വാഷിംഗ്ടണ്‍– ഇറാനെതിരായ സൈനിക ആക്രമണം പുനരാരംഭിക്കാന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് മേല്‍ അമേരിക്കയിലെയും ഇസ്രായേലിലെയും തീവ്രനിലപാടുകാരായ ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദം ശക്തമാക്കുന്നു. അതേസമയം, പുതുവര്‍ഷം വരെ നിലവിലെ സൈനിക വിന്യാസവും സ്തംഭനാവസ്ഥയും തുടര്‍ന്നാല്‍ അത് സേനയുടെ സുസജ്ജതയെ സാരമായി ബാധിക്കുമെന്ന് യു.എസ് സൈനിക ആസൂത്രകര്‍ മുന്നറിയിപ്പ് നല്‍കിയതായി ‘ഫിനാന്‍ഷ്യല്‍ ടൈംസ്’ റിപ്പോര്‍ട്ട് ചെയ്തു.
ഡിസംബര്‍ അവസാനത്തിന് ശേഷവും സൈനിക സന്നാഹം തുടര്‍ന്നാല്‍ സേനയ്ക്ക് അമിത സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മിഡില്‍ ഈസ്റ്റിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് (സെന്റ്കോം) ഭരണകൂടത്തെ അറിയിച്ചിട്ടുണ്ട്. ഒരു വര്‍ഷത്തോടടുക്കുന്ന സൈനിക വിന്യാസം കാരണം ഫണ്ടുകളും സന്നദ്ധതയും കുറഞ്ഞുവരികയാണെന്നും ഇത് ലോകമെമ്പാടുമുള്ള മറ്റ് ഭീഷണികളെ നേരിടാനുള്ള ശേഷിയെ ബാധിക്കുമെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.
കൂടാതെ, നവംബര്‍ 3ലെ ഇടക്കാല തെരഞ്ഞെടുപ്പില്‍ വിജയിച്ച ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള പുതിയ കോണ്‍ഗ്രസ് പ്രതിരോധ ചെലവുകള്‍ വെട്ടിക്കുറയ്ക്കാനും വിദേശ സൈനിക നടപടികളില്‍ കര്‍ശന മേല്‍നോട്ടം ഏര്‍പ്പെടുത്താനും സാധ്യതയുണ്ടെന്ന് സൈനിക ആസൂത്രകര്‍ വിലയിരുത്തുന്നു. ഇതിന് മുന്‍പേ, വര്‍ഷാവസാനത്തിന് മുന്‍പ് ഇറാനെതിരെ പുതിയ ആക്രമണങ്ങള്‍ നടത്താന്‍ ട്രംപിനെ പ്രേരിപ്പിക്കുകയാണ് ഇസ്രായേല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ചില യു.എസ് ഉദ്യോഗസ്ഥരും.
തിടുക്കമില്ലെന്ന് ട്രംപ് സമ്മര്‍ദ്ദങ്ങള്‍ ശക്തമാണെങ്കിലും ആക്രമണം പുനരാരംഭിക്കുന്ന കാര്യത്തില്‍ ട്രംപ് ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല. തീരുമാനമെടുക്കാന്‍ തിടുക്കമില്ലെന്നും പുതുവര്‍ഷത്തിന് ശേഷം എന്ത് സംഭവിക്കുമെന്ന് നോക്കാമെന്നും ട്രംപ് ‘ആക്‌സിയോസിനോട്’ വ്യക്തമാക്കി.
ഇറാനെതിരായ അമേരിക്കയുടെ സാമ്പത്തിക ഉപരോധങ്ങളും നാവിക ഉപരോധവും ഇറാനില്‍ വലിയ നാശനഷ്ടങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും, അതിനാല്‍ വലിയ തോതിലുള്ള സൈനിക നടപടിയുടെ ആവശ്യമില്ലെന്നുമാണ് ഒരു വിഭാഗം യു.എസ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. എങ്കിലും ഇറാന്‍ ആണവായുധം സ്വന്തമാക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ എല്ലാ വഴികളും തുറന്നിട്ടിരിക്കുകയാണെന്ന് അവര്‍ പറയുന്നു.
കഴിഞ്ഞ മാസം നടന്ന ഇസ്രായേല്‍ തെരഞ്ഞെടുപ്പിനും യു.എസ് ഇടക്കാല തെരഞ്ഞെടുപ്പിനും മുന്‍പ് ഇറാനിലെ ഊര്‍ജ കേന്ദ്രങ്ങളും അടിസ്ഥാന സൗകര്യങ്ങളും ആക്രമിക്കണമെന്ന ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ആവശ്യം ട്രംപ് തള്ളിയിരുന്നു. ഡെമോക്രാറ്റുകളുടെ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം സൈനിക നടപടികളോടുള്ള ട്രംപിന്റെ താല്‍പര്യം കുറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.
ഉന്നതതല ചര്‍ച്ചകള്‍ യുദ്ധം പുനരാരംഭിക്കാന്‍ ട്രംപ് ഭരണകൂടത്തെ പ്രേരിപ്പിക്കുന്നതിന്റെ ഭാഗമായി മൊസാദ് മേധാവി റോമന്‍ ഗോഫ്മാന്‍ കഴിഞ്ഞ ആഴ്ച അമേരിക്ക സന്ദര്‍ശിച്ച് സി.ഐ.എ ഡയറക്ടര്‍ ജോണ്‍ റാറ്റ്ക്ലിഫ് ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്ന് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് മേധാവി അഡ്മിറല്‍ ബ്രാഡ് കൂപ്പര്‍ ഈ ആഴ്ച ഇസ്രായേലിലെത്തി ഗോഫ്മാനുമായും ഇസ്രായേല്‍ സൈനിക നേതൃത്വവുമായും കൂടിക്കാഴ്ച നടത്തി.
തെരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയ ഭാവി അനിശ്ചിതത്വത്തിലായി താല്‍ക്കാലിക സര്‍ക്കാരിനെ നയിക്കുന്ന നെതന്യാഹു, ഇറാന്‍ ആണവ പദ്ധതി പുനരാരംഭിക്കാന്‍ ശ്രമിക്കുകയാണെന്നും ഇസ്രായേലിന്റെ നിലനില്‍പ്പ് അപകടത്തിലാണെന്നും ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
കഴിഞ്ഞ ഏപ്രിലിലെ പ്രാരംഭ വെടിനിര്‍ത്തലിന് ശേഷവും യു.എസും ഇറാനും തമ്മില്‍ ഇടയ്ക്കിടെ ആക്രമണങ്ങള്‍ നടക്കുന്നുണ്ട്. ഹോര്‍മുസ് കടലിടുക്കിലെ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ സ്തംഭിച്ചതോടെ ആഗോള ഊര്‍ജ വിപണിയും സമ്പദ്വ്യവസ്ഥയും കടുത്ത സമ്മര്‍ദ്ദത്തിലാണ്.



