ഗാസ സിറ്റി– ഗാസ മുനമ്പില്‍ ഇസ്രായേല്‍ നടത്തിയ വ്യോമ-ഡ്രോണ്‍ ആക്രമണങ്ങളില്‍ ആറ് ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗാസ സിവില്‍ ഡിഫന്‍സ് ഏജന്‍സി അറിയിച്ചു. മധ്യ ഗാസയില്‍ ഇസ്രായേല്‍ കരയാക്രമണം നടത്തിയതിന് തൊട്ടുപിന്നാലെയാണ് പുതിയ ആക്രമണങ്ങള്‍ ഉണ്ടായത്. മധ്യ ഗാസയിലെ ബുറൈജ് അഭയാര്‍ഥി ക്യാമ്പിന് തെക്കുപടിഞ്ഞാറായി നടന്ന ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ നാല് ഫലസ്തീനികള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി സിവില്‍ ഡിഫന്‍സ് വക്താവ് മഹ്മൂദ് ബസല്‍ പറഞ്ഞു. കൊല്ലപ്പെട്ടവരില്‍ രണ്ട് പേരുടെ വീതം മൃതദേഹങ്ങള്‍ സമീപത്തുള്ള അല്‍-അഖ്സ മാര്‍ട്ടിയേഴ്സ് ആശുപത്രിയിലും അല്‍-ഔദ ആശുപത്രിയിലും എത്തിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചു.
കൂടാതെ, ദെയ്ര് അല്‍-ബലഹില്‍ പലായനം ചെയ്യപ്പെട്ടവര്‍ താമസിക്കുന്ന അല്‍-മുനസാര ക്യാമ്പിലെ കൂടാരത്തിന് നേരെയും, നുസൈറാത്ത് അഭയാര്‍ഥി ക്യാമ്പിന് വടക്കും ഇസ്രായേല്‍ നടത്തിയ ഡ്രോണ്‍ ആക്രമണങ്ങളില്‍ ഓരോ ഫലസ്തീനികള്‍ വീതം കൊല്ലപ്പെട്ടു. ഈ രണ്ട് മൃതദേഹങ്ങളും അല്‍-അഖ്സ മാര്‍ട്ടിയേഴ്സ് ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്.
കരയാക്രമണത്തിന് പിന്നാലെ മധ്യ ഗാസയില്‍ ടാങ്കുകള്‍ ഉപയോഗിച്ചുള്ള കരയാക്രമണം പൂര്‍ത്തിയാക്കിയതായി ഇസ്രായേല്‍ സൈന്യം വ്യാഴാഴ്ച അറിയിച്ചിരുന്നു. ബുധനാഴ്ച ആരംഭിച്ച ഈ സൈനിക നീക്കം, വെടിനിര്‍ത്തലിന് ശേഷം ഇരുവിഭാഗത്തിന്റെയും നിയന്ത്രണത്തിലുള്ള പ്രദേശങ്ങളെ വേര്‍തിരിക്കുന്ന ‘യെല്ലോ ലൈനിന്’ അപ്പുറമുള്ള ഹമാസ് മേഖലകളിലായിരുന്നു. സൈനികര്‍ക്ക് ഭീഷണിയായ ഒരു തുരങ്കം തകര്‍ക്കാനാണ് ഈ നടപടിയെന്നാണ് സൈന്യത്തിന്റെ വിശദീകരണം.
2023 ഒക്ടോബര്‍ ഏഴിന് ആരംഭിച്ച യുദ്ധം രണ്ട് വര്‍ഷം പിന്നിട്ട ശേഷം, 2025 ഒക്ടോബറിലാണ് ഗാസയില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നത്. എന്നാല്‍ കരാര്‍ ലംഘിക്കുന്നതായി ഇസ്രായേലും ഹമാസും പരസ്പരം ആരോപിക്കുന്നുണ്ട്. വെടിനിര്‍ത്തല്‍ നിലവില്‍ വന്നതിന് ശേഷം ഇതുവരെ ഗാസയില്‍ 1,600-ലധികം ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍.



