ജിദ്ദ – മേഖലയില്‍ സൈനിക സംഘര്‍ഷം വര്‍ധിക്കുന്നതില്‍ സൗദി അറേബ്യക്കുള്ള കടുത്ത ആശങ്ക സൗദി വിദേശ മന്ത്രാലയം പ്രകടിപ്പിച്ചു. സംഘര്‍ഷം കുറക്കണമെന്നും സംയമനം പാലിക്കണമെന്നും കൂടുതല്‍ സംഘര്‍ഷത്തിലേക്കും അസ്ഥിരതയിലേക്കും മേഖല വഴുതിവീഴുന്നത് തടയുന്ന രാഷ്ട്രീയ പരിഹാരത്തിലെത്താന്‍ പാകിസ്ഥാന്റെ മധ്യസ്ഥതക്കും നയതന്ത്ര ശ്രമങ്ങള്‍ക്കും പിന്തുണ നല്‍കണമെന്നും വിദേശ മന്ത്രാലയം ആഹ്വാനം ചെയ്തു. സംഘര്‍ഷവും അസ്ഥിരതയും മേഖലയുടെയോ ലോകത്തിന്റെയോ താല്‍പ്പര്യത്തിന് നിരക്കാത്തതാണ്.
ഹോര്‍മുസ് കടലിടുക്കില്‍ അന്താരാഷ്ട്ര സമുദ്ര ഗതാഗത സ്വാതന്ത്ര്യം ഫെബ്രുവരി 28 ന് മുമ്പുള്ളതുപോലെ സാധാരണ നിലയിലേക്ക് പുനഃസ്ഥാപിക്കേണ്ടത് പ്രധാനമാണ്. നിയന്ത്രണങ്ങളില്ലാതെ കപ്പലുകളുടെ സുരക്ഷിതമായ കടന്നുപോകലിന് ഉറപ്പ് നല്‍കണമെന്നും സൗദി വിദേശ മന്ത്രാലയം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
അതിനിടെ, സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്‌യാനുമായി ഫോണില്‍ ബന്ധപ്പെട്ട് ചര്‍ച്ച നടത്തി. യു.എ.ഇയെ ലക്ഷ്യം വെച്ചുള്ള അന്യായമായ ഇറാന്‍ ആക്രമണങ്ങളെ സൗദി അറേബ്യ ശക്തമായി അപലപിക്കുന്നതായി കിരീടാവകാശി പറഞ്ഞു. സുരക്ഷയും സ്ഥിരതയും സംരക്ഷിക്കാന്‍ സൗദി അറേബ്യ യു.എ.ഇക്കൊപ്പം നിലയുറപ്പിക്കുമെന്നും കിരീടാവകാശി പറഞ്ഞു. മേഖലയിലെ സംഭവവികാസങ്ങളും സുരക്ഷയും സ്ഥിരതയും വര്‍ധിപ്പിക്കാനുള്ള വഴികളും ഇരുവരും വിശകലനം ചെയ്തു.



