ജിദ്ദ – സമുദ്രത്തിന്റെയും പാര്‍ക്കുകളുടെയും നഗരമായ ജിദ്ദ, 2025 ലെ ജീവിത നിലവാര സൂചികയില്‍ ആഗോളതലത്തില്‍ 74-ാം സ്ഥാനത്തും സൗദിയില്‍ ഒന്നാം സ്ഥാനത്തും എത്തി. അറബ് ലോകത്ത് രണ്ടാം സ്ഥാനത്താണ് മുത്തശ്ശി നഗരമായ ജിദ്ദ എത്തിയിരിക്കുന്നത്. സുരക്ഷ, ആരോഗ്യ സംരക്ഷണം, അടിസ്ഥാന സൗകര്യ വികസനം, ആധുനിക പൊതു സൗകര്യങ്ങള്‍ എന്നിവയിലെ തുടര്‍ച്ചയായ നേട്ടങ്ങളുടെ ഫലമായാണിത്. ജീവിതച്ചെലവ്, സുരക്ഷ, ആരോഗ്യ സംരക്ഷണം തുടങ്ങിയ വിവിധ ജീവിത നിലവാര സൂചകങ്ങളെ അടിസ്ഥാനമാക്കി നഗരങ്ങളെയും രാജ്യങ്ങളെയും റാങ്ക് ചെയ്യുന്ന ക്രൗഡ് സോഴ്‌സ്ഡ് ഓൺലൈൻ ഡാറ്റാബേസായ നംബിയോ ആണ് സർവ്വേ നടത്തി റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്.
വികസന നവോത്ഥാനത്തെ നഗരവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും സേവനം നല്‍കുന്ന പ്രായോഗിക യാഥാര്‍ഥ്യമാക്കി മാറ്റാനുള്ള നഗരത്തിന്റെ പ്രതിബദ്ധതയാണ് നംബിയോ സൂചികയിലെ ഉയര്‍ന്ന റാങ്കിംഗ് പ്രതിഫലിപ്പിക്കുന്നത്. ജീവിത നിലവാര സൂചികയില്‍ മസ്‌കത്ത് ആണ് അറബ് ലോകത്ത് ഒന്നാം സ്ഥാനത്ത്.
വിഷന്‍ 2030ന്റെ ഭാഗമായി ജിദ്ദയുടെ നഗര ഭൂപ്രകൃതി പുനര്‍നിര്‍മിക്കാന്‍ നിരവധി പദ്ധതികള്‍ ജിദ്ദ നഗരസഭ നടപ്പാക്കിയിട്ടുണ്ട്. ജിദ്ദ വാട്ടര്‍ ഫ്രന്റ് പദ്ധതിയാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. പ്രത്യേക നടപ്പാതകൾ, സൈക്ലിംഗ് പാതകള്‍, പൊതു ചത്വരങ്ങള്‍, കുട്ടികള്‍ക്കുള്ള കളിസ്ഥലങ്ങള്‍, സൗന്ദര്യാത്മക ശില്‍പങ്ങള്‍ എന്നിവ നഗരത്തിന്റെ ആകർഷണമാണ്. അഞ്ച് ബീച്ചുകള്‍ നീല സമുദ്രജലത്തിന്റെ പശ്ചാത്തലത്തിലുള്ള സംയോജിത പ്രദേശമായി വ്യാപിച്ചുകിടക്കുന്നു. ഇത് കടല്‍ അനുഭവത്തെ നഗരത്തിന്റെ ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യ ഘടകമാക്കുന്നു.
കടല്‍ത്തീരങ്ങളിലെ റെസ്റ്റോറന്റുകള്‍, കഫേകള്‍, വിശ്രമ കേന്ദ്രങ്ങള്‍, മറൈന്‍ സ്‌കാഫോള്‍ഡിംഗ് തുടങ്ങിയ സേവന സൗകര്യങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇത് സന്ദര്‍ശകര്‍ക്ക് സമുദ്രത്തെ അടുത്തറിയാന്‍ അവസരം നല്‍കുന്നു. ബീച്ചുകളുടെ വൃത്തി ഉറപ്പാക്കാനും മലിനീകരണങ്ങളില്‍ നിന്ന് സമുദ്ര പരിസ്ഥിതി സംരക്ഷിക്കാനുമുള്ള തുടര്‍ച്ചയായ പരിപാടികളും പദ്ധതികളില്‍ ഉള്‍പ്പെടുന്നു. ഈ സ്ഥലങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് സാമൂഹിക അവബോധം വളര്‍ത്താനും നഗരസഭ ശ്രമങ്ങള്‍ നടത്തുന്നു.
വിവിധ പ്രദേശങ്ങളിലായി 445 ലധികം പാര്‍ക്കുകള്‍ തുറന്നിട്ടുണ്ട്. വൈവിധ്യമാര്‍ന്ന പാതകളും പൂന്തോട്ടങ്ങളും ഉള്‍ക്കൊള്ളുന്ന അല്‍സജ പാര്‍ക്ക് പോലുള്ള പാര്‍ക്കുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഇത് ഹരിത ഇട ആസൂത്രണത്തിന്റെ ജീവനുള്ള മാതൃകയെ പ്രതിനിധീകരിക്കുന്നു. ജിദ്ദയിലെ ഏറ്റവും വലിയ പാര്‍ക്ക് ആയ പ്രിന്‍സ് മാജിദ് പാര്‍ക്കിന് 1,30,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുണ്ട്. തണല്‍വിരിച്ച നടപ്പാതകളും ഫാമിലികള്‍ക്കുള്ള കളിയുപകരണങ്ങളും ഇവിടെയുണ്ട്. വ്യത്യസ്ത പ്രായവിഭാഗത്തില്‍ പെട്ടവരുടെ ഒത്തുചേരല്‍ കേന്ദ്രമാക്കി പ്രിന്‍സ് മാജിദ് പാര്‍ക്കിനെ മാറ്റുന്നു.
