മക്ക – ഇത്തവണത്തെ ഹജ് സീസണില്‍ വിശുദ്ധ ഹറമിലും മസ്ജിദുന്നബവിയിലും വെള്ളിയാഴ്ച ഖുതുബയും നമസ്കാരവും ചുരുക്കാനും ബാങ്കിനും ഇഖാമത്തിനും ഇടയിലെ കാത്തിരിപ്പ് സമയം കുറക്കാനും ഹറം മതകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാന് അല്‍സുദൈസ് ഇരു ഹറമുകളിലെയും ഇമാമുമാരോടും ഖതീബുമാരോടും നിര്‍ദേശിച്ചു. മക്കയിലും മദീനയിലും അനുഭവപ്പെടുന്ന കഠിനമായ ചൂടും തീര്‍ഥാടകരുടെ സാഹചര്യങ്ങളും കണക്കിലെടുത്തും അവരുടെ സുരക്ഷ കാത്തുസൂക്ഷിക്കാനും ലക്ഷ്യമിട്ടാണ് തീരുമാനം. കടുത്ത ചൂടില്‍ വിശ്വാസികള്‍ക്കും തീര്‍ഥാടകര്‍ക്കും ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കാനും കാര്യങ്ങള്‍ എളുപ്പമാക്കാനും ഇത്തരമൊരു ക്രമീകരണം ആവശ്യമാണ്.
തീര്‍ഥാടകരുടെ ഒഴുക്ക് മൂലം ഹറമിലും മസ്ജിദുന്നബവിയിലും കടുത്ത തിരക്കാണ് അനുഭവപ്പെടുന്നത്. ഹജ് സീസണില്‍ ഉയര്‍ന്ന താപനിലാണ് മക്കയിലും മദീനയിലുമുള്ളത്. തീര്‍ഥാടകരെ സൂര്യാഘാതം, ചൂട് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങള്‍, ക്ഷീണം എന്നിവയില്‍ നിന്ന് തടയേണ്ടതും ഒഴിവാക്കേണ്ടതും പ്രാധാനമാണ്. ഇക്കാര്യങ്ങളും വിശ്വാസികരുടെ പൊതുതാല്പര്യം കണക്കിലെടുത്തും ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ഇല്ലാതാക്കാനും കാര്യങ്ങള്‍ സുഗമമാക്കാനും ശ്രമിച്ചാണ് ഇരു ഹറമുകളിലും ജുമുഅ ഖുതുബ, നമസ്കാര സമയം ചുരുക്കാന്‍ തീരുമാനിച്ചത്. ഇതു പ്രകാരം എല്ലാ നമസ്കാരങ്ങളിലും ബാങ്കിനും ഇഖാമത്തിനും ഇടയിലുള്ള കാത്തിരിപ്പ് സമയം അഞ്ചു മുതല്‍ പത്തു മിനിറ്റ് വരെയായി കുറക്കണം. വെള്ളിയാഴ്ച ഖുതുബയും നമസ്കാരവും കൂടി 15 മിനിറ്റില്‍ കവിയാനും പാടില്ലെന്ന് ശൈഖ് ഡോ. അബ്ദുറഹ്മാന് അല്‍സുദൈസ് നിര്‍ദേശിച്ചു.
ഇരു ഹറമുകളിലേക്കും ഒഴുകിയെത്തുന്ന ദശലക്ഷക്കണക്കിന് തീര്‍ഥാടകരുടെ അവസ്ഥ മുഖവിലക്കെടുത്തും മതാഫിലും ടെറസ്സിലും മുറ്റങ്ങളിലും നമസ്കാരങ്ങളില്‍ പങ്കെടുക്കുന്ന വിശ്വാസികളുടെ സാഹചര്യം കണക്കിലെടുത്തും കഠിനമായ ചൂടില്‍ അവരുടെ സുരക്ഷ നിലനിര്‍ത്താന്‍ ശ്രമിച്ചും ദുര്‍ബലരെയും പ്രായമായവരെയും പ്രത്യേകം പരിഗണിച്ചുമാണ് ബാങ്കിനും ഇഖാമത്തിനുമിടയിലെ കാത്തിരിപ്പ് സമയവും ജുമുഅ ഖുതുബ, നസ്കാര സമയവും കുറക്കാന്‍ ശൈഖ് ഡോ. അബ്ദുറഹ്മാന് അല്‍സുദൈസ് നിര്‍ദേശിച്ചത്.