അറഫ – അത്യുഷ്ണം കണക്കിലെടുത്ത് അറഫ ദിനത്തില്‍ വൈകുന്നേരം 4:00 മണി വരെ തീര്‍ഥാടകര്‍ അറഫയിലെ തങ്ങളുടെ ക്യാമ്പുകളില്‍ തന്നെ തുടരണമെന്ന് ഹജ്, ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു. ചൂട് കൂടിയ സമയങ്ങളില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നതില്‍ നിന്ന് സ്വയം പരിരക്ഷിക്കാനും ഹജിന്റെ ഏറ്റവും പ്രധാനപ്പെട്ട സ്തംഭമായ അറഫ സംഗമത്തില്‍ പങ്കെടുക്കുമ്പോള്‍ അത്യുഷ്ണം മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ കുറക്കാനും ഇത് സഹായിക്കും. അറഫ ദിന ഖുതുബ എല്ലാ ക്യാമ്പുകളിലേക്കും ഓഡിയോ, വീഡിയോ വഴി തത്സമയം സംപ്രേഷണം ചെയ്യും. തീര്‍ഥാടകര്‍ക്ക് തങ്ങളുടെ ക്യാമ്പുകള്‍ വിട്ടുപോകാതെയും സഞ്ചരിക്കാതെയും എളുപ്പത്തിലും ശാന്തമായും ഖുതുബ കേള്‍ക്കാന്‍ കഴിയുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
അംഗീകൃത ക്രൗഡ് മാനേജ്‌മെന്റ് പ്ലാനുകളും ഷെഡ്യൂളുകളും പാലിക്കുക. പ്രത്യേകം നിശ്ചയിച്ചതല്ലാത്ത പ്രദേശങ്ങളിലേക്കോ അനധികൃത റൂട്ടുകളിലേക്കോ പോകുന്നത് ഒഴിവാക്കണം. കാരണം ഇത് ജനക്കൂട്ട നിയന്ത്രണത്തെയും സ്ഥലങ്ങള്‍ക്കിടയിലുള്ള സുഗമമായ ചലനത്തെയും തടസ്സപ്പെടുത്തും. അപകടസാധ്യത കണക്കിലെടുത്ത് ജബലുറഹ്‌മ പര്‍വതം കയറരുത്. ഈ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നത് ഹജ് ചടങ്ങുകള്‍ എളുപ്പത്തിലും ശാന്തമായും നിര്‍വഹിക്കാന്‍ സഹായിക്കുമെന്നും ജനക്കൂട്ട നിയന്ത്രണ കാര്യക്ഷമത വര്‍ധിപ്പിക്കുമെന്നും എല്ലാ തീര്‍ഥാടകര്‍ക്കും സുരക്ഷിതവും വ്യവസ്ഥാപിതവുമായ അനുഭവം ഉറപ്പാക്കുമെന്നും ഹജ്, ഉംറ മന്ത്രാലയം കൂട്ടിചേർത്തു.



