മക്ക- വിശുദ്ധ ഹറമിനെയും പ്രവാചക പള്ളിയെയും ലക്ഷ്യം വെക്കാൻ ധൈര്യപ്പെടുന്നവർക്ക് ഇസ്ലാമുമായി യാതൊരു ബന്ധവുമില്ലെന്ന് ഹറം ഇമാമും ഖതീബുമായ ശൈഖ് ഡോ. ബന്ദർ ബലീല പറഞ്ഞു. വിശുദ്ധ ഹറമിൽ ജുമുഅ ഖുതുബ നിർവഹിക്കുകയായിരുന്നു ശൈഖ് ഡോ. ബന്ദർ ബലീല. തെമ്മാടി സംഘമായ ഹൂത്തികൾ അഴിമതിക്കും നിരപരാധികളെ ഭയപ്പെടുത്താനും മതത്തെ മറയായി ഉപയോഗിക്കുകയാണ്. മക്കയും മദീനയും അടക്കം ഇസ്ലാമിക പുണ്യകേന്ദ്രങ്ങളും പുണ്യസ്ഥലങ്ങളും ലക്ഷ്യമിടുന്ന ഹൂത്തി ഭീകര സംഘം മത, മാനുഷിക മൂല്യങ്ങളില്ലാത്ത ക്രിമിനൽ സമീപനത്തെയാണ് പ്രതിനിധീകരിക്കുന്നത്. ഹൂത്തി ഭീകര ഗ്രൂപ്പിന്റെ കുറ്റകരമായ പ്രവർത്തനങ്ങൾ അനുഗ്രഹീത സ്ഥലങ്ങളുടെ പവിത്രത ലംഘിക്കുകയും മുസ്ലിംകളെ ഭയപ്പെടുത്തുകയും ചെയ്യുന്നു. സൗദി അറേബ്യ മുസ്ലിംകളുടെ ഖിബ്‌ലയായി തുടരുമെന്നും വിദ്വേഷികളുടെ വെറുപ്പിനും വഞ്ചകരുടെ പദ്ധതികൾക്കും വിധേയമാകില്ലെന്നും, ദൈവത്തിന്റെ കരുതലും മുസ്ലിം സമുദായത്തിന്റെ അവബോധവും ഐക്യവും കൊണ്ട് സംരക്ഷിക്കപ്പെടുമെന്നും ശൈഖ് ഡോ. ബന്ദർ ബലീല പറഞ്ഞു.
മക്കയില്‍ ഡ്രോണ്‍ ആക്രമണം നടത്താനുള്ള ഹൂത്തികളുടെ ശ്രമം വിഫലമാക്കി
ഹൂത്തികളുമായി ചേർന്ന് പോരാടുന്നതും അവരെ പിന്തുണക്കുന്നതും അനുവദനീയമല്ലെന്നും മറിച്ച്, അവരോട് പോരാടുകയും അവർക്കെതിരെ നിലകൊള്ളുകയും ചെയ്യുക എന്നതാണ് മതപരമായ കടമയെന്നും റോയൽ കോർട്ട് ഉപദേഷ്ടാവും ഉന്നത പണ്ഡിതസഭ അംഗവുമായ ശൈഖ് ഡോ. സഅദ് ബിൻ നാസർ അൽശത്രി വ്യക്തമാക്കി. ഇസ്ലാമിന്റെ ശത്രുക്കളോട് പോരാടുന്നതായി അവകാശപ്പെട്ടുള്ള ഹൂത്തി ഭീകര സായുധ സംഘത്തിന്റെ മുദ്രാവാക്യങ്ങൾ പൊള്ളയാണ്. ഇസ്ലാമിന്റെ ശത്രുക്കളുമായുള്ള അവരുടെ സമാധാനപരമായ ഇടപാടുകളും കൂട്ടുകെട്ടും ഇതിന് തെളിവാണ്. അതേസമയം അവർ മുസ്ലിംകളുമായി പോരാടുകയും സ്വന്തം ജനങ്ങളുടെ രക്തം ചൊരിയുകയും ചെയ്യുന്നു. വിശുദ്ധ കഅബയും ദൈവത്തിന്റെ വിശുദ്ധ ഭവനവും വളരെയധികം പ്രാധാന്യമർഹിക്കുന്നുണ്ട്. വിശുദ്ധ കഅബയെയും പ്രവാചകന്റെ പള്ളിയെയും ബഹുമാനിക്കാനും സംരക്ഷിക്കാനും പരിശ്രമിക്കാൻ ഓരോ മുസ്ലിമും ബാധ്യസ്ഥനാണ്. ഈ രണ്ട് പുണ്യസ്ഥലങ്ങൾക്കും നേരെ മിസൈലുകൾ വിക്ഷേപിക്കുന്നത് ഏറ്റവും വലിയ തിന്മകളിൽ ഒന്നാണ്. ഇത് ഇസ്ലാമിക നിയമത്തിന്റെ ലക്ഷ്യങ്ങൾക്ക് വിരുദ്ധവും വലിയ നാശത്തിലേക്ക് നയിക്കുന്നതുമാണ്.
