റിയാദ് – രണ്ട് റിയാലിന്റെ പേരിലുള്ള തര്‍ക്കത്തിനിടെ വഴിവാണിഭക്കാരനെ കൊലപ്പെടുത്തിയ സൗദി പൗരന് 20 ദിവസത്തിനുള്ളില്‍ വധശിക്ഷ നടപ്പാക്കുമെന്ന് റിപ്പോര്‍ട്ട്. ജോലി സ്ഥലത്തു നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ സൗദി പൗരന്‍ തെരുവില്‍ തണ്ണിമത്തന്‍ വില്‍ക്കുന്നയാളുടെ അടുത്ത് കാര്‍ നിര്‍ത്തി വില ചോദിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം.
കച്ചവടക്കാരന്‍ ഒരു തണ്ണിമത്തന് 17 റിയാല്‍ വില പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലെല്ലാം 15 റിയാലിനാണ് താന്‍ താങ്കളില്‍ നിന്ന് തണ്ണിമത്തന്‍ വാങ്ങിയതെന്ന് സൗദി പൗരന്‍ കച്ചവടക്കാരനോട് പറഞ്ഞു. ഇത് ഇരുവര്‍ക്കുമിടയില്‍ നീണ്ട തര്‍ക്കത്തിനും വാഗ്വാദത്തിനും കാരണമായി. ഇതോടെ 100 റിയാലിന് പോലും ഞാന്‍ താങ്കള്‍ക്ക് തണ്ണിമത്തന്‍ വില്‍ക്കില്ലെന്ന് ദൈവത്തിന്റെ പേരില്‍ ആണയിടുന്നതായി വില്‍പ്പനക്കാരന്‍ സൗദി പൗരനോട് പറഞ്ഞു.
ഇത് കേട്ട് ദേഷ്യം പിടിച്ച സൗദി പൗരന്‍ തണ്ണിമത്തന്‍ മുറിച്ചു കാണിക്കാന്‍ വഴിവാണിഭക്കാരന്‍ ഉപയോഗിക്കുന്ന കത്തിയെടുത്ത് അയാളെ കുത്തിക്കൊല്ലുകയായിരുന്നു. കേസില്‍ അറസ്റ്റിലായ സൗദി പൗരന് വിചാരണ കോടതി വധശിക്ഷ വിധിച്ചു. ഇത് പിന്നീട് അപ്പീല്‍ കോടതിയും സുപ്രീം കോടതിയും ശരിവെച്ചു. ക്ഷണനേരത്തെ കോപം തന്റെ ജീവിതം കീഴ്‌മേല്‍ മറിച്ചതും സംഭവത്തിന്റെ വിശദാംശങ്ങളും ജയില്‍ സെല്ലില്‍ നിന്ന് ഹൃദയം നുറുങ്ങുന്ന വേദനയോടെ സൗദി പൗരന്‍ വ്യക്തമാക്കുന്ന ഓഡിയോ ക്ലിപ്പ് സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.



