ജിദ്ദ: ഏകദേശം 14 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യ പാസ്‌പോർട്ട് നിരക്കുകൾ കുത്തനെ വർദ്ധിപ്പിച്ചത് ഗൾഫ് പ്രവാസികൾക്ക് വലിയ സാമ്പത്തിക ബാധ്യതയാകും. വിദേശകാര്യ മന്ത്രാലയം പാസ്‌പോർട്ട് (ഭേദഗതി) ചട്ടങ്ങൾ 2026 വഴി വിജ്ഞാപനം ചെയ്ത പുതുക്കിയ നിരക്കുകൾ ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും.
ഇന്ത്യയിൽ സാധാരണ വിഭാഗത്തിൽ 36 പേജുള്ള പാസ്‌പോർട്ടിന് നിരക്ക് 1,500 രൂപയിൽ നിന്ന് 2,500 രൂപയായും (67% വർദ്ധനവ്), തത്കാൽ നിരക്ക് 3,500-ൽ നിന്ന് 5,000 രൂപയായും ഉയർത്തി. 60 പേജുള്ള ജംബോ പാസ്‌പോർട്ടിന് സാധാരണ വിഭാഗത്തിൽ 3,500 രൂപയും (പഴയത് 2,000), തത്കാലിന് 6,000 രൂപയുമാണ് (പഴയത് 4,000) പുതിയ നിരക്ക്. പാസ്‌പോർട്ട് നഷ്ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ ഡ്യൂപ്ലിക്കേറ്റ് എടുക്കുന്നതിനാണ് ഏറ്റവും വലിയ നിരക്ക് വർദ്ധനവ് വന്നിരിക്കുന്നത് (36 പേജിന് സാധാരണ വിഭാഗത്തിൽ 5,000 രൂപയും തത്കാലിൽ 7,500 രൂപയും).
ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികൾ ഔദ്യോഗിക ഫീസ് ഘടന ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഇന്ത്യയിലെ നിരക്ക് വർദ്ധനവിന് ആനുപാതികമായി നോക്കുമ്പോൾ വലിയ വർധനവാണുള്ളത്.
സൗദി പ്രവാസികൾക്ക് ഉണ്ടാകുന്ന ബാധ്യത (ഏകദേശ കണക്ക്)
സൗദിയിലെ ഇന്ത്യൻ എംബസിയോ ജിദ്ദ കോൺസുലേറ്റോ ഔദ്യോഗിക റിയാൽ നിരക്കുകൾ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലെങ്കിലും, ഇന്ത്യയിലെ നിരക്ക് വർദ്ധനവിന്റെ അനുപാതം അടിസ്ഥാനമാക്കിയുള്ള ഏകദേശ കണക്കുകൾ താഴെ പറയുന്ന പ്രകാരമാണ്:
36 പേജ് സാധാരണ പാസ്‌പോർട്ട്: നിലവിലെ ഫീസ് 277 സൗദി റിയാൽ ആയിരുന്നത് പുതിയ നിരക്കിൽ ഏകദേശം 462 റിയാൽ ആയി ഉയരും.
36 പേജ് തത്കാൽ പാസ്‌പോർട്ട്: നിലവിലെ ഫീസ് 829 സൗദി റിയാലിൽ നിന്നും ഏകദേശം 1,106 സൗദി റിയാലായി വർദ്ധിക്കും.
60 പേജ് സാധാരണ പാസ്‌പോർട്ട്: നിലവിലെ ഫീസ് 369 റിയാൽ ആയിരുന്നത് ഏകദേശം 646 റിയാലാകും.
60 പേജ് തത്കാൽ പാസ്‌പോർട്ട്: നിലവിലെ ഫീസ് 921 സൗദി റിയാലിൽനിന്നും ഏകദേശം 1,106 സൗദി റിയാലായി ഉയരും.
പ്രായപൂർത്തിയാകാത്തവർക്കുള്ള സാധാരണ പാസ്‌പോർട്ടിന് നിലവിലെ 185 റിയാലിൽനിന്ന് ഏകദേശം 323 റിയാലായി ഉയരും.
