ജിദ്ദ – തൊഴില്‍ നിയമത്തിലും എക്‌സിക്യൂട്ടീവ് ചട്ടങ്ങളിലും വരുത്തിയ പുതിയ ഭേദഗതികളുടെ അടിസ്ഥാനത്തില്‍, സൌദിയിലെ തൊഴില്‍ നിയമ ലംഘനങ്ങളുടെയും പിഴകളുടെയും പട്ടിക പുതുക്കുന്നു. ഇതിന്റെ കരട് രൂപം മന്ത്രാലയം പ്രസിദ്ധീകരിച്ചതായി മാനവശേഷി, സാമൂഹിക വികസന മന്ത്രി അഹ്മദ് അല്‍റാജ്ഹി പ്രഖ്യാപിച്ചു. സ്ഥാപനങ്ങള്‍ക്കും തൊഴില്‍ പരിശോധകര്‍ക്കും വേണ്ടി നിയമ ലംഘനങ്ങള്‍ വ്യക്തമായും കൃത്യമായും നിര്‍വചിക്കാനാണ് നിയമ ലംഘനങ്ങളുടെയും പിഴകളുടെയും പട്ടിക പുതുക്കുന്നതിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്. സൗദിയിലെ തൊഴിൽ മേഖലയെ ഒന്നാകെ പരിഷ്കരിക്കുന്നതിനാണ് ഇതുവഴി ലക്ഷ്യമിടുന്നത്. തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങള്‍ ഉറപ്പാക്കുകയും ചെയ്യും.
പൊതുസമൂഹത്തിന്റെയും വിദഗ്ധരുടെയും അഭിപ്രായ, നിര്‍ദേശങ്ങള്‍ക്കായി നാഷണല്‍ കണ്‍സള്‍ട്ടേഷന്‍ പ്ലാറ്റ്ഫോമിലാണ് കരട് രൂപം പ്രസിദ്ധീകരിച്ചത്. ഗുരുതരമായത് മുതല്‍ ഗുരുതരമല്ലാത്തത് വരെയുള്ള നിരവധി ലംഘനങ്ങള്‍ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്ഥാപനങ്ങളുടെ വര്‍ഗീകരണത്തെ അടിസ്ഥാനമാക്കി ചുമത്തുന്ന പിഴകള്‍ വ്യത്യാസപ്പെടുന്നു. ഇരുപതും അതില്‍ കുറവും തൊഴിലാളികളുള്ള സ്ഥാപനങ്ങളെ സി വിഭാഗവും 21 മുതല്‍ 49 വരെ തൊഴിലാളികളുള്ള സ്ഥാപനങ്ങളെ ബി വിഭാഗവും 50 ഉം അതില്‍ കൂടുതലും തൊഴിലാളികളുള്ള സ്ഥാപങ്ങളെ എ വിഭാഗവുമായാണ് തരംതിരിച്ചിരിക്കുന്നത്.
ലൈസന്‍സില്ലാതെ റിക്രൂട്ട്‌മെന്റ് മേഖലയിലും തൊഴിലാളി സേവനങ്ങള്‍ നല്‍കുന്ന മേഖലയിലും പ്രവര്‍ത്തിക്കുന്നത് ഗുരുതരമായ നിയമ ലംഘനമാണ്. ഇതിന് രണ്ടു ലക്ഷം റിയാല്‍ മുതല്‍ രണ്ടര ലക്ഷം റിയാല്‍ വരെ പിഴ ചുമത്തും. ലൈസന്‍സില്ലാതെ സൗദികള്‍ക്ക് ജോലി കണ്ടെത്തി നല്‍കുന്ന (എംപ്ലോയ്‌മെന്റ്) മേഖലയില്‍ പ്രവര്‍ത്തിക്കുന്നതും ഗുരുതരമായ നിയമ ലംഘനമാണ്. ഇതിന് രണ്ടു ലക്ഷം റിയാല്‍ പിഴ ചുമത്തും. വര്‍ക്ക് പെര്‍മിറ്റ് ഇല്ലാതെ വിദേശ തൊഴിലാളിയെ ജോലിക്ക് വെക്കുന്നതും ഗുരുതരമായ നിയമ ലംഘനമായി കണക്കാക്കും. ഇതിന് 10,000 റിയാല്‍ വരെ പിഴ ലഭിക്കും. വര്‍ക്ക് പെര്‍മിറ്റില്ലാത്ത തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ച് തൊഴിലുടമക്ക് ഇരട്ടി തുക പിഴ ലഭിക്കും. സൗദികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയ തൊഴിലുകളില്‍ വിദേശ തൊഴിലാളികളെ നിയമിക്കുന്നതും സാധുവായ തൊഴില്‍ ബന്ധം ഇല്ലാതെ സൗദി തൊഴിലാളിയെ സ്ഥാപനത്തിലെ ജീവനക്കാരന്‍ എന്നോണം രജിസ്റ്റര്‍ ചെയ്യുന്നതും ഗുരുതരമായ നിയമ ലംഘനമാണ്. ഇതിന് 2,000 മുതല്‍ 8,000 റിയാല്‍ വരെ പിഴ ലഭിക്കും.
