റിയാദ്: 2034-ലെ ഫിഫ ലോകകപ്പ് മത്സരങ്ങൾക്ക് വേദിയാകുമെന്ന് പ്രതീക്ഷിച്ചിരുന്ന സൗദി അറേബ്യയുടെ സ്വപ്ന പദ്ധതിയായ ‘നിയോം സ്റ്റേഡിയം’ താത്കാലികമായി മാറ്റിവെച്ചതായി റിപ്പോർട്ട്. 250 കോടി ഡോളർ (ഏകദേശം 21,000 കോടി രൂപ) ചെലവ് പ്രതീക്ഷിച്ചിരുന്ന പദ്ധതിയാണ് അനിശ്ചിതത്വത്തിലായിരിക്കുന്നത്.
46,000 പേർക്ക് ഒരേസമയം കളി കാണാൻ സൗകര്യമുള്ള ഈ സ്റ്റേഡിയം, സൗദി ലോകകപ്പ് ഘടനയിലെ തന്നെ ഏറ്റവും ആകർഷകമായ നിർമ്മിതിയായാണ് വിഭാവനം ചെയ്തിരുന്നത്. നിയോം മെഗാ സിറ്റിയുടെ ഭാഗമായ ‘ദി ലൈൻ’ (The Line) എന്ന 160 കിലോമീറ്റർ നീളമുള്ള നഗരത്തിനുള്ളിൽ, ഭൂനിരപ്പിൽനിന്ന് 350 മീറ്ററിലധികം ഉയരത്തിൽ അന്തരീക്ഷത്തിൽ തൂങ്ങിനിൽക്കുന്ന രീതിയിലാണ് ഇത് രൂപകൽപ്പന ചെയ്തത്. നിർമ്മിക്കപ്പെട്ടിരുന്നെങ്കിൽ ലോകത്തിലെ ആദ്യത്തെ ‘സ്‌കൈ സ്റ്റേഡിയം’ (Sky Stadium) എന്ന അപൂർവ്വ നേട്ടവും ഇതിന് സ്വന്തമാകുമായിരുന്നു.
‘ദി ലൈൻ’ പദ്ധതിയിലുണ്ടായ കാലതാമസവും വ്യാപ്തി കുറച്ചതുമാണ് സ്റ്റേഡിയം നിർമ്മാണം നിർത്തിവെക്കാൻ കാരണമെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ദുബായ് ആസ്ഥാനമായുള്ള ബിസിനസ് പ്ലാറ്റ്‌ഫോം ‘മീഡ് പ്രോജക്റ്റ്‌സ്’ ഈ പദ്ധതിയെ പൂർത്തീകരണ തീയതിയില്ലാത്ത ‘സസ്പെൻഡഡ്’ (താത്കാലികമായി നിർത്തിവെച്ചവയുടെ) പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ ‘വിഷൻ 2030’ പദ്ധതിയുടെ പ്രധാന ഭാഗമായാണ് നിയോം പ്രഖ്യാപിക്കപ്പെട്ടത്. എന്നാൽ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും, ചില ക്രമീകരണങ്ങൾ വരുത്തുക മാത്രമാണ് ചെയ്തതെന്നുമാണ് പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ഗവർണർ യാസിർ അൽറുമയ്യാൻ വ്യക്തമാക്കിയത്.
നിയോം സ്റ്റേഡിയത്തിന്റെ ഭാവി അനിശ്ചിതത്വത്തിലാണെങ്കിലും, മറ്റ് ലോകകപ്പ് സ്റ്റേഡിയങ്ങളുടെ നിർമ്മാണ പ്രവർത്തനം അതിവേഗം മുന്നേറുന്നുണ്ട്. അൽഖോബാറിലെ അരാംകോ സ്റ്റേഡിയം പൂർത്തിയായി വരികയും റിയാദിലെ കിംഗ് ഫഹദ് സ്റ്റേഡിയം നവീകരിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ആദ്യമായി ഒരു രാജ്യം മാത്രം ആതിഥേയത്വം വഹിക്കുന്ന 48 ടീമുകളുടെ ഫുട്ബോൾ ലോകകപ്പിനായി സൗദി അറേബ്യയിലൊട്ടാകെ 15 സ്റ്റേഡിയങ്ങളാണ് വികസിപ്പിക്കുന്നത്.







