ജിദ്ദ– ഈ വർഷം ഇതുവരെ 5 കോടിയിലധികം യാത്രക്കാരെ സ്വീകരിച്ച് ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം (KAIA) ചരിത്രനേട്ടം സ്വന്തമാക്കി. സൗദി അറേബ്യയുടെ വ്യോമയാന ചരിത്രത്തിൽ ഒരു വിമാനത്താവളം കൈവരിക്കുന്ന ഏറ്റവും ഉയർന്ന യാത്രക്കാരുടെ എണ്ണമാണിത്. ഇതോടെ, ലോകത്തിലെ ഏറ്റവും തിരക്കേറിയ “മെഗാ എയർപോർട്ടുകളുടെ” (വർഷത്തിൽ 4 കോടിയിലധികം യാത്രക്കാർ) കൂട്ടത്തിലേക്ക് ജിദ്ദ വിമാനത്താവളവും എത്തി. സൗദി അറേബ്യയുടെ വിഷൻ 2030 ലക്ഷ്യങ്ങളുടെ ഭാഗമായി, രാജ്യത്തെ ഒരു ആഗോള ടൂറിസം കേന്ദ്രമായും ഹജ്ജ്, ഉംറ തീർത്ഥാടകരുടെ പ്രധാന കവാടമായും ശക്തിപ്പെടുത്തുന്നതിൽ ഈ വിമാനത്താവളം വഹിക്കുന്ന പങ്ക് ഈ നേട്ടം അടിവരയിടുന്നു.


കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ അഞ്ചാം കോടി യാത്രക്കാരന്റെ വരവ് ജിദ്ദ എയര്‍പോര്‍ട്ട്‌സ് കമ്പനി ആഘോഷിച്ചു. ജിദ്ദ ആതിഥേയത്വം വഹിക്കുന്ന കായിക പരിപാടികളിലൊന്നില്‍ പങ്കെടുക്കാന്‍ സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ പാരീസില്‍ നിന്ന് എത്തിയ ഫ്രഞ്ച് യുവതിയായിരുന്നു ഈ യാത്രക്കാരി. ജിദ്ദ എയര്‍പോര്‍ട്ട്‌സ് കമ്പനി ഉദ്യോഗസ്ഥര്‍ ഇവരെ സ്വീകരിക്കുകയും സ്വാഗതം ചെയ്യുകയും മെമന്റോ സമ്മാനിക്കുകയും ചെയ്തു.


വിമാനത്താവളത്തിന്റെ മികച്ച പ്രവർത്തനക്ഷമതയാണ് ഈ നേട്ടത്തിന് കാരണം എന്നും, ഭാവിയിൽ യാത്രക്കാരുടെ എണ്ണം ഇരട്ടിയാക്കാൻ ലക്ഷ്യമിട്ട് അടുത്ത ഘട്ടത്തിലേക്ക് നീങ്ങുകയാണെന്നും ജിദ്ദ എയർപോർട്ട്‌സ് കമ്പനി സി.ഇ.ഒ എൻജിനീയർ മാസിൻ ജൗഹർ അറിയിച്ചു. 2022 മുതൽ വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നത് ജിദ്ദ എയർപോർട്ട്‌സ് കമ്പനിയാണ്.



