ജിദ്ദ – സൗദി അറേബ്യയുടെ കുതിപ്പ് ലക്ഷ്യമിട്ട് തയ്യാറാക്കിയിരുന്ന വിഷൻ 2030-ലെ ലക്ഷ്യങ്ങൾ നേരത്തെ കൈവരിച്ച് രാജ്യം. എണ്ണ വരുമാനത്തെ ആശ്രയിക്കുന്നത് കുറച്ച് സാമ്പത്തിക വൈവിധ്യവല്‍ക്കരണവും സമൂല പരിഷ്‌കരണവും ലക്ഷ്യമിട്ട് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പ്രഖ്യാപിച്ച സൗദി വിഷന്‍ 2030 ഇതിനകം പ്രതീക്ഷകള്‍ക്കപ്പുറമുള്ള നേട്ടങ്ങള്‍ കൈവരിച്ചതായി സ്ഥിതിവിവര കണക്കുകള്‍ വ്യക്തമാക്കുന്നു. 2030 ആകുമ്പോഴേക്കും കൈവരിക്കാന്‍ ഉന്നമിട്ടിരുന്ന പല ലക്ഷ്യങ്ങളും ഇതിനകം തന്നെ പൂർത്തിയാക്കാനായി. വിഷന്‍ 2030 ന്റെ 85 ശതമാനം സംരംഭങ്ങളും പൂര്‍ത്തിയായി. വിഷന്‍ 2030 ന്റെ നാലു സൂചകങ്ങള്‍ 2030 ലെ ലക്ഷ്യം കൈവരിക്കുകയോ മറികടക്കുകയോ ചെയ്തു. 29 സൂചകങ്ങള്‍ 2024 ലെ ലക്ഷ്യം മറികടക്കുകയോ കൈവരിക്കുകയോ ചെയ്തു. 13 സൂചകങ്ങള്‍ 2024 ലക്ഷ്യം ഭാഗികമായി കൈവരിച്ചു. മൂന്നു സൂചകങ്ങള്‍ ആവശ്യമായ നിലവാരത്തിന് താഴെയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ദേശീയ തന്ത്രങ്ങളും വിഷന്‍ സാക്ഷാല്‍ക്കാര പ്രോഗ്രാമുകളും കഴിഞ്ഞ ഒമ്പത് വര്‍ഷമായി വിഷന്‍ കൈവരിച്ച വിജയഗാഥകളും ഇതുമായി ബന്ധപ്പെട്ട സാങ്കേതിക കണക്കുകളും ഡാറ്റകളും ഇതുസംബന്ധിച്ച് പുറത്തിറക്കിയ റിപ്പോർട്ടിൽ അക്കമിട്ട് നിരത്തി. വിഷന്‍ 2030 ന്റെ ഏതാനും സൂചകങ്ങളില്‍ സൗദി അറേബ്യ അസാധാരണമായ പുരോഗതി കൈവരിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.
2030 ഓടെ പ്രതിവര്‍ഷം രാജ്യത്തെത്തുന്ന ടൂറിസ്റ്റുകളുടെ എണ്ണം പത്തു കോടിയായി ഉയര്‍ത്താന്‍ വിഷന്‍ 2030 ലക്ഷ്യമിട്ടിരുന്നു. ഈ ലക്ഷ്യം മറികടക്കാന്‍ കഴിഞ്ഞ വര്‍ഷം സാധിച്ചു. 2030 ഓടെ പത്തു ലക്ഷം വളണ്ടിയര്‍മാരെ രജിസ്റ്റര്‍ ചെയ്യാനാണ് ലക്ഷ്യമിട്ടിരുന്നത്. കഴിഞ്ഞ വര്‍ഷാവസാനത്തോടെ ഈ ലക്ഷ്യം മറികടന്ന് 12 ലക്ഷത്തിലേറെ വളണ്ടിയര്‍മാരെ രജിസ്റ്റര്‍ ചെയ്തു. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സൗദി പൈതൃക കേന്ദ്രങ്ങളുടെ എണ്ണം എട്ടായി ഉയര്‍ന്നു. തൊഴില്‍ വിപണിയിലെ വനിതാ പങ്കാളിത്ത നിരക്ക് 30 ശതമാനമായി ഉയര്‍ത്താനാണ് വിഷന്‍ 2030 ല്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തോടെ ഈ ലക്ഷ്യം മറികടന്ന് സ്ത്രീ പങ്കാളിത്ത നിരക്ക് 33.5 ശതമാനത്തില്‍ എത്തി. സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് ഏഴു ശതമാനത്തിലെത്തിക്കുക എന്ന ലക്ഷ്യം നിശ്ചയിച്ചതിലും വര്‍ഷങ്ങള്‍ക്ക് മുമ്പ് കൈവരിക്കാന്‍ സാധിച്ചു.
