ജിദ്ദ: സൗദി അറേബ്യയിൽ ഇഖാമ, തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താൻ സുരക്ഷാ വകുപ്പുകൾ നടത്തുന്ന പരിശോധനകൾ തുടരുന്നു. 2026 ഏപ്രില്‍ 30 മുതല്‍ മെയ് 6 വരെയുള്ള ഒരാഴ്ചത്തെ കാലയളവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 11,175 നിയമലംഘകരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതിൽ 6,153 പേർ ഇഖാമ നിയമലംഘകരും, 3,619 പേർ നുഴഞ്ഞുകയറ്റക്കാരും, 1,403 പേർ തൊഴിൽ നിയമലംഘകരുമാണ്.
അതിർത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടെ 1,411 പേർ പിടിയിലായി. ഇതിൽ 62 ശതമാനം പേർ എത്യോപ്യക്കാരും 36 ശതമാനം പേർ യെമനികളുമാണ്. ഇവർക്ക് താമസ, യാത്രാ സൗകര്യങ്ങളും ജോലിയും നൽകിയ 19 പേരും അറസ്റ്റിലായിട്ടുണ്ട്. നിലവിൽ 28,678 നിയമലംഘകർ വിവിധ നാടുകടത്തൽ കേന്ദ്രങ്ങളിൽ നടപടികൾ കാത്തു കഴിയുകയാണ്. ഇവരിൽ 19,441 പേർക്ക് യാത്രാരേഖകൾ ലഭ്യമാക്കാൻ എംബസികളുമായും കോൺസുലേറ്റുകളുമായും സഹകരിച്ച് വരികയാണെന്നും 3,986 പേർക്ക് ടിക്കറ്റ് ബുക്കിംഗ് നടപടികൾ ആരംഭിച്ചതായും മന്ത്രാലയം വ്യക്തമാക്കി. ഒരാഴ്ചക്കിടെ 11,272 പേരെ നാടുകടത്തി.
നിയമലംഘകർക്ക് സഹായം നൽകുന്നവർക്ക് 15 വർഷം വരെ തടവും പത്ത് ലക്ഷം റിയാൽ പിഴയും ലഭിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. നിയമലംഘനങ്ങളെക്കുറിച്ച് മക്ക, മദീന, റിയാദ് പ്രവിശ്യകളിലുള്ളവർ 911 എന്ന നമ്പറിലും മറ്റുള്ളവർ 999, 996 എന്നീ നമ്പറുകളിലും അറിയിക്കണം.



