കോഴിക്കോട് – ആറു വർഷം മുൻപ് നാടുവിട്ടെന്നു കരുതിയ 29 കാരനെ സുഹൃത്തുക്കൾ ചേർന്ന് കുഴിച്ചിട്ടതാണെന്ന് കണ്ടെത്തൽ. അമിത അളവിൽ ബ്രൗണ്‍ഷുഗര്‍ ഇഞ്ചക്ഷന്‍ എടുത്തതാണ് മരണകാരണമെന്ന് മൊഴി. വെസ്റ്റ്ഹിൽ വേലത്തി പടിക്കൽ വിജിലിൻ്റെ തിരോധാനക്കേസിലാണ് നിർണായക വഴിത്തിരിവ്.
സംഭവത്തിൽ പ്രതികളുടെ അറസ്റ്റ് രേഖപ്പടുത്തി. എരഞ്ഞിപ്പാലം വാഴത്തിരുത്തി കൊളങ്ങരക്കണ്ടി മീത്തല്‍ കെ.കെ. നിഖില്‍ (35), വേങ്ങേരി തടമ്പാട്ടുതാഴം ചെന്നിയാംപൊയില്‍ വീട്ടില്‍ എസ്. ദീപേഷ് (37) എന്നിവരെയാണ് എലത്തൂർ പോലീസ് അറസ്റ്റുചെയ്തത്. ഇവരെ റിമാൻ്റ് ചെയ്തു. ഇവര്‍ക്കൊപ്പം പങ്കാളിയായിരുന്ന രഞ്ജിത്ത് ബെംഗളൂരുവില്‍ ഒളിവിലാണ്.
2019 മാർച്ച് 17 നാണ് വിജിലിനെ കാണാതായത്. വീട്ടിൽനിന്ന് ബൈക്കിൽ സുഹൃത്തുക്കളുടെ അടുത്തേക്ക് പോയതായിരുന്നു വിജിൽ. ലഹരി മരുന്ന് ഉപയോഗിക്കാനായി സരോവരം ഭാഗത്ത് സുഹൃത്തുക്കളെല്ലാം ഒത്തു ചേർന്നു. അമിത അളവിൽ ബ്രൗണ്‍ഷുഗര്‍ നൽകിയതിനെ തുടർന്ന് ബോധം നഷ്ടമായ വിജിൽ പിന്നീട് കണ്ണുതുറന്നില്ല. പിന്നാലെ വിജിൽ മരിച്ചെന്ന് ഇവർക്ക് വ്യക്തമായി. തുടർന്ന് ഭയന്നു പോയതോടെ മൃതദേഹം ആരും കാണാതെ ചതുപ്പിൽ കെട്ടിത്താഴ്ത്തിയ ശേഷം ഇവർ രക്ഷപ്പെടുകയായിരുന്നു. മാസങ്ങൾക്ക് ശേഷം സംഭവ സ്ഥലത്ത് എത്തി അഴുകിയ ശരീരത്തിൽ നിന്ന് എല്ലുകളെടുത്ത് പ്രതികൾ കടലിലൊഴുക്കി.
പഴയ മിസ്സിംഗ് കേസുകൾ വീണ്ടും പരിശോധിക്കാനുള്ള നിർദേശത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വിജിലിൻ്റെ തിരോധാനക്കേസിൻ്റെ ചുരുളഴിച്ചത്. സുഹൃത്തുക്കളെ വീണ്ടും ചോദ്യംചെയ്തതതോടെയാണ് ഇവർ കുറ്റം സമ്മതിച്ചത്.