മക്ക – വിശുദ്ധ ഹറമിലും മസ്ജിദുന്നബവിയിലും ഹജ് സീസണിലെ വെള്ളിയാഴ്ചകളില്‍ ജുമുഅ ഖുതുബയുടെയും നമസ്‌കാരത്തിന്റെയും സമയം കുറക്കാന്‍ ഹറം മതകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ് ഹറമിലെയും പ്രവാചക പള്ളിയിലെയും ഇമാമുമാര്‍ക്കും ഖതീബുമാര്‍ക്കും നിര്‍ദേശം നല്‍കി.
ലക്ഷക്കണക്കിന് ഹജ് തീര്‍ഥാടകര്‍ ഇരു ഹറമുകളിലും ഒഴുകിയെത്തുന്നതും, മതാഫിലും ടെറസ്സുകളിലും മുറ്റങ്ങളിലും നമസ്‌കാരം നിര്‍വഹിക്കുന്നവരുടെ സാഹചര്യങ്ങളും കണക്കിലെടുത്തും, മക്കയിലും മദീനയിലും അനുഭവപ്പെടുന്ന കടുത്ത ചൂടില്‍ നിന്ന് വിശ്വാസികള്‍ക്ക് സംരക്ഷണം നല്‍കാനുമാണ് ഹജ് സീസണില്‍ ശേഷിക്കുന്ന വെള്ളിയാഴ്ചകളില്‍ ജുമുഅ ഖുതുബയും നമസ്‌കാരവും ചുരുക്കാന്‍ ഹറം മതകാര്യ വകുപ്പ് മേധാവി നിര്‍ദേശിച്ചത്.
ഹജ് സീസണില്‍ വിശുദ്ധ ഹറമിലും മസ്ജിദുന്നബവിയിലും ബാങ്കിനും ഇഖാമത്തിനും ഇടയിലെ കാത്തിരിപ്പ് കാലയളവും നമസ്‌കാരങ്ങളിലെ ഖുര്‍ആന്‍ പാരായണ അളവും കുറച്ച് വിശ്വാസികളുടെ ഭാരം ലഘൂകരിക്കാന്‍ ഹറം മതകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ് ഇരു ഹറമുകളിലെയും ഇമാമുമാരോട് കഴിഞ്ഞയാഴ്ച നിര്‍ദേശിച്ചിരുന്നു.