മക്ക: സൗദി അറേബ്യയിലെ പ്രധാന നഗരങ്ങളിൽ ചൂട് അസഹനീയമായ രീതിയിൽ ഉയരുന്നു. വിശുദ്ധ നഗരങ്ങളായ മക്കയിലും മദീനയിലും വരും ദിവസങ്ങളിൽ താപനില സാധാരണയേക്കാൾ 1.5 മുതൽ 2 ഡിഗ്രി വരെ ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് രാജ്യത്ത് കടുത്ത ചൂട് രേഖപ്പെടുത്തിയത്.
നഗരങ്ങളിലെ ഇന്നത്തെ കാലാവസ്ഥാ വിവരങ്ങൾ താഴെ പറയുന്നവയാണ്:
മക്കയിൽ റെക്കോർഡ് ചൂട്: 46°C മുതൽ 50 വരെ
വിശുദ്ധ നഗരമായ മക്കയിലാണ് ഇന്ന് ഏറ്റവും കടുത്ത ചൂട് അനുഭവപ്പെടുന്നത്. ഇവിടുത്തെ ഉയർന്ന താപനില 46°C ആയി ഉയർന്നു. ഇത് അമ്പത് വരെ എത്തുകയും ചെയ്തു. അന്തരീക്ഷ ഈർപ്പം വെറും 8 ശതമാനമായി കുറഞ്ഞതോടെ വരണ്ട കാറ്റും കഠിനമായ ഉഷ്ണവുമാണ് നഗരത്തിൽ അനുഭവപ്പെടുന്നത്. വരും ദിവസങ്ങളിൽ താപനില ഇനിയും ഉയർന്നേക്കാമെന്നാണ് റിപ്പോർട്ടുകൾ.
മദീനയിൽ താപനില 41°C
മദീന നഗരത്തിലും ചൂട് കനക്കുകയാണ്. ഇന്ന് മദീനയിൽ രേഖപ്പെടുത്തിയ ഉയർന്ന താപനില 41°C ആണ്. വായുവിൽ ഈർപ്പത്തിന്റെ അളവ് 7 ശതമാനമായി താഴ്ന്നതോടെ അതികഠിനമായ ചൂടാണ് തീർത്ഥാടകരും ജനങ്ങളും നേരിടുന്നത്. രാത്രികാലങ്ങളിൽ താപനില 28°C ലേക്ക് താഴുമെങ്കിലും പകൽ സമയങ്ങളിൽ സൂര്യപ്രകാശം നേരിട്ടേൽക്കുന്നത് ഒഴിവാക്കണമെന്ന് നിർദ്ദേശമുണ്ട്.
തീരദേശ നഗരമായ ജിദ്ദയിൽ 38°C
ചെങ്കടൽ തീരത്തെ പ്രവേശന കവാടമായ ജിദ്ദയിൽ ഉയർന്ന താപനില 38°C ആണ് രേഖപ്പെടുത്തിയത്. എന്നാൽ അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ സാന്നിധ്യം കാരണം ജനങ്ങൾക്ക് അനുഭവപ്പെടുന്ന ചൂട് 40°C-നും മുകളിലാണ്. 11 മൈൽ വേഗതയിൽ പടിഞ്ഞാറൻ ദിശയിൽ നിന്നുള്ള കാറ്റ് വീശുന്നുണ്ടെങ്കിലും നഗരത്തിൽ ഉഷ്ണാവസ്ഥ തുടരുകയാണ്.
മുൻകരുതൽ നിർദ്ദേശങ്ങൾ
തീർത്ഥാടകരും പൊതുജനങ്ങളും നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ കുടകൾ ഉപയോഗിക്കണമെന്നും, നിർജ്ജലീകരണം ഒഴിവാക്കാൻ ദാഹം തോന്നിയില്ലെങ്കിൽ പോലും കൃത്യമായ ഇടവേളകളിൽ ധാരാളം വെള്ളം കുടിക്കണമെന്നും ആരോഗ്യ മന്ത്രാലയവും ദുരന്തനിവാരണ അതോറിറ്റികളും കർശന നിർദ്ദേശം നൽകി. ഹജ് വോളന്റിയർമാരും അധികൃതരും തീർത്ഥാടകർക്കായി തണലുകളും മിസ്റ്റിങ് സംവിധാനങ്ങളും വിപുലമാക്കിക്കൊണ്ടിരിക്കുകയാണ്.



