കുവൈത്ത് സിറ്റി- കൊടുംഭീകര സംഘടനയായ ഐ.എസിൽ ചേർന്നതിനും കുവൈത്തിലെ ശിയാ ആരാധനാലയങ്ങളിൽ ബോംബാക്രമണം നടത്താൻ പദ്ധതിയിട്ടതിനും ഈജിപ്തുകാരന് അഞ്ച് വർഷം തടവ് ശിക്ഷ. അപ്പീൽ കോടതിയുടെ സ്റ്റേറ്റ് സെക്യൂരിറ്റി ആന്റ് ടെററിസം ക്രൈംസ് സർക്യൂട്ടാണ് വിധി പ്രസ്താവിച്ചത്.
ഐ.എസിൽ ചേർന്നതും സ്ഫോടകവസ്തുക്കളുടെയും ബോംബുകളുടെയും ഉപയോഗത്തിൽ പരിശീലനം നേടിയതും കൂടാതെ, കുവൈത്തിന്റെ ദേശീയ താൽപ്പര്യങ്ങൾക്ക് ദോഷം വരുത്താൻ ശ്രമിച്ചതിനും അമീറിനെ പരസ്യമായി അപമാനിച്ചതിനും പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. കൗൺസിലർ അബ്ദുല്ല അൽസാനിഅ് അധ്യക്ഷനും കൗൺസിലർമാരായ മുഹമ്മദ് ജാഫർ, ഹമൂദ് അൽബദർ എന്നിവർ അംഗങ്ങളുമായ ബെഞ്ചാണ് ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട മറ്റ് കേസുകൾക്കൊപ്പം ഈ വിധിയും പുറപ്പെടുവിച്ചത്.
ലണ്ടനിൽ ഇസ്രായേൽ എംബസി ആക്രമിക്കാൻ ശ്രമം: കുവൈത്ത് പൗരന് ജീവപര്യന്തം തടവ്
ഇതേ ബെഞ്ച് പരിഗണിച്ച മറ്റ് രണ്ട് കേസുകളിലെ വിധികളും കോടതി പുറത്തുവിട്ടു. വിഭാഗീയ കലാപത്തിന് പ്രേരിപ്പിക്കുകയും കുവൈത്തിലെ ശിയാ സമൂഹത്തെ അപമാനിക്കുകയും ചെയ്തെന്ന ആരോപണം നേരിട്ട അഭിഭാഷകനെ കീഴ്ക്കോടതി കുറ്റവിമുക്തനാക്കിയ വിധി അപ്പീൽ കോടതി ശരിവച്ചു. എന്നാൽ, കുവൈത്തിനെതിരായ ആക്രമണത്തിനിടെ ഇറാനോട് അനുഭാവം പ്രകടിപ്പിച്ചതിന് വിചാരണ കോടതി കുറ്റവിമുക്തനാക്കിയ കുവൈത്തി പൗരന്റെ ഉത്തരവ് കോടതി റദ്ദാക്കി. എങ്കിലും ഈ പ്രതിക്ക് ജയിൽ ശിക്ഷ നൽകുന്നതിന് പകരം, സാമ്പത്തിക ജാമ്യത്തോടെ നല്ല പെരുമാറ്റത്തിനുള്ള പ്രതിജ്ഞ നൽകാൻ ഉത്തരവിടുകയാണ് ചെയ്തത്.







