റിയാദ് – ബലാത്സംഗവും പിടിച്ചുപറിയും നടത്തുകയും മയക്കുമരുന്ന് ഉപയോഗിക്കുകയും ചെയ്ത കേസിലെ പ്രതിയായ സൗദി യുവാവിന് റിയാദില്‍ ഇന്ന് വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദി പൗരനായ ത്വലാല്‍ ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് ആലുമജ്ദൂഅ അല്മഗ്റബിക്ക് ആണ് ശിക്ഷ നടപ്പാക്കിയത്.
ഏതാനും സ്ത്രീകളെ പീഡിപ്പിക്കാന്‍ പദ്ധതി ആസൂത്രണം ചെയ്യുകയും ഇതിനായി അവരെ രഹസ്യമായി നിരീക്ഷിക്കുകയും ചെയ്ത പ്രതി, യുവതികളെ ക്രൂരമായി മര്‍ദ്ദിക്കുകയും ബലപ്രയോഗം നടത്തുകയും പരസ്യമായി ലൈംഗിക അതിക്രമം നടത്തുകയും വിവസ്ത്രരാക്കുകയും ചെയ്തിരുന്നു. ഇക്കൂട്ടത്തില്‍ ഒരാളെ പ്രതി ബലാത്സംഗം ചെയ്യുകയും പിന്നീട് യുവതിയുടെ കൈയിലുള്ള പണവും വിലപിടിച്ച വസ്തുക്കളും പിടിച്ചുപറിക്കുകയും ചെയ്തു.
മറ്റൊരു യുവതിയെ പരസ്യമായി ബലാത്സംഗം ചെയ്യാനും കൈവശമുള്ള പണവും വിലപിടിച്ച വസ്തുക്കളും പിടിച്ചുപറിക്കാനും പ്രതി ശ്രമിച്ചിരുന്നു. ക്രിസ്റ്റല്‍ മെത്ത്, ഹഷീഷ് എന്നീ രണ്ട് മയക്കുമരുന്ന് വസ്തുക്കള്‍ ഉപയോഗിച്ചിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.



