ജിദ്ദ- ഒരു പതിറ്റാണ്ട് കാലമായി വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ 24 മണിക്കൂറും അനുവാചകർക്ക് വൈജ്ഞാനിക വിരുന്നൊരുക്കി, പെരിന്തൽമണ്ണയിൽ നിന്നും ലോകത്തിന്റെ നാനാഭാഗങ്ങളിലുള്ള ലക്ഷക്കണക്കിന് ശ്രോദ്ധാക്കളിലേക്ക് സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്ന ഇസ്ലാമിക് ഓൺലൈൻ റേഡിയോ സംവിധാനമായ ‘പീസ് റേഡിയോ’ യുടെ ജിദ്ദയിലെയും പരിസരങ്ങളിലെയും ശ്രോദ്ധാക്കൾക്കായി സംഘടിപ്പിക്കപ്പെട്ട ലിസണെഴ്സ് മീറ്റ് വൈവിധ്യമായ അവതരണങ്ങൾ കൊണ്ടും മികച്ച സംഘാടനം കൊണ്ടും ശ്രദ്ധേയമായി.
വിശുദ്ധ ഖുർആനിന്റെ അർത്ഥവും ആശയവും ആഴത്തിൽ പഠിക്കാനായി ‘അന്നൂർ’ പ്രോഗ്രാം, ഹദീസ് പഠനത്തിനായി ‘തിരുനബിയോടൊപ്പം’ പരിപാടി, ആചാരാനുഷ്ഠാനങ്ങളിലെയും നിത്യജീവിതത്തിലെയും ഇസ്ലാമിക വിഷയങ്ങളിലെ സംശയനിവാരണത്തിനായി ‘അൽ-ഇജാബ’, കുടുംബ പ്രശ്നങ്ങൾക്ക് പരിഹാരം നിർദ്ദേശിക്കുന്ന ‘സ്നേഹക്കൂട്’ തുടങ്ങിയ പരിപാടികൾക്ക് പുറമെ കുട്ടികൾക്കായുള്ള സ്റ്റാർ ക്വസ്റ്റ്, സംഗീതത്തിന്റെ അകമ്പടിയില്ലാതെയും പാട്ടുകൾ ആസ്വദിക്കാനായി ‘സ്വരം’, പൊതു ജനങ്ങൾക്കായി സർക്കാർ സർക്കാരേതര സേവനങ്ങളെ പരിചയപ്പെടുത്തുന്ന ‘ജനക്ഷേമം’, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന വെള്ളിയാഴ്ച ഖുതുബകൾ സംപ്രേക്ഷണം ചെയ്യുന്ന ‘അൽ-മിമ്പർ’, പ്രശസ്തരായ ഡോക്ടർമാർ പങ്കെടുക്കുന്ന ആരോഗ്യ ചിന്തകൾ, കരിയറുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്കും തൊഴിലന്വേഷകർക്കുമായി ‘വഴികാട്ടി’, എല്ലാ ദിവസവും ജീവിതത്തിന് ഊർജ്ജം പകരുന്ന ‘പുലരിവെട്ടം’, വർത്തമാന സാമൂഹ്യ രാഷ്ട്രീയ വിഷയങ്ങളിൽ നിലപാടറിയിക്കുന്ന ‘സമകാലികം’, ‘ഡയലോഗ്’ തുടങ്ങി പീസ് റേഡിയോയിൽ സംപ്രേക്ഷണം ചെയ്തുകൊണ്ടിരിക്കുന്ന സുപ്രധാന പരിപാടികൾ സംഗമത്തിൽ ജിദ്ദാ മലയാളി സമൂഹത്തിന് പരിചയപ്പെടുത്തി.


ജിദ്ദാ ദഅവാ കോർഡിനേഷൻ കമ്മിറ്റി നവംബർ 20ന് സംഘടിപ്പിക്കുന്ന ഫാമിലി കോൺഫറൻസ് 2.0യുടെ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി, ഷറഫിയ്യ ഖാലിദ് ബിൻ വലീദിലുള്ള അനസ് ബിൻ മാലിക് ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ സ്ത്രീകളും കുട്ടികളുമടക്കം നൂറുക്കണക്കിന് ശ്രോദ്ധാക്കളും പുതിയ കേൾവിക്കാരും പങ്കെടുത്തു. സംഗമം ജെ.ഡി.സി.സി. പ്രസിഡണ്ട് സുനീർ പുളിക്കൽ ഉൽഘാടനം ചെയ്തു. സി.ആർ.ഇ. വിദ്യാർത്ഥി അഹ്മദ് റിഷാൻ ഖുർആൻ പാരായണം നിർവഹിച്ചു. ഇസ്ഹാഖ് ഉബൈദുല്ല, അഹ്ലാം മുത്തലിബ്, അബ്ദുല്ല സുനീർ, ഇസ്ലാഹ് ഉബൈദുല്ല എന്നിവർ ആലപിച്ച മധുര ഗാനങ്ങൾ സംഗമത്തിന് മാറ്റുകൂട്ടി. സത്താർ അൽ-ഹികമി, അമീൻ മുഹമ്മദ് മദനി എന്നിവരുടെ ആങ്കറിംഗ് ഓരോ സെഷനുകളും അനുവാചക ഹൃദയങ്ങൾക്ക് മനോഹര നിമിഷങ്ങൾ സമ്മാനിച്ചു. റിഷാദ് അൽ ഹികമി പീസ് റേഡിയോയുടെ നാൾവഴികളും കൈവരിച്ച നേട്ടങ്ങളും സദസ്സിനെ ബോധ്യപ്പെടുത്തി.
റിയാദ് ഇസ്ലാഹീ സെന്റർ പ്രബോധകനും വാഗ്മിയുമായ അബ്ദുല്ല അൽ ഹികമി ഉൽബോധനം നടത്തി, ജിദ്ദ കിംഗ് അബ്ദുൽ അസീസ് യൂനിവേഴ്സിറ്റി വിദ്യാർത്ഥി ഉവൈസ് ഹാറൂൺ മാറഞ്ചേരി, തൂലികാകാരൻ ദുൽഖർഷാൻ അലനല്ലൂർ, പ്രമുഖ ഓങ്കോളജിസ്റ്റ് ഡോ. ഇർഫാൻ നിവാസ്, ഹാഫിദ് ഇഖ്ബാൽ തുടങ്ങിയവർ പീസ് റേഡിയോയിലെ സുപ്രധാന പരിപാടികൾ സദസ്സിന് പരിചയപ്പെടുത്തി. വിസ്ഡം സൗദി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡണ്ടും ജെ.ഡി.സി.സി. ജനറൽ സെക്രട്ടറിയുമായ ഫൈസൽ വാഴക്കാട് ഫാമിലി കോൺഫറൻസ് 2.0 പരിപാടികൾ വിശദീകരിച്ചു. ജെ.ഡി.സി.സി. സെക്രട്ടറി റൗനഖ് പുത്തൂർ പള്ളിക്കൽ സ്വാഗതവും മുജീബ് തച്ചമ്പാറ നന്ദിയും പറഞ്ഞു.







