ജിദ്ദ – സൗദിയിലെ ആദ്യത്തെ സൗദി പെട്രോളിയം എന്‍ജിനീയറും കിംഗ് ഫഹദ് യൂനിവേഴ്‌സിറ്റി ഓഫ് പെട്രോളിയം ആന്റ് മിനറല്‍സ് പ്രഥമ ഡയറക്ടറുമായ ഡോ. ബകര്‍ അബ്ദുല്ല ബിന്‍ ബകര്‍ അന്തരിച്ചു. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ നെടുംതൂണുകളില്‍ ഒരാളായി കണക്കാക്കപ്പെടുന്ന ഡോ. ബകര്‍ ബിന്‍ ബകര്‍ ശാസ്ത്ര, അക്കാദമിക്, ഭരണ, നയതന്ത്ര മേഖലകളില്‍ നിസ്തുല സംഭാവനകള്‍ അര്‍പ്പിച്ച ധന്യമായ ജീവിതത്തിനൊടുവിലാണ് വിടവാങ്ങുന്നത്. 1963 ല്‍ ടെക്‌സസ് സര്‍വകലാശാലയില്‍ നിന്ന് പെട്രോളിയം എന്‍ജിനീയറിംഗില്‍ ബിരുദം നേടിയ ഡോ. ബകര്‍ ബിന്‍ ബകര്‍ അതേ വര്‍ഷം തന്നെ തന്നെ സൗദി അറാംകോയില്‍ ജോലിയില്‍ പ്രവേശിച്ചു. 1967 ല്‍ സ്റ്റാന്‍ഫോര്‍ഡ് യൂനിവേഴ്‌സിറ്റിയില്‍നിന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ മാസ്റ്റര്‍ ബിരുദം നേടി. സ്റ്റാന്‍ഫോര്‍ഡിലും സതേണ്‍ കാലിഫോര്‍ണിയ യൂനിവേഴ്‌സിറ്റിയിലും സ്റ്റാറ്റിസ്റ്റിക്‌സും മാനേജ്‌മെന്റും പഠിച്ചു.
1942 ല്‍ തായിഫില്‍ ജനിച്ച ഡോ. ബകര്‍ സെക്കന്‍ഡറി തലം വരെ തായിഫ് സ്‌കൂളുകളിലാണ് പഠിച്ചത്. സെക്കന്‍ഡറി പൂര്‍ത്തിയാക്കിയ ശേഷം പെട്രോളിയം എന്‍ജിനീയറിംഗില്‍ യൂണിവേഴ്‌സിറ്റി പഠനം തുടരാന്‍ സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പോടെ അമേരിക്കയിലേക്ക് അയച്ചു. 1965 ല്‍ ഡോ. ബകര്‍ ബിന്‍ ബകര്‍ കോളേജ് ഓഫ് പെട്രോളിയം ആന്റ് മിനറല്‍സിന്റെ സ്ഥാപനത്തിന് സഹായിക്കുകയും അതിന്റെ വിദ്യാഭ്യാസപരവും ഭരണപരവുമായ പദ്ധതി വികസിപ്പിക്കുകയും ചെയ്തു.
1970 ല്‍ കോളേജിന്റെ ഡീനായി നിയമിതനായി. 1975 ല്‍ അദ്ദേഹം കിംഗ് ഫഹദ് യൂനിവേഴ്‌സിറ്റി ഓഫ് പെട്രോളിയം ആന്റ് മിനറല്‍സിന്റെ ആദ്യ ഡയറക്ടറായി. 1995 വരെ അദ്ദേഹം ഈ പദവി വഹിച്ചു. ഈ കാലയളവില്‍ പ്രാദേശികമായും അന്തര്‍ദേശീയമായും സര്‍വകലാശാലയുടെ സ്ഥാനം ശക്തിപ്പെട്ടു. അക്കാദമിക്, ഭരണപരമായ ജീവിതം പൂര്‍ത്തിയാക്കിയതിനുശേഷം ഡോ. ബകര്‍ നയതന്ത്ര മേഖലയില്‍ രാജ്യത്തെ സേവിക്കുന്നത് തുടര്‍ന്നു. 1995 ല്‍ തുനീഷ്യയിലേക്കുള്ള സൗദി അംബാസഡറായി നിയമിതനായി.
1999 ല്‍ സിറിയയിലെ സൗദി അംബാസഡറായും നിയമിതനായി. സൗദി സിവില്‍ സര്‍വീസ് കൗണ്‍സിലില്‍ അംഗം, കിംഗ് സൗദ് യൂനിവേഴ്‌സിറ്റി, കിംഗ് ഫൈസല്‍ യൂനിവേഴ്‌സിറ്റി, കിംഗ് അബ്ദുല്‍ അസീസ് യൂനിവേഴ്‌സിറ്റി, അമേരിക്കയിലെ വിര്‍ജീനിയ ടെക് ഡയറക്ടര്‍ ബോര്‍ഡ്, ന്യൂയോര്‍ക്കിലെ യു.എന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ട്രെയിനിംഗ് ആന്റ് റിസര്‍ച്ച് ഡയറക്ടര്‍ ബോര്‍ഡ് എന്നിവയുള്‍പ്പെടെയുള്ള സര്‍വകലാശാലകളുടെയും സ്ഥാപനങ്ങളുടെയും ബോര്‍ഡുകളില്‍ അംഗം എന്നീ പദവികളും വഹിച്ചു.
ഖത്തറിലെ ഹമദ് ബിന്‍ ഖലീഫ സര്‍വകലാശാലയിലെ കോളേജ് ഓഫ് ഇസ്ലാമിക് സ്റ്റഡീസിന് കീഴിലെ ഗവേഷണ-അക്കാദമിക് കേന്ദ്രമായ റിസേര്‍ച്ച് സെന്റര്‍ ഫോര്‍ മുസ്ലിം കോണ്‍ട്രിബ്യൂഷന്‍സ് ടു ഹ്യൂമന്‍ സിവിലൈസേഷന്‍ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് മുന്‍ ഡയറക്ടര്‍ ജനറലായിരുന്ന ഡോ. ഖാലിദ് ബിന്‍ അബ്ദുല്ല ബിന്‍ ബകര്‍ സഹോദരനാണ്.





