ദമാം- ദമാമിൽ പ്ലസ് വണ്‍ വിദ്യാര്‍ഥി ബാസ്കറ്റ് ബോള്‍ കളിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു. ദമ്മാം അല്‍മുന ഇന്റർനാഷണൽ സ്കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി കര്‍ണാടക മോഡ്ബിദ്രി കൊട്ടേബഗ്ലു സ്വദേശി മുഹമ്മദ് റയ്യാന്‍ (16) ആണ് മരിച്ചത്. സി.ബി.എസ്.ഇ സ്കൂള്‍ സോണല്‍ തല മത്സരത്തില്‍ ബാസ്കറ്റ് ബോള്‍ വിഭാഗത്തില്‍ കളിച്ച് കൊണ്ടിരിക്കെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുഹമ്മദ് റിയാസിന്റെയും ഷമീന റിയാസിന്റെയും മകനാണ്. മൃതദേഹം ദമ്മാം സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
മരണാനന്തര നടപടിക്രമങ്ങൾ അൽഖോബാർ കെ.എം.സി.സി പ്രസിഡന്റ് ഇഖ്ബാൽ ആനമങ്ങാട്, വെൽഫെയർ വിങ് ചെയർമാൻ ഹുസൈൻ നിലമ്പൂർ എന്നിവരുടെ നേതൃത്വത്തിൽ നടന്നുവരുന്നു.
അൽമുന സ്കൂൾ പ്രിൻസിപ്പൽ നൗഫൽ പാലക്കോത്, ജനറൽ മാനേജർ അബ്ദുൽ ഖാദർ മാസ്റ്റർ വാണിയമ്പലം, ഉണ്ണീൻ കുട്ടി കോട്ടോപ്പാടം എന്നിവരും നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ ആവശ്യമായ സഹായങ്ങൾ നൽകി സജീവമായി രംഗത്തുണ്ട്.