മറ്റൊരു വ്യക്തിക്ക് വേണ്ടിയോ സ്വന്തം നിലക്കോ ജോലി ചെയ്യാന്‍ തൊഴിലുടമ വിദേശ ജീവനക്കാരനെ അനുവദിക്കുന്നത് ഗുരുതരമായ നിയമ ലംഘനമാണ്. ഇതിന് 10,000 മുതല്‍ 20,000 റിയാല്‍ വരെ പിഴ ചുമത്തും. സ്‌പോണ്‍സര്‍ മാറി ജോലി ചെയ്യുന്നതിന് 5,000 റിയാല്‍ പിഴ ലഭിക്കും. തൊഴില്‍ സുരക്ഷ, ആരോഗ്യം, സംരക്ഷണ നിയമങ്ങള്‍ തൊഴിലുടമ പാലിക്കാതിരിക്കുന്നതിന് 1,500 മുതല്‍ 5,000 റിയാല്‍ വരെയാണ് പിഴ ചുമത്തുക.
മധ്യാഹ്ന വിശ്രമ നിയമം പ്രാബല്യത്തിലുള്ള സമയത്ത് തുറസ്സായ സ്ഥലത്ത് തൊഴിലാളിയെ കൊണ്ട് ജോലി ചെയ്യിക്കുന്നതും മോശം കാലാവസ്ഥയില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാതെ ജോലി ചെയ്യിക്കുന്നതും ഗുരുതരമായ നിയമ ലംഘനമാണ്. ഇതിന് 1,000 റിയാല്‍ പിഴ ചുമത്തും. തൊഴിലുടമ നിര്‍ബന്ധമായും വഹിക്കേണ്ട ഫീസുകളും ചെലവുകളും വഹിക്കാതിരിക്കുന്നതും അവ തൊഴിലാളികളുടെ മേല്‍ ചുമത്തുന്നതും മറ്റൊരു ഗുരുതരമായ നിയമ ലംഘനമാണ്. ഇതിന് 1,000 മുതല്‍ 3,000 റിയാല്‍ വരെ പിഴ ചുമത്തും. ഫീസുകളും ചെലവുകളും വഹിക്കാത്ത തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ച് തൊഴിലുടമക്ക് ഇരട്ടി തുക പിഴ ചുമത്തും.
തൊഴിലാളികളുടെ വേതനവും ആനുകൂല്യങ്ങളും കൃത്യസമയത്ത് നല്‍കാതിരിക്കുന്നതും വേതനം തടഞ്ഞുവെക്കുന്നതും ഗുരുതരമായ നിയമ ലംഘനമാണ്. ഇതിന് 300 റിയാല്‍ പിഴ ലഭിക്കും. തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ച് ഇരട്ടി തുക പിഴ ലഭിക്കും.
തൊഴിലാളികള്‍ക്ക് അംഗീകൃത പ്രതിവാര വിശ്രമം നല്‍കാതിരിക്കല്‍, ഓവര്‍ടൈം വേതനം നല്‍കാതെ അധിക ജോലി ചെയ്യിക്കല്‍, പ്രതിദിന വിശ്രമ സമയങ്ങള്‍ അനുവദിക്കാതിരിക്കല്‍ എന്നിവ ഗുരുതരമല്ലാത്ത നിയമലംഘനമാണ്. ഇതിന് 1,000 മുതല്‍ 3,000 റിയാല്‍ വരെ പിഴ ലഭിക്കും. തൊഴിലുടമയുടെ വിവേചനപരമായ ഏതൊരു നടപടിയും ഗുരുതരമായ നിയമലംഘനമാണ്. ഇതിന് 1,000 മുതല്‍ 3,000 റിയാല്‍ വരെ പിഴ ചുമത്തും. പെരുമാറ്റ നിയമ ലംഘനങ്ങള്‍ അന്വേഷിക്കാന്‍ കമ്മിറ്റി രൂപീകരിക്കാതിരിക്കുന്നതും അഞ്ചു ദിവസത്തിനുള്ളില്‍ അന്വേഷിച്ച് അച്ചടക്ക നടപടി ശുപാര്‍ശ ചെയ്യാതിരിക്കുന്നതും മുപ്പതു ദിവസത്തിനുള്ളില്‍ അച്ചടക്ക നടപടി സ്വീകരിക്കാതിരിക്കുന്നതും ഗുരുതരമായ നിയമ ലംഘനമാണ്. ഇതിന് 1,000 മുതല്‍ 3,000 റിയാല്‍ വരെയാണ് പിഴ ചുമത്തുക. തൊഴില്‍ ബന്ധം അവസാനിപ്പിച്ച ശേഷം തൊഴിലാളിക്ക് സര്‍വീസ് സര്‍ട്ടിഫിക്കറ്റ് നല്‍കാതിരിക്കുന്നതിനും അവരുടെ രേഖകള്‍ തിരികെ നല്‍കാതിരിക്കുന്നതിനും 1,000 മുതല്‍ 3,000 റിയാല്‍ വരെ പിഴയാണ് വ്യവസ്ഥ ചെയ്യുന്നത്.
