റിയാദ്- 2024 നവംബര്‍ 1ന് മുമ്പ് രേഖപ്പെടുത്തി പിഴകള്‍ ചുമത്തിയ നിയമലംഘനങ്ങള്‍ക്കെതിരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്കു മുന്നില്‍ അപ്പീല്‍ നല്കാന് വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും അവസരം. പിഴകള്‍ ചുമത്തിയതില്‍ അപ്പീല്‍ നല്കാന് 60 ദിവസത്തെ സാവകാശം അനുവദിക്കാന്‍ തിരുഗേഹങ്ങളുടെ സേവകന് സല്മാന് രാജാവ് അനുമതി നല്കിയ കാര്യം അറിയിക്കുന്ന സര്‍ക്കുലര്‍ ഔദ്യോഗിക ഗസറ്റ് ആയ ഉമ്മുല്‍ഖുറാ പത്രത്തില്‍ പ്രസിദ്ധീകരിച്ചു.
അപ്പീലുകളില്‍ തീര്‍പ്പ് കല്പിക്കുന്നതുവരെ, അല്ലെങ്കില്‍ അപ്പീല്‍ ഫയല്‍ ചെയ്യാതെ സമയപരിധി അവസാനിക്കുന്നതുവരെ, ഇപ്പോഴത്തെ തീരുമാനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന നിയമ ലംഘനങ്ങള്‍ക്കുള്ള ശിക്ഷകള്‍ നടപ്പാക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ സര്‍ക്കുലര്‍ വ്യവസ്ഥ ചെയ്യുന്നു. ബന്ധപ്പെട്ട വകുപ്പുകളില്‍ നല്കുന്ന അപ്പീല്‍ നിരസിക്കപ്പെട്ടാല്‍ ഗ്രീവന്‍സ് ബോര്‍ഡില്‍ അപ്പീല്‍ നല്‍കാവുന്നതാണ്.
ഗതാഗത നിയമലംഘനങ്ങള്‍, കോവിഡ് -19 വ്യാപനം തടയാനുള്ള മുന്‍കരുതല്‍ നടപടികളുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങള്‍, പിഴ അടച്ചുകഴിഞ്ഞ നിയമലംഘനങ്ങള്‍ എന്നിവ ഈ തീരുമാനത്തില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു. നിയമപരമായി നിര്‍ണയിച്ച കാലയളവിനുള്ളില്‍ നേരത്തെ അപ്പീല്‍ ചെയ്യാത്ത നിയമലംഘനങ്ങളിലും പുതുതായി അപ്പീല്‍ നല്‍കാവുന്നതാണ്.



