ജിദ്ദ: ടാക്‌സി യാത്രയ്ക്കിടെ യുവതിയോട് മോശം പരാമർശനം നടത്തിയ ഡ്രൈവർക്ക് പടിഞ്ഞാറൻ സൗദി അറേബ്യയിലെ ക്രിമിനൽ കോടതി പത്തു മാസം തടവ് ശിക്ഷ വിധിച്ചു. പ്രമുഖ ഓൺലൈൻ ടാക്‌സി സർവീസ് ആപ്പിന് കീഴിൽ ജോലി ചെയ്യുന്ന ഡ്രൈവർക്കെതിരെയാണ് കോടതി നടപടി. യാത്രയ്ക്കിടെ യുവതിയുടെ ശരീരത്തെക്കുറിച്ച് ഡ്രൈവർ അനാവശ്യ പരാമർശം നടത്തുകയായിരുന്നു. ഇതിനെതിരെ യുവതി നിയമപരമായി പരാതി നൽകിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
വിചാരണയ്ക്കിടെ പ്രതി കോടതിയിൽ കുറ്റസമ്മതം നടത്തി. എന്നാൽ, യുവതിയോടുള്ള ആരാധന കൊണ്ടും പിന്നീട് വിവാഹാഭ്യർത്ഥന നടത്താനുള്ള ആഗ്രഹം കൊണ്ടുമാണ് താൻ അങ്ങനെ സംസാരിച്ചതെന്നും അത് പീഡനമായിരുന്നില്ലെന്നുമാണ് പ്രതി വാദിച്ചത്. എങ്കിലും, യുവതിയുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്നതും ബുദ്ധിമുട്ടുണ്ടാക്കുന്നതുമായ ഇത്തരം പരാമർശങ്ങൾ കുറ്റകരമാണെന്ന് കോടതി വിലയിരുത്തി.
ഇരുവിഭാഗത്തിന്റെയും വാദങ്ങൾ വിശദമായി കേട്ട കോടതി, ഡ്രൈവർക്ക് പത്തു മാസം തടവ് ശിക്ഷ വിധിക്കുകയായിരുന്നു. കേസിന്റെ ഭാഗമായി പ്രതി ഇതിനകം ജയിലിൽ കഴിഞ്ഞ കാലയളവ് ശിക്ഷാ കാലാവധിയിൽ കുറച്ചുനൽകാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്. തുടർന്ന് അപ്പീൽ കോടതിയും വിധി ശരിവെച്ചതോടെ ശിക്ഷ അന്തിമമായി.



