ബിനാമി ബിസിനസ് കേസില്‍ കുറ്റക്കാരായ സൗദി പൗരനും ഈജിപ്തുകാരനും ദമാം ക്രിമിനല്‍ കോടതി രണ്ടു ലക്ഷം റിയാല്‍ പിഴ ചുമത്തി. രാജ്യത്തെ നിയമം അനുശാസിക്കുന്നതു പ്രകാരം വിദേശ നിക്ഷേപ ലൈസന്‍സ് നേടാതെ കിഴക്കന്‍ പ്രവിശ്യയിലെ ഖത്തീഫില്‍ സ്വന്തം നിലക്ക് ശുദ്ധീകരിച്ച സമുദ്രജലം ടാങ്കറുകളില്‍ വിതരണം ചെയ്യുന്ന സ്ഥാപനം നടത്തിയ ഈജിപ്തുകാരന്‍ ഹംദി സഈദ് അബ്ദുല്‍കരീം സഅദ്, ഇതിന് ആവശ്യമായ ഒത്താശകള്‍ ചെയ്തുകൊടുത്ത സൗദി പൗരന്‍ ഹുസൈന്‍ അബ്ദുറബ്ബ് റിദ ബാഖിര്‍ അല്‍ശഖ്‌സ് എന്നിവര്‍ക്കാണ് ശിക്ഷ. ബിനാമി സ്ഥാപനം അടച്ചുപൂട്ടാനും ലൈസന്‍സും കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനും റദ്ദാക്കാനും കോടതി വിധിച്ചു.
പ്രവാസികളുടെ ക്ഷേമവും സുരക്ഷയും ലക്ഷ്യമിട്ട് ജിസാൻ കെഎംസിസി ആവിഷ്കരിച്ച ‘പ്രവാസി കെയർ’ ജീവകാരുണ്യ പദ്ധതി വിജയിപ്പിക്കുന്നതിനും മേഖലയിലെ എല്ലാ പ്രവാസികളുടെയും പങ്കാളിത്തം ഉറപ്പാക്കി ഊർജിതമാക്കുന്നതിനും കെഎംസിസി ജിസാൻ സെൻട്രൽ കമ്മിറ്റിയുടെ കൗൺസിൽ മീറ്റിങ് തീരുമാനിച്ചു. കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ശംസു പൂക്കോട്ടൂർ അധ്യക്ഷത വഹിച്ച യോഗം കെഎംസിസി സൗദി നാഷണൽ കമ്മിറ്റി സെക്രട്ടറി ഹാരിസ് കല്ലായി ഉദ്ഘാടനം ചെയ്തു.