ഇരു ഹറമുകളും ലക്ഷ്യമിടുന്ന മിസൈലുകൾ തടയാനുള്ള സൗദി സർക്കാരിന്റെ ശ്രമങ്ങളെ ശൈഖ് ഡോ. സഅദ് ബിൻ നാസർ അൽശത്രി പ്രശംസിച്ചു. ഇതൊരു പുണ്യകർമ്മമാണ്. ഈ മിസൈലുകൾ മക്കയിലെ വിശുദ്ധ ഹറമിൽ എത്തിയാൽ ഉണ്ടാകാവുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെ കുറിച്ചും തീർഥാടകരുടെയും ആരാധകരുടെയും രക്തച്ചൊരിച്ചിലിനെ കുറിച്ചും അദ്ദേഹം മുന്നറിയിപ്പ് നൽകി. സ്ഫോടക വസ്തുക്കളും മിസൈലുകളും മദീനയിലെ പ്രവാചകന്റെ പള്ളിയിൽ എത്തുന്നതിന്റെ അപകടത്തെ കുറിച്ചും അദ്ദേഹം മുന്നറിയിപ്പ് നൽകി. അത്തരമൊരു പ്രവൃത്തിയെ കുറിച്ചുള്ള വെറും ചിന്ത തന്നെ ക്രൂരമാണ്.
മുസ്ലിംകളായ സിവിലിയന്മാരെ കൊല്ലുക, യെമനിലെ ജനങ്ങളെ കുടിയിറക്കുക, കുടുംബങ്ങളെ വേർപെടുത്തുക, അവരുടെ സ്വത്തുക്കൾ പിടിച്ചെടുക്കുക തുടങ്ങിയ ഹൂത്തികളുടെ ചെയ്തികൾ ഗുരുതരവും ഹീനവുമായ കുറ്റകൃത്യങ്ങൾ ആണ്. ഇസ്ലാമിക നിയമപ്രകാരം ഹൂത്തികളുടെ ഭരണം അസാധുവാണ്. ഹൂത്തികളുടെ ഭരണം ഇസ്ലാമിക നിയമപ്രകാരം സാധുവായ കരാറിലൂടെ സ്ഥാപിക്കപ്പെട്ടതല്ല. ഹൂത്തികൾ നിയമപരമായ അധികാരത്തിന്റെ പരിധിക്ക് പുറത്താണ്. അവർക്ക് അനുസരണമില്ല. അവരെ അനുസരിക്കാൻ ആർക്കും അനുവാദമില്ല. അവർക്ക് അനുസരണ പ്രതിജ്ഞ ചെയ്യുന്ന ആരുടെയും പ്രതിജ്ഞക്ക് നിയമപരമായ മൂല്യമില്ല. അത് നിറവേറ്റാനോ അതുപ്രകാരമുള്ള ആവശ്യകതകൾ പാലിക്കാനോ അവർ ബാധ്യസ്ഥരല്ല.
ഹൂത്തികൾക്കൊപ്പം നിൽക്കുന്നത് ഗുരുതരമായ പാപമാണ്. അവരോട് പോരാടുകയും അവരെ നേരിടുകയും ചെയ്യണം. മാധ്യമങ്ങളിലൂടെയോ, പോരാട്ടത്തിൽ പങ്കെടുക്കുന്നതിലൂടെയോ, മാധ്യമങ്ങളിൽ എഴുതിയോ വാക്കാലോ പ്രായോഗികമായോ അവരെ പിന്തുണക്കുന്നത് പാപമായി കണക്കാക്കപ്പെടുന്നു. പോരാട്ടത്തിലെ ഉദ്ദേശ്യം ദൈവീക മതത്തെ പിന്തുണക്കുകയും അവന്റെ പ്രവാചകന്റെ സുന്നത്ത് ഉയർത്തിപ്പിടിക്കുകയും ചെയ്യുക എന്നതാണെങ്കിൽ, ഹൂത്തികളോട് യുദ്ധം ചെയ്യുന്നവൻ ദൈവീക മാർഗത്തിലെ പോരാളിയാണ്. അവരോട് യുദ്ധം ചെയ്ത് കൊല്ലപ്പെടുന്നവൻ രക്തസാക്ഷിയാണ്. ഹൂത്തികൾക്ക് പണം നൽകുന്നത് അനുവദനീയമല്ല. അവരെ പിന്തുണക്കുന്നതും മറ്റുള്ളവരുടെയും ജനങ്ങളുടെയും പണം പിടിച്ചെടുക്കാൻ അവരെ സഹായിക്കുന്നതും അനുവദനീയമല്ല.
ഈ ആളുകളുടെ യഥാർഥ സ്വഭാവം തുറന്നുകാട്ടാനും, അവരുടെ മുഖംമൂടികൾ തുറന്നുകാട്ടാനും, അവർ ഇസ്ലാമിനും മുസ്ലിംകൾക്കും എതിരാണെന്ന് തെളിയിക്കാനും പരിശ്രമിക്കാൻ മാധ്യമപ്രവർത്തകരോട് ശൈഖ് ഡോ. സഅദ് ബിൻ നാസർ അൽശത്രി ആഹ്വാനം ചെയ്തു. ഇസ്ലാമിന്റെ ശത്രുക്കളോട് പോരാടുന്നതിനെ കുറിച്ചുള്ള അവരുടെ മുദ്രാവാക്യങ്ങൾ നുണകൾ ആണ്. സത്യത്തെ പിന്തുണക്കുകയും അതിനൊപ്പം നിൽക്കുകയും ചെയ്യുക എന്നത് മാധ്യമ പ്രൊഫഷണലുകളുടെ കടമയാണെന്നും ശൈഖ് ഡോ. സഅദ് ബിൻ നാസർ അൽശത്രി പറഞ്ഞു.







