സൻആ: യു.എസ്-ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ചതിന് പിന്നാലെ, ചെങ്കടലിൽ രണ്ട് സൗദി എണ്ണ ടാങ്കറുകൾക്ക് നേരെ മിസൈൽ, ഡ്രോൺ ആക്രമണം നടത്തിയതായി യെമനിലെ ഹൂത്തി വിമതർ അവകാശപ്പെട്ടു. ഉപരോധം ലംഘിച്ച എന്സെലിയ, ലൈല എന്നീ കപ്പലുകൾക്ക് നേരെയാണ് സൈനിക നടപടിയുണ്ടായതെന്ന് ടെലിഗ്രാം പ്രസ്താവനയിലൂടെ ഹൂത്തികൾ അറിയിച്ചു.
അതേസമയം, അന്താരാഷ്ട്ര ഊർജ വ്യാപാര പാതയായ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം തങ്ങളുടെ കൈകളിലാണെന്ന ഇറാൻ റവല്യൂഷണറി ഗാർഡിന്റെ പ്രഖ്യാപനം യു.എസ് സെൻട്രൽ കമാൻഡ് തള്ളിക്കളഞ്ഞു. വാണിജ്യ കപ്പലുകൾക്കായി അന്താരാഷ്ട്ര ജലപാത തുറന്നിട്ടിരിക്കുകയാണെന്നും അമേരിക്കൻ സേനയുടെ പിന്തുണയോടെ കപ്പൽ ഗതാഗതം സുഗമമായി നടക്കുന്നുണ്ടെന്നും യു.എസ് വ്യക്തമാക്കി. മെയ് തുടക്കം മുതൽ 900-ലേറെ കപ്പലുകൾക്ക് സുരക്ഷിതമായി കടലിടുക്ക് കടക്കാൻ യു.എസ് സേന സഹായം നൽകിയിട്ടുണ്ട്.
ലോകത്തിലെ എണ്ണ ഉപഭോഗത്തിന്റെ അഞ്ചിലൊന്നും ദ്രവീകൃത പ്രകൃതിവാതകവും കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ ആഗോളതലത്തിൽ വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. അന്താരാഷ്ട്ര വാണിജ്യ പാതകളുടെ സംരക്ഷണത്തിനാണ് തങ്ങൾ പ്രാധാന്യം നൽകുന്നതെന്ന് അമേരിക്ക വ്യക്തമാക്കുമ്പോൾ, ഗൾഫ് മേഖലയിലെ യു.എസ് സൈനിക സാന്നിധ്യമാണ് സംഘർഷങ്ങൾ വർധിപ്പിക്കുന്നതെന്നാണ് ഇറാന്റെ നിലപാട്.
അതിനിടെ, ഇറാന് മേലുള്ള നാവിക ഉപരോധ നടപടികൾ തുടരുന്നതായി അറിയിച്ച യു.എസ് സെൻട്രൽ കമാൻഡ്, ജൂലൈ 22 വരെ ഒമ്പത് വാണിജ്യ കപ്പലുകൾ വഴിതിരിച്ചുവിട്ടതായും വെളിപ്പെടുത്തി. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയാൽ, ഇറാന്റെ പാലങ്ങളും വൈദ്യുതി നിലയങ്ങളും അടക്കമുള്ള സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾ ബോംബിട്ട് തകർക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്.