കാല്‍നടയാത്രക്കാര്‍ക്കുള്ള നടപ്പാതകള്‍ മെച്ചപ്പെടുത്തല്‍, ആധുനിക ലൈറ്റിംഗ് സംവിധാനങ്ങള്‍ സ്ഥാപിക്കല്‍, സുഖസൗകര്യങ്ങളും സുരക്ഷയും വര്‍ധിപ്പിക്കുന്നതിന് നടപ്പാതകളുടെ വീതികൂട്ടല്‍ എന്നീ പദ്ധതികളും നടപ്പാക്കിയിട്ടുണ്ട്. നഗരവാസികളെ ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ പ്രോത്സാഹിപ്പിക്കാനും അവരുടെ ദൈനംദിന ചലന അനുഭവം മെച്ചപ്പെടുത്താനും ഇവ സഹായിക്കുന്നു.
തെരുവ് ശുചീകരണം, കുപ്പത്തൊട്ടി അറ്റകുറ്റപ്പണി, നടപ്പാതകളും ഹൈവേകളും വൃത്തിയാക്കല്‍, വലിപ്പം കൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്യല്‍, അനാവശ്യമായ കോണ്‍ക്രീറ്റ് ബാരിക്കേഡുകള്‍ നീക്കം ചെയ്യല്‍, തെരുവ് കച്ചവട സ്ഥലങ്ങള്‍ നിയന്ത്രിക്കല്‍, ആരോഗ്യകരവും സുരക്ഷിതവുമായ നഗര പരിസ്ഥിതി ഉറപ്പാക്കല്‍ എന്നിവയുള്‍പ്പെടെയുള്ള മെച്ചപ്പെട്ട ശുചീകരണ, പരിപാലന പദ്ധതികള്‍ ഈ ശ്രമങ്ങള്‍ക്ക് അനുബന്ധമായി നടപ്പാക്കി.
അയല്‍പക്ക കേന്ദ്രങ്ങള്‍ മെച്ചപ്പെടുത്തല്‍, വാണിജ്യ, സേവന സൗകര്യങ്ങള്‍ വികസിപ്പിക്കല്‍, കമ്മ്യൂണിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി ഇടങ്ങള്‍ ഒരുക്കല്‍ തുടങ്ങിയ, കേന്ദ്ര പ്രദേശങ്ങളിലെ വികസന പദ്ധതികളിലും നഗരസഭ നിക്ഷേപം നടത്തി. സാമൂഹിക ജീവിതത്തെ പുനരുജ്ജീവിപ്പിക്കാനും നഗരവാസികളുടെ സംരംഭങ്ങള്‍ മെച്ചപ്പെടുത്താനും ഈ പദ്ധതികള്‍ സഹായിച്ചു.
മാലിന്യങ്ങള്‍ ഉറവിടങ്ങളില്‍ തരംതിരിക്കല്‍, മാലിന്യങ്ങള്‍ വിഭവങ്ങളായി പരിവര്‍ത്തിപ്പിക്കല്‍, മലിനീകരണ നിരീക്ഷണം എന്നിവയുള്‍പ്പെടെ പരിസ്ഥിതി മേഖലയില്‍ നൂതനമായ മാലിന്യ സംസ്‌കരണ പരിപാടികള്‍ ജിദ്ദ മുനിസിപ്പാലിറ്റി സ്വീകരിച്ചിട്ടുണ്ട്. നഗരത്തിലെ വായു ഗുണനിലവാരത്തിലും സുഖസൗകര്യങ്ങളിലും ഇത് അനുകൂല സ്വാധീനം ചെലുത്തി.
സമുദ്ര പദ്ധതികള്‍, പാര്‍ക്കുകള്‍, പൊതു സൗകര്യങ്ങള്‍, കമ്മ്യൂണിറ്റി സേവനങ്ങള്‍ എന്നിവയുടെ ഈ സന്തുലിതാവസ്ഥയിലൂടെ, ജിദ്ദ സാമ്പത്തിക, വിനോദസഞ്ചാര നഗരമായി മാത്രമല്ല, ജീവിത നിലവാരത്തിന് ജീവിക്കുന്ന മാതൃകയായും ജിദ്ദ തെളിയിച്ചിട്ടുണ്ട്. പ്രകൃതി പരിസ്ഥിതിയെ അടിസ്ഥാന സൗകര്യങ്ങളുമായും സേവനങ്ങളുമായും സംയോജിപ്പിച്ച് നഗരവാസികളുടെയും സന്ദര്‍ശകരുടെയും ആവശ്യങ്ങള്‍ നിറവേറ്റുന്ന സംയോജിത നഗര അനുഭവം ജിദ്ദ സൃഷ്ടിക്കുന്നു.