മക്ക – മക്കയില്‍ വിശുദ്ധ ഹറമിനോട് ചേര്‍ന്ന് ബഹുമുഖ-ഉപയോഗ കേന്ദ്രമെന്നോണം കിംഗ് സല്‍മാന്‍ ഗേറ്റ് പദ്ധതിക്ക് തുടക്കം കുറിച്ചതായി കിരീടാവകാശിയും പ്രധാനമന്ത്രിയും റുഅ അല്‍ഹറം അല്‍മക്കി കമ്പനി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അറിയിച്ചു. ഹറമിനോട് ചേര്‍ന്നുള്ള 1.2 കോടി ചതുരശ്ര മീറ്റര്‍ നിര്‍മിതി വിസ്തൃതിയിലാണ് കിംഗ് സല്‍മാന്‍ ഗേറ്റ് പദ്ധതി വ്യാപിച്ചുകിടക്കുന്നത്. നഗരവികസനത്തിനുള്ള ആഗോള മാതൃക എന്ന നിലയിൽ മക്കയുടെ, പ്രത്യേകിച്ച് ഹറമിനടുത്ത പ്രദേശത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തില്‍ ഗുണപരമായ മാറ്റം കൈവരിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പില്‍ഗ്രിംസ് സര്‍വീസ് പ്രോഗ്രാം ലക്ഷ്യങ്ങള്‍ക്ക് അനുസരിച്ച്, ഹറം സന്ദര്‍ശകര്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള സേവനങ്ങള്‍ നല്‍കാനും അവരുടെ മതപരവും സാംസ്‌കാരികവുമായ യാത്രയെ സമ്പന്നമാക്കാനുമുള്ള ശ്രമങ്ങള്‍ക്ക് ഇത് സഹായിക്കുമെന്നും കിരീടാവകാശി പറഞ്ഞു.
വിശുദ്ധ ഹറമിനു സമീപം സ്ഥിതി ചെയ്യുന്ന കിംഗ് സല്‍മാന്‍ ഗേറ്റ് പദ്ധതി, പ്രധാനമായും സേവന നിലവാരം മെച്ചപ്പെടുത്താനും ഹറമിനു ചുറ്റും പാര്‍പ്പിട, സാംസ്‌കാരിക, സേവന സൗകര്യങ്ങള്‍ നല്‍കാനും ലക്ഷ്യമിടുന്ന ബഹുമുഖ-ഉപയോഗ കേന്ദ്രമാണ്. പദ്ധതി പ്രദേശത്തെ നമസ്‌കാര സ്ഥലങ്ങളിലും മുറ്റങ്ങളിലുമായി ഒരേസമയം ഏകദേശം ഒമ്പതു ലക്ഷം പേര്‍ക്ക് നമസ്‌കാരം നിര്‍വഹിക്കാന്‍ സൗകര്യമുണ്ടാകും.


ഹറമിലേക്കുള്ള യാത്ര സുഗമമാക്കാനായി കിംഗ് സല്‍മാന്‍ ഗേറ്റ് പദ്ധതിയെ പൊതുഗതാഗതവുമായി ബന്ധിപ്പിക്കും. മക്കയുടെ സമ്പന്നമായ വാസ്തുവിദ്യാ പൈതൃകത്തിന്റെയും മികച്ച ആധുനിക ജീവിതശൈലിയുടെയും സംയമനമായിരിക്കും പദ്ധതി. 19,000 ചതുരശ്ര മീറ്റര്‍ സാംസ്‌കാരിക, പൈതൃക മേഖലകള്‍ വികസിപ്പിക്കുകയും പുനരധിവസിപ്പിക്കുകയും ചെയ്ത് മക്കയുടെ ചരിത്രപരവും സാംസ്‌കാരികവുമായ പൈതൃകം സംരക്ഷിക്കാനും പദ്ധതി ലക്ഷ്യമിടുന്നു.
2036 ഓടെ മൂന്നു ലക്ഷത്തിലേറെ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് സാമ്പത്തിക വൈവിധ്യവല്‍ക്കരണത്തിന്റെ കാര്യത്തില്‍ വിഷന്‍ 2030 ലക്ഷ്യങ്ങള്‍ കൈവരിക്കാനും പദ്ധതി സഹായിക്കും. പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിനു കീഴിലെ സ്ഥാപനമായ റുഅ അല്‍ഹറം അല്‍മക്കി കമ്പനിയാണ് കിംഗ് സല്‍മാന്‍ ഗേറ്റ് പദ്ധതി വികസിപ്പിക്കുന്നത്.
ഹറമിനു ചുറ്റുമുള്ള പ്രദേശത്തിന്റെ നഗര വികസനം ഉയര്‍ത്താനും ആഗോള വികസന മാതൃകകളില്‍ ഒന്നാക്കി മാറ്റാനും കമ്പനി പ്രവര്‍ത്തിക്കും. മക്കയുടെ സാംസ്‌കാരിക ഘടന സംരക്ഷിക്കുന്നതിനൊപ്പം നഗരവാസികളുടെയും ഹജ്, ഉംറ തീര്‍ഥാടകരുടെയും സന്ദര്‍ശകരുടെയും ജീവിതത്തില്‍ ഗുണപരമായ സ്വാധീനം ചെലുത്തുന്നതിനും പദ്ധതി സഹായിക്കും. റിയല്‍ എസ്റ്റേറ്റ് വികസനത്തില്‍ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും കമ്പനി പ്രവർത്തിക്കുക.