നഷ്ടപ്പെട്ട/കേടുപാടുകൾ സംഭവിച്ച പാസ്‌പോർട്ട് (36 പേജ്) നിലവിലെ 553 സൗദി റിയാലിൽ നിന്ന് ഏകദേശം 923 റിയാലായും 60 പേജിന് 645 ൽ നിന്ന് ഏകദേശം 1,108 ആയും വർദ്ധിക്കും.
പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിലവിലെ ഫീസ് 93 റിയാൽ ആയിരുന്നത് ഏകദേശം 138 റിയാലായി ഉയരും.
(ശ്രദ്ധിക്കുക: ഇത് ഔദ്യോഗിക ഫീസ് പട്ടികയല്ല, വിജ്ഞാപനത്തിന് ശേഷം വരാൻ സാധ്യതയുള്ള നിരക്കുകൾ മാത്രമാണ്.)
യു.എ.ഇ പ്രവാസികൾക്ക് വരാനിരിക്കുന്ന മാറ്റങ്ങൾ
45 ലക്ഷത്തോളം ഇന്ത്യൻ പ്രവാസികൾ താമസിക്കുന്ന യു.എ.ഇയിലെ ഇന്ത്യൻ മിഷനുകളും പുതിയ നിരക്കുകൾ ഔദ്യോഗികമായി വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും. നിലവിൽ യു.എ.ഇയിൽ 36 പേജ് പാസ്‌പോർട്ടിന് 285 ദിർഹവും ജംബോ പാസ്‌പോർട്ടിന് 380 ദിർഹവുമാണ് അടിസ്ഥാന ഫീസ്. തത്കാൽ വിഭാഗത്തിൽ ഇത് യഥാക്രമം 855 ദിർഹവും 950 ദിർഹവുമാണ്. വെൽഫെയർ ഫണ്ടും സർവീസ് ചാർജും ഉൾപ്പെടെ സാധാരണ പാസ്‌പോർട്ടിന് നിലവിൽ 302.50 ദിർഹമാണ് അപേക്ഷകർ നൽകുന്നത്.
അതേസമയം, യു.എ.ഇയിലെ കോൺസുലാർ സേവനങ്ങളിൽ വലിയൊരു ഭരണപരമായ മാറ്റവും ജൂലൈ 1 മുതൽ നടപ്പിലാകുകയാണ്. നിലവിലുള്ള സേവന ദാതാക്കളായ ബി.എൽ.എസ് , ഐ.വി.എസ് എന്നിവരെ മാറ്റി ‘അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ്’ പുതിയ കോൺസുലാർ അപേക്ഷാ കേന്ദ്രങ്ങളുടെ ചുമതല ഏറ്റെടുക്കും. ഒരു അപേക്ഷയ്ക്ക് എല്ലാ സേവനങ്ങളും ഉൾപ്പെടെ 19 ദിർഹം എന്ന കുറഞ്ഞ നിരക്കാണ് അൽഹിന്ദ് ക്വോട്ട് ചെയ്തിരിക്കുന്നത്. പുതിയ പാസ്‌പോർട്ട് ഫീസ് വർദ്ധനവും ഈ 19 ദിർഹം സർവീസ് ചാർജും എങ്ങനെ ഒരുമിച്ച് ബാധിക്കുമെന്നതിനെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ എംബസി ഉടൻ പുറത്തുവിടും.
സേവന ദാതാക്കൾ മാറുന്നതിന്റെ ഭാഗമായി ജൂൺ 26 മുതൽ ജൂൺ 30 വരെ യു.എ.ഇയിൽ സാധാരണ പാസ്‌പോർട്ട് അപ്പോയിന്റ്മെന്റുകൾ ലഭ്യമാകില്ല. എന്നാൽ അടിയന്തര സാഹചര്യങ്ങളുള്ളവർക്ക് അബുദാബിയിലെ ഇന്ത്യൻ എംബസി വഴിയോ ദുബായിലെ കോൺസുലേറ്റ് വഴിയോ നേരിട്ട് സേവനങ്ങൾ ലഭിക്കും. ഇതിനായി ടോൾ ഫ്രീ നമ്പറായ 800 46342 വഴിയോ, +971 54 309 0571 എന്ന വാട്സ്ആപ്പ് നമ്പർ വഴിയോ ബന്ധപ്പെടാവുന്നതാണ്.



