ജിദ്ദ – ഈ വര്‍ഷത്തെ റമദാന്‍ സീസണില്‍ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ ഒരുക്കങ്ങള്‍ വര്‍ധിപ്പിക്കാനുള്ള തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായി ടൂറിസം മന്ത്രി അഹ്‌മദ് അല്‍ഖതീബ് ജിദ്ദ, മക്ക, മദീന എന്നിവിടങ്ങളില്‍ സന്ദര്‍ശനങ്ങള്‍ നടത്തി. തീര്‍ഥാടകര്‍ക്ക് സമഗ്രവും സന്തുലിതവുമായ അനുഭവം ഉറപ്പാക്കുന്നതിന് ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങളുടെ തയാറെടുപ്പ് വിലയിരുത്താനും സന്ദര്‍ശകര്‍ക്ക് ലഭിക്കുന്ന സേവനങ്ങള്‍ നിരീക്ഷിക്കാനും ലക്ഷ്യമിട്ട് നടത്തിയ പര്യടനത്തിനിടെ മക്കയിലും മദീനയിലും ജിദ്ദയിലും പുതിയ ഹോട്ടലുകളും റിസോര്‍ട്ടും ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു.
റമദാനില്‍ ഹോസ്പിറ്റാലിറ്റി മേഖലയുടെ സുസജ്ജത വര്‍ധിപ്പിക്കാനുള്ള തന്ത്രപരമായ ശ്രമത്തിന്റെ ഭാഗമായി, മക്കയിലെ റൊട്ടാന ജബല്‍ ഉമര്‍ ഹോട്ടല്‍, മദീനയിലെ മകാരിം ബുര്‍ജ് അല്‍മദീന ഹോട്ടല്‍, പെനിന്‍സുല വര്‍ത്ത് ഹോട്ടല്‍, ജിദ്ദയില്‍ കടല്‍ത്തീരത്ത് സ്ഥാപിച്ച റിക്‌സോസ് മര്‍ജാന റിസോര്‍ട്ട് എന്നിവയാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്. റമദാനിലെ സമഗ്രമായ ലക്ഷ്യസ്ഥാനമായി ജിദ്ദയുടെ വികസനം പ്രതിഫലിപ്പിക്കുന്ന പദ്ധതികളില്‍ ഒന്നായ റിസോര്‍ട്ട്, ടൂറിസം ഓപ്ഷനുകള്‍ കൂടുതല്‍ വൈവിധ്യവല്‍ക്കരിക്കാനും സന്ദര്‍ശക അനുഭവം വര്‍ധിപ്പിക്കാനും സഹായിക്കും.
മൂന്ന് നഗരങ്ങളിലുടനീളമുള്ള സ്പിരിറ്റ് ഓഫ് റമദാന്‍ കാമ്പെയ്നിന്റെ സ്പഷ്ടമായ സുസജ്ജത, വൈവിധ്യമാര്‍ന്ന അനുഭവങ്ങള്‍, സംയോജിത സേവനങ്ങള്‍ എന്നിവയെ കുറിച്ചുള്ള ദര്‍ശനത്തെ മന്ത്രിയുടെ പര്യടനം പ്രകടമാക്കുന്നു. പൊതു-സ്വകാര്യ മേഖലകള്‍ തമ്മിലുള്ള സഹകരണമാണ് പര്യടനം അടിവരയിടുന്നത്. തീര്‍ഥാടകരെ സേവിക്കാനും അവരുടെ യാത്ര സുഗമമാക്കാനും സന്ദര്‍ശനത്തിന്റെ ഓരോ ഘട്ടത്തിലും അവരുടെ അനുഭവത്തിന്റെ ഗുണനിലവാരം വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടുള്ള സുസംഘടിത പ്രവര്‍ത്തന പദ്ധതിയുടെ ഭാഗമാണ് താഴേത്തട്ടിലുള്ള നേട്ടങ്ങള്‍ എന്ന് ഇത് തെളിയിക്കുന്നു.



