ജിദ്ദ – ജിദ്ദ ട്രാന്‍സ്പോര്‍ട്ട് കമ്പനി പുതിയ ആഡംബര മറൈന്‍ ടാക്‌സി സര്‍വീസ് ആരംഭിച്ചു. 14.30 മീറ്റര്‍ നീളവും 3.24 മീറ്റര്‍ വീതിയുമുള്ള ബോട്ട് യാത്രക്കാര്‍ക്ക് വിശാലമായ ഇടം നല്‍കുന്നതായി കമ്പനി വ്യക്തമാക്കി. പ്രവര്‍ത്തനക്ഷമതയും യാത്രാ സുഖവും ഉറപ്പാക്കുന്ന നൂതന സാങ്കേതിക സവിശേഷതകളാണ് ഇതിലുള്ളത്. പുതിയ ലക്ഷ്വറി ബോട്ടില്‍ 2,271 ലിറ്റര്‍ ഇന്ധന ടാങ്കും 283 ലിറ്റര്‍ വാട്ടര്‍ ടാങ്കും ഉണ്ട്. ഇത് ഇടയ്ക്കിടെ ഇന്ധനം നിറക്കേണ്ട ആവശ്യമില്ലാതെ തുടര്‍ച്ചയായ പ്രവര്‍ത്തനം ഉറപ്പാക്കുന്നു. പരമാവധി 880 കുതിരശക്തിയുള്ള ആന്തരിക എന്‍ജിനുകളും 1,400 കുതിരശക്തിയുള്ള ബാഹ്യ എന്‍ജിനുകളും ബോട്ടില്‍ സജ്ജീകരിച്ചിരിക്കുന്നു. ഇത് ഉയര്‍ന്ന കാര്യക്ഷമതയും വെള്ളത്തില്‍ വേഗത്തിലുള്ള പ്രതികരണവും നല്‍കുന്നു.
ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി പ്രസിഡന്റ് എന്‍ജിനീയര്‍ ഫവാസ് അല്‍സഹ്ലിയുടെയും ജിദ്ദ ട്രാന്‍സ്പോര്‍ട്ട് കമ്പനി സി.ഇ.ഒ യൂസഫ് അല്‍സ്വായിഗിന്റെയും സാന്നിധ്യത്തില്‍ ജിദ്ദ ഗവര്‍ണര്‍ സൗദ് ബിന്‍ അബ്ദുല്ല ബിന്‍ ജലവി രാജകുമാരന്‍ ആഡംബര മറൈന്‍ ടാക്‌സി സര്‍വീസ് ഉദ്ഘാടനം ചെയ്തു. ആദ്യ ഘട്ടത്തില്‍, ജിദ്ദ യാച്ച് ക്ലബ്ബ് കേന്ദ്രീകരിച്ച് സര്‍വീസ് നടത്തുന്ന പദ്ധതി, ഭാവിയില്‍ ജിദ്ദ കടല്‍ത്തീരത്ത് കൂടുതല്‍ സ്ഥലങ്ങള്‍ ഉള്‍പ്പെടുത്തി വിപുലീകരിക്കാന്‍ നീക്കമുണ്ട്. ജിദ്ദയിലെ സമുദ്ര ഗതാഗത സംവിധാനം വികസിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ പദ്ധതി ആരംഭിച്ചിരിക്കുന്നത്. കടല്‍ത്തീരത്ത് ഗതാഗത അനുഭവം മെച്ചപ്പെടുത്തുക, സുഖസൗകര്യങ്ങളും കാര്യക്ഷമതയും സംയോജിപ്പിക്കുന്ന ആധുനിക സേവനങ്ങള്‍ നല്‍കുക എന്നിവ ലക്ഷ്യമിട്ടാണ് ജിദ്ദ ട്രാന്‍സ്പോര്‍ട്ട് കമ്പനി ആഡംബര ബോട്ട് പുറത്തിറക്കിയത്. ഇത് സമുദ്ര ടൂറിസത്തെ പിന്തുണക്കാനും നഗരവാസികളുടെയും സന്ദര്‍ശകരുടെയും ജീവിത നിലവാരം ഉയര്‍ത്താനും സഹായിക്കുന്നു.



