റിയാദ്- സൗദി പ്രവാസികളുടെ ഏറെക്കാലത്തെ കാത്തിരിപ്പിന് വിരാമം ആകുന്നു. സൗദി തലസ്ഥാനമായ റിയാദിൽനിന്ന് കോഴിക്കോട്ടേക്ക് സൗദിയ അടുത്ത മാസം സർവീസ് ആരംഭിക്കും. ഫെബ്രുവരി മൂന്നിന് ആദ്യവിമാനം റിയാദിൽനിന്ന് കോഴിക്കോട്ടേക്ക് തിരിക്കും.
ചൊവ്വ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിലാണ് എയർ ബസ് 320 വിമാനം സർവീസ് നടത്തുക. പുലർച്ചെ 1.20ന് പുറപ്പെടുന്ന വിമാനം 8.35ന് കോഴിക്കോട്ട് ലാന്റ് ചെയ്യും. രാവിലെ 9.45ന് കോഴിക്കോട്ട് നിന്ന് തിരിച്ച് 12.50ന് റിയാദിലെത്തും. ഇരുപത് ബിസിനസ് ക്ലാസ് ടിക്കറ്റും 168 എക്കോണമി ക്ലാസ് ടിക്കറ്റുമാണ് വിമാനത്തിലുണ്ടാകുക എന്ന് ജിദ്ദ അക്ബർ ട്രാവൽസ് മാനേജർ സയീദ് ദ മലയാളം ന്യൂസിനോട് പറഞ്ഞു. 677 റിയാലാണ് നിലവിൽ എക്കോണമി ക്ലാസിൽ കാണിക്കുന്ന ടിക്കറ്റ് നിരക്ക്. ബിസിനസ് ക്ലാസിൽ 2400 റിയാലുമാണ്.
ജിദ്ദയിൽനിന്ന് കണക്ഷൻ ഫ്ലൈറ്റ് വഴി യാത്ര ഒരുക്കാനുള്ള സംവിധാനവും ആലോചനയിലുണ്ട്. പ്രവാസികൾക്ക് ഏറെ ആശ്വാസമാണ്.


സൗദിയ കോഴിക്കോട്ടേക്ക് സർവീസ് ആരംഭിക്കുന്നത് സംബന്ധിച്ച് വിവിധ കോണുകളിൽനിന്ന് നിരവധി തവണ വാർത്തകൾ വന്നിരുന്നു. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകൾ ഉണ്ടായിരുന്നില്ല. എന്നാൽ നിലവിൽ സൗദി എയർലൈൻസിന്റെ ഔദ്യോഗിക സൈറ്റിൽ ഇതുസംബന്ധിച്ച അപ്ഡേഷൻ വന്നിട്ടുണ്ട്. നിലവിൽ കോഴിക്കോട് നിന്ന് റിയാദിലേക്കുള്ള സമയമാണ് വന്നിട്ടുള്ളത് എങ്കിലും ഉടൻ റിയാദ്-കോഴിക്കോട് സമയക്രമവും സൈറ്റിൽ അപ്ഡേറ്റ് ചെയ്യുമെന്ന് ബന്ധപ്പെട്ടവർ ദ മലയാളം ന്യൂസിനോട് പറഞ്ഞു.