തൊഴിലാളിക്കും കുടുംബാംഗങ്ങള്‍ക്കും മെഡിക്കല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്താതിരിക്കുന്നത് 300 മുതല്‍ 1,000 റിയാല്‍ വരെ പിഴ ലഭിക്കാവുന്ന ഗുരുതരമല്ലാത്ത നിയമ ലംഘനമാണ്. പതിനഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളെ ജോലിക്കു വെക്കുന്നത് 1,000 മുതല്‍ 2,000 റിയാല്‍ വരെ പിഴ ലഭിക്കാവുന്ന ഗുരുതരമായ നിയമ ലംഘനമാണ്. തൊഴിലാളിയുടെ പാസ്പോര്‍ട്ടോ ഇഖാമയോ തടഞ്ഞുവെക്കുന്നത് 1,000 റിയാല്‍ പിഴ ലഭിക്കാവുന്ന ഗുരുതരമായ നിയമലംഘനമാണ്.
തൊഴില്‍ പരിശോധകരുടെ ജോലികള്‍ക്ക് തടസ്സം സൃഷ്ടിക്കുന്നതിന് 3,000 റിയാല്‍ മുതല്‍ 5,000 റിയാല്‍ വരെ പിഴ ചുമത്തും. തൊഴില്‍ ഒഴിവുകള്‍ പരസ്യപ്പെടുത്തുന്നതുമായും അഭിമുഖങ്ങള്‍ നടത്തുന്നതുമായും ബന്ധപ്പെട്ട വ്യവസ്ഥകള്‍ പാലിക്കാതിരിക്കുന്നത് 1,000 മുതല്‍ 3,000 റിയാല്‍ വരെ പിഴ ലഭിക്കാവുന്ന കുറ്റമാണ്. വനിതാ ജീവനക്കാരിക്ക് പ്രസവാവധി അനുവദിക്കാതിരിക്കുന്നതിന് 1,000 റിയാല്‍ പിഴയാണ് ലഭിക്കുക.
സര്‍ക്കാര്‍ സ്ഥാപനങ്ങളുമായോ ഗവണ്‍മെന്റിന് കുറഞ്ഞത് 51 ശതമാനം ഓഹരി പങ്കാളിത്തമുള്ള സ്ഥാപനങ്ങളുമായോ ഉള്ള ഓപ്പറേഷന്‍സ്, മെയിന്റനന്‍സ് കരാറുകളുടെ ഡാറ്റ വെളിപ്പെടുത്താതിരിക്കല്‍, തെറ്റായതോ അപൂര്‍ണമോ ആയ വിവരങ്ങള്‍ വെളിപ്പെടുത്തല്‍ എന്നിവ നിസാരമായ നിയമ ലംഘനമായാണ് കണക്കാക്കുക. ഇതിന് 1,000 മുതല്‍ 5,000 റിയാല്‍ വരെ പിഴ ചുമത്തും. വികലാംഗര്‍ക്ക് തൊഴില്‍ ചുമതലകള്‍ നിര്‍വഹിക്കാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താതിരിക്കുന്നതിന് 500 റിയാല്‍ പിഴ ലഭിക്കും. സൗദി വനിതാ തൊഴിലാളികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയ ജോലികളില്‍ സൗദി പുരുഷ തൊഴിലാളികളെ നിയമിക്കുന്നതിന് 1,000 റിയാല്‍ പിഴ ലഭിക്കും. തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ച് ഇരട്ടി തുക ലഭിക്കുമെന്നും പുതുക്കിയ കരടു പട്ടിക വ്യക്തമാക്കുന്നു.