ജിദ്ദ- നാഷണൽ ഏർണി വാണിംഗ് പ്ലാറ്റ്ഫോം വഴി അൽ ഉല, യാമ്പു, തായിഫ്, ജിസാൻ, ജിദ്ദ, മക്ക, ഖമീസ് മുശൈത്ത്, അബഹ എന്നിവടങ്ങളിലേക്ക് നൽകിയിരുന്ന അപകടസാധ്യതാ മുന്നറിയിപ്പ് പിൻവലിച്ചു. ഭാവിയിൽ ഇത്തരം മുന്നറിയിപ്പുകൾ വരികയാണെങ്കിൽ നിർദ്ദേശങ്ങളും മുൻകരുതലുകളും കൃത്യമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
മുന്നറിയിപ്പ് സന്ദേശങ്ങൾ ലഭിക്കുന്നവർ ഉടൻ തന്നെ കെട്ടിടങ്ങൾക്കുള്ളിലെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണമെന്നും മുന്നറിയിപ്പ് സമയം കഴിയുന്നത് വരെ ജനലുകളിൽ നിന്ന് അകന്നുനിൽക്കണമെന്നും സിവിൽ ഡിഫൻസ് വിശദീകരിച്ചു. തുറസ്സായ സ്ഥലങ്ങളിലേക്ക് ഇറങ്ങുന്നതും ബാൽക്കണിയിലോ ടെറസിലോ നിൽക്കുന്നതും ഒഴിവാക്കണം. ഗ്ലാസുകളിൽ നിന്നും അപകടകരമായ മറ്റ് സ്ഥലങ്ങളിൽ നിന്നും അകലം പാലിക്കണം. കെട്ടിടങ്ങൾക്ക് പുറത്തുള്ളവർ അടുത്തുള്ള ഏതെങ്കിലും കെട്ടിടത്തിനുള്ളിലോ ശക്തമായ മറവുള്ള സ്ഥലങ്ങളിലോ അഭയം പ്രാപിക്കണം. അപകട സമയങ്ങളിൽ ആളുകൾ കൂട്ടം കൂടുന്നതും ചിത്രങ്ങൾ / വീഡിയോകൾ പകർത്തുന്നതും ഒഴിവാക്കണം.
വാഹനം ഓടിക്കുമ്പോഴാണ് മുന്നറിയിപ്പ് ലഭിക്കുന്നതെങ്കിൽ, പാലങ്ങൾക്കും ഉയരമുള്ള കെട്ടിടങ്ങൾക്കും അകലെയായി റോഡിന്റെ വശങ്ങളിലേക്ക് വാഹനം മാറ്റി നിർത്തി ബന്ധപ്പെട്ട അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ഏതെങ്കിലും തരത്തിലുള്ള അപകടങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അടിയന്തര നമ്പറുകളിൽ ബന്ധപ്പെടാൻ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. മക്ക, മദീന, റിയാദ്, ഈസ്റ്റേൺ പ്രൊവിൻസ് മേഖലകളിലുള്ളവർ 911 എന്ന നമ്പറിലും, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ളവർ 998 എന്ന നമ്പറിലുമാണ് ബന്ധപ്പെടേണ്ടത്.







