റിയാദ് – ഇരുപത്തിയൊന്നു വർഷം മുമ്പ് തങ്ങളെ വേർപ്പെടുത്തിയ ഡോ. അബ്ദുല്ല അൽറബീഅയെ സന്ദർശിച്ച് പോളിഷ് സയാമിസ് ഇരട്ടകളായ ഓൾഗയും ഡാരിയയും നന്ദി അറിയിച്ചു. റിയാദിലെ കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ ആസ്ഥാനത്തെത്തിയാണ് ഇരുവരും റോയൽ കോർട്ട് ഉപദേഷ്ടാവായ ഡോ. അൽറബീഅയുമായി കൂടിക്കാഴ്ച നടത്തിയത്. 2005 ജനുവരിയിൽ റിയാദിലെ കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിൽ വെച്ച് ഡോ. അൽറബീഅയുടെ നേതൃത്വത്തിലുള്ള 50 വിദഗ്ധരുടെ സംഘമാണ് 15 മണിക്കൂർ നീണ്ട സങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെ ഇവരെ വേർപ്പെടുത്തിയത്. നട്ടെല്ല്, പെൽവിസ്, ദഹന-മൂത്ര-പ്രത്യുൽപാദന വ്യവസ്ഥകൾ എന്നിവ ഒട്ടിപ്പിടിച്ച നിലയിലായിരുന്നതിനാൽ പോളണ്ടിലെ ഡോക്ടർമാർ ഈ ശസ്ത്രക്രിയയ്ക്ക് വിസമ്മതിച്ചിരുന്നു. എന്നാൽ സൗദി ഭരണകൂടത്തിന്റെ പൂർണ്ണ പിന്തുണയോടെയും ചെലവിലും നടത്തിയ ഈ ഓപ്പറേഷൻ ഒരു അത്ഭുതമായി മാറി.


20 ദിവസത്തോളം നീണ്ട സൂക്ഷ്മമായ പരിശോധനകൾക്കും 3-ഡി മാപ്പിംഗിനും ശേഷമാണ് ശസ്ത്രക്രിയ നടന്നത്. നാഡീവ്യൂഹങ്ങളെ കേടുപാടുകൾ കൂടാതെ വേർപെടുത്തുക എന്ന വെല്ലുവിളി നിറഞ്ഞ ഘട്ടം വിജയകരമായി മറികടന്നതോടെ ഇരുവരും പക്ഷാഘാതം പോലുള്ള അപകടങ്ങളിൽ നിന്ന് രക്ഷപ്പെട്ടു. ഈ ശസ്ത്രക്രിയ തങ്ങളുടെ ജീവിതത്തിലെ വലിയ വഴിത്തിരിവായെന്നും സ്വതന്ത്രമായി ജീവിക്കാൻ പ്രാപ്തരാക്കിയെന്നും ഇരട്ടകൾ പറഞ്ഞു. കഴിഞ്ഞ 35 വർഷത്തിനിടെ 28 രാജ്യങ്ങളിൽ നിന്നുള്ള 155 സയാമിസ് കുട്ടികളെ സൗദി പ്രോഗ്രാം പരിചരിക്കുകയും 67 വേർപ്പെടുത്തൽ ശസ്ത്രക്രിയകൾ നടത്തുകയും ചെയ്തിട്ടുണ്ട്.


മാനുഷിക പ്രവർത്തനങ്ങളിൽ സൗദി അറേബ്യ കൈവരിച്ച ആഗോള നേട്ടത്തിന്റെ പ്രതിഫലനമാണ് ഈ വിജയമെന്ന് ഡോ. അൽറബീഅ ഈ കൂടിക്കാഴ്ചയിൽ വ്യക്തമാക്കി.തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെയും അചഞ്ചലമായ പിന്തുണയും ശ്രദ്ധയും ഇല്ലായിരുന്നെങ്കില്‍, ആഗോള തലത്തില്‍ സൗദി സയാമിസ് പ്രോഗ്രാം നേടിയെടുത്ത അഭിമാനകരമായ നേട്ടം സാധ്യമാകുമായിരുന്നില്ലെന്നും ഡോ. അബ്ദുല്ല അല്‍റബീഅ പറഞ്ഞു.



