പാർശ്വവൽക്കരിക്കപ്പെടുകയോ ചെയ്യില്ലെന്ന് സൗദി അറേബ്യ വ്യക്തമാക്കുന്നു. പൊതു ശത്രുവിനെ മാത്രം സേവിക്കുന്ന സാഹസികതകളിലൂടെയല്ല, സമവായത്തിലൂടെയും പ്രതിബദ്ധതകൾ നിറവേറ്റുന്നതിലൂടെയും യെമനിലെ എല്ലാ ജനങ്ങളിലും വിശ്വാസം വളർത്തിയെടുക്കുന്നതിലൂടെയും ദക്ഷിണ യെമൻ പ്രശ്‌നം പരിഹരിക്കണമെന്നും ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു.



