മക്ക– വിവിധ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട നാല് വിദേശ പൗരന്മാരുടെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി. ബലാത്സംഗം, മോഷണം, മയക്കുമരുന്ന് കടത്ത് എന്നീ കേസുകളിൽ ശിക്ഷിക്കപ്പെട്ടവർക്കെതിരെയാണ് ആഭ്യന്തര മന്ത്രാലയം നടപടിയെടുത്തത്. മക്ക പ്രവിശ്യയിലും അസീർ പ്രവിശ്യയിലുമായാണ് ശിക്ഷാവിധികൾ നടപ്പിലാക്കിയത്.
യെമൻ പൗരനായ മാജിദ് അബ്ദു അഹ്‌മദിന്റെ വധശിക്ഷയാണ് മക്കയിൽ നടപ്പാക്കിയത്. നിരവധി വീടുകളിൽ അതിക്രമിച്ചു കയറി മോഷണം നടത്തുക, ഒരു സ്ത്രീയെ ക്രൂരമായി ബലാത്സംഗം ചെയ്യുക, കത്തി കാണിച്ച് കൊലവിളി നടത്തുക തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് ഇയാൾക്കെതിരെ തെളിയിക്കപ്പെട്ടത്. കൂടാതെ, സ്ത്രീകളെ ബ്ലാക്ക് മെയിൽ ചെയ്യുന്നതിനും അവിഹിത ബന്ധത്തിന് പ്രേരിപ്പിക്കുന്നതിനുമായി അവരുടെ വീഡിയോ ദൃശ്യങ്ങൾ പകർത്തുകയും സ്ത്രീകളുടെ മാനത്തിനും സ്വത്തിനും ഹാനി വരുത്തുകയും ചെയ്തതായും കണ്ടെത്തിയിരുന്നു.
മയക്കുമരുന്ന് കടത്ത് കേസിലെ പ്രതികളായ മൂന്ന് എത്യോപ്യൻ പൗരന്മാരുടെ വധശിക്ഷ അസീർ പ്രവിശ്യയിലാണ് നടപ്പാക്കിയത്. ഹഷീഷ് കടത്താൻ ശ്രമിച്ച കീലാനി അഖ്‌സ് മൗലായ ഫർസീർ, ഫ്‌ളിമോൻ ഹഖൂസ് ഖബ്‌റാ മസ്‌കൽ, കറം ഖബ്‌റാ മർയം ഖറസ് എന്നിവർക്കാണ് ശിക്ഷ ലഭിച്ചത്. രാജ്യത്തിന്റെ സുരക്ഷയ്ക്കും സമാധാനത്തിനും ഭീഷണിയാകുന്നവർക്കെതിരെ കർശന നടപടി തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.



