ജിദ്ദ – തീര്‍ഥാടന കര്‍മ്മങ്ങള്‍ പൂര്‍ത്തിയായതോടെ വിദേശ ഹാജിമാര്‍ സ്വദേശങ്ങളിലേക്ക് മടങ്ങിത്തുടങ്ങി. ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഹജ് മടക്ക സര്‍വീസുകള്‍ക്ക് ഇന്ന് തുടക്കമായി. ഹാജിമാരുടെ മടക്കയാത്രാ നടപടിക്രമങ്ങള്‍ ജിദ്ദ എയര്‍പോര്‍ട്ടിലെ ജവാസാത്ത് ഉദ്യോഗസ്ഥര്‍ എളുപ്പത്തിലും സൗകര്യപ്രദമായും പൂര്‍ത്തിയാക്കി. ഹജ് കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കിയ തീര്‍ഥാടകര്‍ മടക്കയാത്രാ സമയങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. ഹാജിമാരുടെ മടക്കയാത്രാ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ജവാസാത്ത് സുസജ്ജമാണ്.
മിനായില്‍ നിന്ന് നേരത്തെ മടങ്ങാന്‍ തീരുമാനിച്ച ഹാജിമാര്‍ ഇന്നലെ (വെള്ളിയാഴ്ച) മൂന്ന് ജംറകളിലും കല്ലേറ് കര്‍മ്മം നടത്തിയും വിടവാങ്ങല്‍ ത്വവാഫ് നിര്‍വഹിച്ചും ഹജ് കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി. ശേഷിക്കുന്ന തീര്‍ഥാടകര്‍ തശ്രീഖിന്റെ മൂന്നാം ദിവസമായ ഇന്ന് കല്ലെറിഞ്ഞ് മിനാ വിട്ടു. മക്കയില്‍ നിന്ന് പുറപ്പെടുന്നതിന് മുമ്പ് ഇവര്‍ വിടവാങ്ങല്‍ ത്വവാഫ് നിര്‍വഹിക്കും. ഹജിന് മുമ്പായി മദീന സിയാറത്ത് പൂര്‍ത്തിയാക്കാത്ത ഹാജിമാര്‍ ഇന്നലെ മുതല്‍ മദീനയിലും എത്തിത്തുടങ്ങി. തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ ഉപഹാരമെന്നോണം ഇസ്ലാമികകാര്യ മന്ത്രാലയം ഹാജിമാര്‍ക്കിടയില്‍ വിശുദ്ധ ഖുര്‍ആന്‍ കോപ്പികളും വിവര്‍ത്തനങ്ങളും വിതരണം ചെയ്യുന്നുണ്ട്. മദീന കിംഗ് ഫഹദ് മുസ്ഹഫ് പ്രിന്റിംഗ് കോംപ്ലക്‌സില്‍ അച്ചടിച്ച വ്യത്യസ്ത വലിപ്പങ്ങളിലുള്ള മുസ്ഹഫ് കോപ്പികളും 80 ലധികം ഭാഷകളിലേക്ക് ഭാഷാന്തരം ചെയ്ത വിവര്‍ത്തനങ്ങളും അടക്കം 19 ലക്ഷം കോപ്പികളാണ് ഇത്തവണ വിതരണം ചെയ്യുന്നത്. ഇത് തങ്ങളുടെ സ്വന്തം ഭാഷകളില്‍ വിശുദ്ധ ഖുര്‍ആനിന്റെ അര്‍ഥങ്ങളും ആശയങ്ങളും പ്രയോജനപ്പെടുത്താന്‍ തീര്‍ഥാടകരെ പ്രാപ്തരാക്കുന്നു. തീര്‍ഥാടകര്‍ സ്വദേശങ്ങളിലേക്ക് മടങ്ങുന്ന സൗദിയിലെ എല്ലാ എയര്‍പോര്‍ട്ടുകളും കരാതിര്‍ത്തി പോസ്റ്റുകളും തുറമുഖങ്ങളും വഴി മുസ്ഹഫ് കോപ്പികളും വിവര്‍ത്തനങ്ങളും വിതരണം ചെയ്യും. ഇത് സാധ്യമായ ഏറ്റവും കൂടുതല്‍ തീര്‍ഥാടകരിലേക്ക് രാജാവിന്റെ സമ്മാനം എത്തുന്നുണ്ടെന്ന് ഉറപ്പാക്കുന്നു



