റിയാദ്: സൗദി അറേബ്യയില്‍ വിദേശികളുടെ താമസരേഖയായ ഇഖാമ പുതുക്കാതെ മൂന്നു മാസം കാലാവധി പിന്നിട്ടവര്‍ക്ക് തൊഴില്‍ വകുപ്പിന്റെ മുന്നറിയിപ്പ്. ജൂണ്‍ 30നകം ഇഖാമ പുതുക്കുകയോ സ്‌പോണ്‍സര്‍ഷിപ്പ് മാറുകയോ ചെയ്യണം. ഇല്ലെങ്കില്‍ നിയമനടപടികള്‍ക്ക് വിധേയരാകേണ്ടിവരും. ഇഖാമ കാലാവധി അവസാനിച്ച എല്ലാവര്‍ക്കും അവരുടെ മൊബൈലുകളില്‍ ഈ സന്ദേശമെത്തിത്തുടങ്ങി.
തൊഴിലുടമയാണ് ജീവനക്കാരുടെ ഇഖാമ പുതുക്കേണ്ടത്. പുതുക്കിയില്ലെങ്കില്‍ ആ ജീവനക്കാരന്‍ ജൂലൈ ഒന്നുമുതല്‍ സ്ഥാപനത്തില്‍നിന്ന് സ്വമേധയാ പുറത്തുപോകും. അവര്‍ക്ക് മറ്റു തൊഴിലുടമകളിലേക്ക് തൊഴില്‍ മാറാം. തൊഴില്‍ മാറാന്‍ സാധിക്കാത്ത നിയമപ്രശ്‌നങ്ങളുണ്ടെങ്കില്‍ അക്കാര്യം അവരെ അറിയിക്കും. ഇഖാമ പുതുക്കാത്തതിനുള്ള മുഴുവന്‍ ബാധ്യതകളും പഴയ തൊഴിലുടമ വഹിക്കേണ്ടിവരുമെന്നും മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു.
നിലവില്‍ നിരവധി പേര്‍ ഇഖാമ കാലാവധി കഴിഞ്ഞ് സൗദിയില്‍ കഴിയുന്നുണ്ട്. സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയതോ സാമ്പത്തിക പ്രയാസങ്ങള്‍ നേരിട്ടതോ ആണ് ഇഖാമ പുതുക്കാതിരിക്കാനുള്ള കാരണം. എന്തു പ്രതിസന്ധി നേരിട്ടാലും മൂന്നു മാസത്തിലധികം ജീവനക്കാരുടെ ഇഖാമ പുതുക്കാതിരിക്കാന്‍ ആവില്ലെന്നതാണ് മന്ത്രാലയം ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. ഇഖാമ പുതുക്കാതിരുന്നാല്‍ സ്‌പോണ്‍സര്‍ അറിയാതെ തന്നെ സ്‌പോണ്‍സര്‍ഷിപ്പ് മാറാനുള്ള അവസരം നേരത്തെ ആരംഭിച്ചിരുന്നു. എന്നാല്‍ അവര്‍ സ്വമേധയാ പുറത്തുപോയിരുന്നില്ല.
നേരത്തെ തൊഴില്‍ കരാര്‍ പുതുക്കിയില്ലെങ്കില്‍ മാത്രമായിരുന്നു ജീവനക്കാര്‍ സ്വമേധയാ സ്ഥാപനങ്ങളില്‍ നിന്ന് പുറത്തുപോയിരുന്നത്. എന്നാല്‍ പുതിയ വ്യവസ്ഥയനുസരിച്ച് മൂന്നു മാസം ഇഖാമ കാലാവധി അവസാനിച്ചാലും ജീവനക്കാരന്‍ സ്ഥാപനത്തില്‍ നിന്ന് സ്വമേധയാ പുറത്താവും. പിന്നീട് രണ്ട് മാസത്തിനകം ഫൈനല്‍ എക്‌സിറ്റ് നേടുകയോ സ്‌പോണ്‍സര്‍ഷിപ്പ് മറ്റേതെങ്കിലും സ്ഥാപനത്തിലേക്ക് മാറ്റുകയോ ചെയ്യണം. ഇല്ലെങ്കില്‍ ഹുറൂബ് ആകും. ഹുറൂബ് ആയാല്‍ തര്‍ഹീല്‍ വഴി ഫൈനല്‍ എക്‌സിറ്റ് നേടുകയോ അല്ലെങ്കില്‍ ഹുറൂബ് പിന്‍വലിച്ച് സ്‌പോണ്‍സര്‍ഷിപ്പ് മാറ്റാവുന്ന പദവി ശരിയാക്കല്‍ നടപടികള്‍ പ്രതീക്ഷിച്ച് കഴിയുകയോ വേണം.
നിയമലംഘകരില്ലാത്ത സൗദിയെന്ന കാമ്പയിന്റെ ഭാഗമാണ് പുതിയ വ്യവസ്ഥ. ഇഖാമ പുതുക്കിയില്ലെങ്കില്‍ അതിന്റെ ബാധ്യതകളെല്ലാം സ്‌പോണ്‍സര്‍ തന്നെ വഹിക്കേണ്ടിവരുമെന്നതാണ് ഈ വ്യവസ്ഥയുടെ പ്രത്യേകത. ജീവനക്കാരന്‍ പുതിയ സ്ഥാപനത്തിലേക്ക് മാറിയ ദിവസം മുതല്‍ ഇഖാമ ചെലവുകള്‍ പുതിയ സ്‌പോണ്‍സറാണ് വഹിക്കേണ്ടത്.



