റിയാദ്– വൻകിട ബഹുരാഷ്ട്ര കമ്പനികൾക്ക് 2027 ജനുവരി 1 മുതൽ ഡൊമസ്റ്റിക് മിനിമം ടോപ്പ്-അപ്പ് ടാക്‌സ് നടപ്പാക്കാൻ സൗദി അറേബ്യ ഒരുങ്ങുന്നു. സൗദിയിൽ പ്രവർത്തിക്കുന്ന യോഗ്യരായ ബഹുരാഷ്ട്ര കമ്പനി ഗ്രൂപ്പുകളുടെ ലാഭത്തിന് കുറഞ്ഞത് 15 ശതമാനം ഫലപ്രദമായ നികുതി നിരക്ക് ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു.
ആർക്കൊക്കെ ബാധകം?
- കുറഞ്ഞത് 75 കോടി യൂറോയോ അതിന് തുല്യമായ സൗദി റിയാലോ വാർഷിക വരുമാനമുള്ള ബഹുരാഷ്ട്ര ഗ്രൂപ്പുകളുടെ ഭാഗമായ സ്ഥാപനങ്ങൾക്കാണ് നികുതി ബാധകമാകുക.
- നികുതി പ്രാബല്യത്തിൽ വരുന്ന വർഷത്തിന് തൊട്ടുമുമ്പുള്ള നാല് സാമ്പത്തിക വർഷങ്ങളിൽ കുറഞ്ഞത് രണ്ടു വർഷമെങ്കിലും ഈ വരുമാന പരിധി കൈവരിച്ചിരിക്കണം. ഇതിനായി മാതൃകമ്പനിയുടെ ഏകീകൃത സാമ്പത്തിക രേഖകളാണ് മാനദണ്ഡമാക്കുക.
- സൗദി അറേബ്യയിൽ മാത്രം പ്രവർത്തിക്കുന്ന ആഭ്യന്തര കമ്പനികളെയും അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കാത്ത സ്ഥാപനങ്ങളെയും ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
നികുതി കണക്കാക്കുന്ന രീതി ബഹുരാഷ്ട്ര ഗ്രൂപ്പുകൾ സൗദിയിൽ നിന്ന് നേടുന്ന ലാഭത്തിന്മേലുള്ള യഥാർത്ഥ നികുതി നിരക്ക് 15 ശതമാനത്തിൽ താഴെയാണെങ്കിൽ, ആ കുറവ് നികത്താനായി അധിക നികുതി ഈടാക്കും. മൊത്തം വരുമാനത്തിനല്ല, മറിച്ച് ലാഭത്തിനുമേലുള്ള ഫലപ്രദമായ നികുതി നിരക്കിനാണ് ഈ പരിധി ബാധകമാകുക. കമ്പനികൾ നിയമത്തിന്റെ പരിധിയിൽ വരുമോ എന്ന് തീരുമാനിക്കാൻ മാത്രമാണ് 75 കോടി യൂറോ എന്ന വരുമാന പരിധി ഉപയോഗിക്കുന്നത്; അതിന്റെ അടിസ്ഥാനത്തിലല്ല അധിക നികുതി കണക്കാക്കുക.
ആഗോള ചട്ടക്കൂടിന്റെ ഭാഗം ഒ.ഇ.സി.ഡിയും ജി-20യും ചേർന്ന് രൂപീകരിച്ച ആഗോള നികുതി കരാറിലെ ‘പില്ലർ 2’ പ്രകാരമുള്ള ഗ്ലോബൽ ആന്റി-ബേസ് ഇറോഷൻ നിയമങ്ങളുടെ ഭാഗമായാണ് നടപടി. കുറഞ്ഞ നികുതി നിരക്കുകളുള്ള രാജ്യങ്ങളിലേക്ക് ലാഭം മാറ്റുന്നത് തടയാനും, രാജ്യത്തിന്റെ നികുതി വരുമാനം സംരക്ഷിക്കാനും, നികുതി വ്യവസ്ഥ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനും തീരുമാനം സഹായിക്കുമെന്ന് അതോറിറ്റി വ്യക്തമാക്കി.
പുതിയ നികുതിയുടെ പരിധിയിൽ വരാൻ സാധ്യതയുള്ള സ്ഥാപനങ്ങൾ കൂടുതൽ വ്യക്തതയ്ക്കായി അതോറിറ്റിയെ സമീപിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. 19993 എന്ന നമ്പറിലുള്ള 24 മണിക്കൂർ കോൾ സെന്റർ വഴിയോ, എക്സിലെ കസ്റ്റമർ സർവീസ് അക്കൗണ്ട് വഴിയോ, ഇ-മെയിൽ വഴിയോ ബന്ധപ്പെടാവുന്നതാണ്.



