ജിദ്ദ: ഇസ്രായേൽ ലക്ഷ്യമാക്കി യെമനിലെ ഹൂത്തി മിലീഷ്യകൾ വിക്ഷേപിച്ച മിസൈൽ സാങ്കേതിക തകരാറിനെ തുടർന്ന് സൗദി-യെമൻ അതിർത്തിയിലെ വിജനമായ പ്രദേശത്ത് തകർന്നുവീണതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. മേഖലയിലെ ഒരു രാജ്യത്തെ ലക്ഷ്യമിട്ടാണ് മിസൈൽ വിക്ഷേപിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായതായി മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി അറിയിച്ചു.
സാങ്കേതിക തകരാർ മൂലം ലക്ഷ്യസ്ഥാനത്തുനിന്ന് വ്യതിചലിച്ച മിസൈൽ, സൗദി-യെമൻ അതിർത്തിക്കടുത്തുള്ള ജനവാസമില്ലാത്ത പ്രദേശത്താണ് പതിച്ചത്. സംഭവത്തിൽ യാതൊരുവിധ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ലെന്നും പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.
അതേസമയം, അൽ ഖർജിലെ പ്രിൻസ് സുൽത്താൻ വ്യോമതാവളത്തിന് നേരെ മിസൈൽ ആക്രമണമുണ്ടായെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ പൂർണ്ണമായും വ്യാജമാണെന്ന് മേജർ ജനറൽ തുർക്കി അൽ മാലികി വ്യക്തമാക്കി.
യെമനിൽ നിന്ന് ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചത് റഡാറുകളിൽ തെളിഞ്ഞതിനെ തുടർന്ന്, മുൻകരുതൽ നടപടിയെന്നോണമാണ് ഇന്ന് രാവിലെ അൽ ഖർജ് മേഖലയിൽ സൈറണുകൾ മുഴങ്ങിയത്. സൗദി അതിർത്തിക്ക് സമീപമെത്തിയതോടെ ഈ മിസൈൽ റഡാറുകളിൽ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് മിസൈൽ അതിർത്തിയിലെ വിജനപ്രദേശത്ത് തകർന്നുവീണതായി കണ്ടെത്തിയത്.



