ജിദ്ദ– കഴിഞ്ഞ വർഷം ഒക്‌ടോബർ മാസത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ ഒക്ടോബറിൽ രാജ്യത്ത് പണപ്പെരുപ്പം 2.2 ശതമാനമായി വർധിച്ചതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു. 2025 സെപ്തംബർ മാസത്തെ അപേക്ഷിച്ച് ഒക്‌ടോബറിൽ പണപ്പെരുപ്പം 0.3 ശതമാനം തോതിൽ വർധിച്ചു. പാർപ്പിട വാടക, വെള്ളം, വൈദ്യുതി, ഗ്യാസ്, മറ്റ് ഇന്ധന വിലകൾ 4.5 ശതമാനവും ഭക്ഷണ, പാനീയ വിലകൾ 1.5 ശതമാനവും റെസ്‌റ്റോറന്റ്, താമസ സേവന നിരക്കുകൾ 1.1 ശതമാനവും തോതിൽ വർധിച്ചതാണ് പണപ്പെരുപ്പം 2.2 ശതമാനം തോതിൽ ഉയരാൻ കാരണം.
വ്യക്തിഗത പരിചരണം, സാമൂഹിക സംരക്ഷണം, മറ്റ് സാധനങ്ങൾ, സേവനങ്ങൾ എന്നീ വിഭാഗത്തിൽ നിരക്കുകൾ 5.9 ശതമാനം തോതിൽ വർധിച്ചു. ആഭരണങ്ങളുടെയും വാച്ചുകളുടെയും വിലകൾ 22 ശതമാനം വർധിച്ചതിന്റെ സ്വാധീനത്താൽ മറ്റ് വ്യക്തിഗത വസ്തുക്കളുടെ വിലകൾ 19.9 ശതമാനം തോതിൽ വർധിച്ചു. ഗതാഗത മേഖലയിൽ നിരക്കുകൾ 1.6 ശതമാനം തോതിൽ വർധിച്ചു. ഇൻഷുറൻസ്, ധനകാര്യ സേവന മേഖലയിലെ നിരക്കുകൾ 8.2 ശതമാനം ഉയർന്നു. ഫർണിച്ചർ, വീട്ടുപകരണങ്ങൾ, പതിവ് ഹോം മെയിന്റനൻസ് വിഭാഗത്തിൽ വിലകൾ 0.5 ശതമാനം തോതിൽ കുറഞ്ഞു. ടെലികോം, ഐ.ടി വിഭാഗത്തിൽ നിരക്കുകൾ 0.2 ശതമാനം തോതിലും കുറഞ്ഞതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു.



