ന്യൂയോർക്ക്: ലോകത്തിലെ മുൻനിര ശതകോടീശ്വരനും ടെസ്‌ല, എക്സ് (X) മേധാവിയുമായ ഇലോൺ മസ്‌കുമായുള്ള അഞ്ചു വർഷത്തിലധികം നീണ്ട പ്രണയബന്ധം അവസാനിപ്പിച്ചതായി പങ്കാളി ശിവോൺ സിലിസ്. മുന്നറിയിപ്പൊന്നുമില്ലാതെ പെട്ടെന്നാണ് മസ്‌ക് വേർപിരിയൽ തീരുമാനത്തിലേക്ക് എത്തിയതെന്ന് ന്യൂറാലിങ്ക് ഡയറക്ടർ കൂടിയായ ശിവോൺ സിലിസ് വെളിപ്പെടുത്തി. മസ്‌കിന്റെ 14 മക്കളിൽ നാലുപേരുടെ അമ്മയാണ് ശിവോൺ.
“യാതൊരു മുന്നറിയിപ്പുമില്ലാതെ, വെറും ഒരു ആഴ്ച കൊണ്ട് പ്രണയത്തിൽ നിന്ന് വേർപിരിയലിലേക്ക് എത്തിയത് കടുപ്പമേറിയ കാര്യമാണ്. എങ്കിലും ചിലപ്പോൾ കാര്യങ്ങൾ അങ്ങനെയൊക്കെയാണ്,” സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെ ശിവോൺ കുറിച്ചു. വേർപിരിയുന്നതിന് ഒരു ആഴ്ച മുൻപ് ഇരുവരും സ്നേഹം പങ്കുവെച്ചുള്ള വാട്ട്‌സ്ആപ്പ് ചാറ്റിന്റെ സ്ക്രീൻഷോട്ടും ശിവോൺ പുറത്തുവിട്ടു.
മസ്‌കിന് സ്ഥിരതയും ശാന്തതയും നിറഞ്ഞ സ്നേഹം നൽകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞ ശിവോൺ, സ്വന്തം ജീവനേക്കാൾ ഉപരിയായി അദ്ദേഹത്തെ സ്നേഹിച്ചിരുന്നുവെന്നും കൂട്ടിച്ചേർത്തു. എന്നാൽ ഈ വിഷയത്തിൽ മസ്‌ക് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
സങ്കീർണ്ണമായ കുടുംബജീവിതം
ദക്ഷിണാഫ്രിക്കൻ എഞ്ചിനീയറായ എറോൾ മസ്‌കിന്റെയും കാനഡക്കാരിയായ മോഡൽ മേയ് മസ്‌കിന്റെയും മകനാണ് ഇലോൺ മസ്‌ക്. വ്യക്തിജീവിതത്തിലെ തുടർച്ചയായ വേർപിരിയലുകൾ കൊണ്ട് മുൻപും മസ്‌ക് വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്.
ജസ്റ്റിൻ വിൽസൺ: 2000-ൽ ആദ്യഭാര്യയായ ജസ്റ്റിൻ വിൽസണെ വിവാഹം കഴിച്ചു. ആദ്യ കുഞ്ഞ് നെവാഡ ജനിച്ചു മാസങ്ങൾക്കകം മരിച്ചു. തുടർന്ന് ഐ.വി.എഫ് വഴി ഇരട്ടക്കുട്ടികളും ട്രിപ്ലെറ്റുകളുമായി അഞ്ചു മക്കൾ കൂടി ജനിച്ചു. 2008-ൽ ഇവർ വേർപിരിഞ്ഞു. മസ്‌കുമായുള്ള ബന്ധം ഉപേക്ഷിച്ച മകൾ വിവിയൻ ജെന്ന ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം പിതാവുമായി അകൽച്ചയിലാണ്.
താലൂല റിലി: ബ്രിട്ടീഷ് നടിയായ താലൂലയെ മസ്‌ക് രണ്ടുതവണ വിവാഹം കഴിക്കുകയും രണ്ടുതവണ വേർപിരിയുകയും ചെയ്തു (2010–2012, 2013–2016).
ആംബർ ഹേർഡ്: ഹോളിവുഡ് നടി ആംബർ ഹേർഡുമായി 2017-ൽ ഹ്രസ്വകാല പ്രണയത്തിലായിരുന്നു.
ഗ്രൈംസ്: പോപ്പ് ഗായിക ഗ്രൈംസുമായി നാല് വർഷത്തോളം നീണ്ട ബന്ധത്തിൽ മസ്‌കിന് മൂന്ന് മക്കളുണ്ട്.
ശിവോൺ സിലിസ്: ന്യൂറാലിങ്ക് എക്സിക്യൂട്ടീവായ ശിവോണുമായി ഇരട്ടക്കുട്ടികളടക്കം നാല് മക്കളാണ് മസ്‌കിനുള്ളത്.
ആഷ്ലി സെന്റ് ക്ലെയർ: മസ്‌കിൽ തനിക്കൊരു മകനുണ്ടെന്ന് 2025 ഫെബ്രുവരിയിൽ മോഡലായ ആഷ്ലിയും വെളിപ്പെടുത്തിയിരുന്നു.