ഐക്യരാഷ്ട്രസഭയുടെ ഇ-പങ്കാളിത്ത സൂചികയില്‍ ഗുണപരമായ കുതിപ്പ് നടത്തി 2016 മുതല്‍ കഴിഞ്ഞ വര്‍ഷാവസാനം വരെയുള്ള കാലത്ത് 32 സ്ഥാനങ്ങള്‍ മുന്നേറാന്‍ കഴിഞ്ഞു. സൂചികയില്‍ ആദ്യ പത്തിനു സമീപം സൗദി അറേബ്യ എത്തി. ഇ-ഗവണ്‍മെന്റ് സൂചികയില്‍ 30 സ്ഥാനങ്ങള്‍ മുന്നേറി മികച്ച റാങ്കിംഗ് നേടി. സൂചികയില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ രാജ്യം എത്താറായിരിക്കുന്നു. സൗദിയില്‍ പ്രാദേശിക ആസ്ഥാനങ്ങള്‍ തുറന്ന ബഹുരാഷ്ട്ര കമ്പനികളുടെ എണ്ണം 571 ആയി ഉയര്‍ന്നു. ഈ മേഖലയിലും 2030 ലെ ലക്ഷ്യം ഇതിനകം മറികടന്നു. രാജ്യത്തിന്റെ 96.4 ശതമാനം പ്രദേശങ്ങളിലും റെസിഡന്‍ഷ്യല്‍ ഏരിയകളിലും ഇപ്പോള്‍ ആരോഗ്യ സേവനങ്ങള്‍ ലഭ്യമാണ്. കഴിഞ്ഞ വര്‍ഷം വിദേശ ഉംറ തീര്‍ഥാടകരുടെ എണ്ണം 1.692 കോടിയായി ഉയര്‍ന്നു. ഇത് സര്‍വകാല റെക്കോര്‍ഡ് ആണ്. ഉംറ തീര്‍ഥാടകരുടെ എണ്ണത്തിലും ലക്ഷ്യം മറികടക്കാന്‍ സാധിച്ചു.
പുരോഗതി ത്വരിതപ്പെടുത്താനും ദേശീയ നേട്ടങ്ങൾ നേരത്തെ തന്നെ നേടിയെടുക്കാനുമുള്ള രാജ്യത്തിന്റെ ശേഷിയെ ഈ സൂചകങ്ങള്‍ എടുത്തുകാണിക്കുന്നു. ഇത് അവസരങ്ങള്‍ ആകര്‍ഷിക്കുന്ന പ്രാദേശിക, അന്തര്‍ദേശീയ കേന്ദ്രമെന്ന നിലയിലും വളര്‍ച്ചയുടെയും ആഗോള മത്സരക്ഷമതയുടെയും കേന്ദ്രമെന്ന നിലയിലും സൗദി അറേബ്യയുടെ സ്ഥാനം വര്‍ധിപ്പിക്കുന്നു. സൗദി വിഷന്‍ 2030 ലൂടെ ഒരു ദശാബ്ദത്തിനുള്ളില്‍ സൗദി അറേബ്യ കൈവരിച്ച നേട്ടങ്ങള്‍, എല്ലാ തലങ്ങളിലും പരിവര്‍ത്തനത്തിനുള്ള ഒരു ആഗോള മാതൃകയാക്കി രാജ്യത്തെ മാറ്റിയതായി തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് പറഞ്ഞു.
പുരോഗതിയിലേക്കും അഭിവൃദ്ധിയിലേക്കും രാജ്യത്തെ നയിക്കാനായി തങ്ങളുടെ ശ്രമങ്ങള്‍ സമര്‍പ്പിച്ച പൗരന്മാരുടെ സംഭാവനകളില്‍ അഭിമാനിക്കുന്നു. ഭാവി തലമുറകള്‍ക്കായി കൂടുതല്‍ സുസ്ഥിര വികസനം കൈവരിക്കാനായി നിര്‍മാണ പാതയില്‍ ഒരുമിച്ച് മുന്നേറുമെന്നും സല്‍മാന്‍ രാജാവ് പറഞ്ഞു.
സ്വദേശി പൗരന്മാര്‍ കൈവരിച്ച നേട്ടങ്ങളില്‍ അഭിമാനിക്കുന്നതായി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു. വെല്ലുവിളികള്‍ അഭിലാഷങ്ങള്‍ക്ക് തടസ്സമല്ലെന്ന് അവര്‍ തെളിയിച്ചു. ഞങ്ങള്‍ ലക്ഷ്യങ്ങള്‍ കൈവരിക്കുകയും അവയില്‍ ചിലത് മറികടക്കുകയും ചെയ്തു. 2030 ലെ ലക്ഷ്യങ്ങളിലേക്ക് ഉറച്ച ചുവടുവെപ്പുകളോടെ നീങ്ങുന്നത് തുടരും. പ്രയത്‌നങ്ങള്‍ ഇരട്ടിയാക്കാനും നടപ്പാക്കല്‍ വേഗത ത്വരിതപ്പെടുത്താനും എല്ലാ അവസരങ്ങളിലും നിക്ഷേപങ്ങള്‍ നടത്താനും ആഗോള തലത്തില്‍ ഒരു മുന്‍നിര രാജ്യമെന്ന നിലയില്‍ സൗദി അറേബ്യയുടെ സ്ഥാനം മെച്ചപ്പെടുത്താനുമുള്ള നിശ്ചയദാര്‍ഢ്യം ആവര്‍ത്തിക്കുന്നതായും കിരീടാവകാശി പറഞ്ഞു.